വീട്ടില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ പുസ്തകമെടുക്കാന്‍ വീട്ടിലേക്ക് തന്നെ മടങ്ങിയ പെണ്‍കുട്ടി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. കോഴിക്കോട് എകരൂരിലാണ് പതിനഞ്ചുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

എകരൂര്‍ തെങ്ങിനി കുന്നുമ്മല്‍ അര്‍ച്ചന(15)യാണ് മരിച്ചത്. ഇന്ന് രാവിലെ അമ്മയുടെ കൂടെ വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി അച്ഛമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. അമ്മ മകളെ ഇവിടെ നിര്‍ത്തി ആശുപത്രി ആവശ്യത്തിനായി കോഴിക്കോടേക്ക് പോയി.

പിന്നാലെ അച്ഛമ്മയോട് ഒരു പുസ്തകം വീട്ടില്‍ ഉണ്ടെന്നും അത് എടുത്ത് വരാമെന്നും പറഞ്ഞ് പെണ്‍കുട്ടിയും വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു.പിന്നീട് പെണ്‍കുട്ടിയെ ഇവര്‍ താമസിക്കുന്ന ഷെഡ് പോലുള്ള വീട്ടില്‍ തീപിടിച്ച് പൊള്ളലേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്.

വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട് തൊഴിലുറപ്പ് ജോലിക്കാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അര്‍ച്ചനയുടെ മൃതദേഹം വീടിനകത്തു നിന്നും കണ്ടെത്തിയത്.