ചൈനയിലോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഒക്കെ പുഴുവിനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുണ്ടെന്ന് പറഞ്ഞാല്‍, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ കേരളത്തില്‍ ഒരു കുടുംബം തങ്ങളുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമായി പുഴുക്കളെ മാറ്റിയിരിക്കുകയാണ് എന്നു പറഞ്ഞാല്‍ നെറ്റി ചുളിക്കുന്നവരാകും അധികവും. രുചിയുടെ പറുദീസയായ കോഴിക്കോട്ടെ ഒരു കുടുംബമാണ് ഈ വ്യത്യസ്തത പരീക്ഷിക്കുന്നത്.

കോഴിക്കോട് സ്വദേശികളായ ഫിറോസ്, ഭാര്യ ജസീല, മൂന്നു വയസുകാരന്‍ മകന്‍ ഷഹബാസ് എന്നിവരാണ് പുഴുവിനെ അകത്താക്കുന്ന മലയാളികള്‍. പൊരിച്ചും കറിവച്ചും സൂപ്പാക്കിയും എങ്ങനെ വേണമെങ്കിലും പുഴുവിനെ കഴിക്കാന്‍ ഇവര്‍ തയ്യാര്‍. മൂന്നു വയസുകാരന്‍ ഷഹബാസാണ് പുഴു ഭക്ഷണത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.

എന്തുകൊണ്ട് പുഴുവിനെ കഴിക്കുന്നുവെന്നു ചോദിച്ചാല്‍ ഫിറോസിന് കൃത്യമായ മറുപടിയുണ്ട്. പുഴുവിലെ പ്രോട്ടീന്‍ സത്ത് തന്നെയാണ് ഒന്നാമത്തെ കാരണം. പലരിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പുഴുവിന്റെ രൂപവും ആകൃതിയുമാണ്. ഒരിക്കല്‍ കഴിച്ചു നോക്കിയാല്‍ പുഴുവിന്റെ രുചി മനസിലാകുമെന്നും ഫിറോസ് പറയുന്നു. ഓട്‌സും ഗോതമ്പും ഉള്‍പ്പെടുന്ന ഭക്ഷണം കൊടുത്താണ് ഈ പുഴുക്കളെ വളര്‍ത്തുന്നത്. മീനെല്ലാം വറുത്തെടുക്കുന്നത് പോലൊണ് പാചകമെങ്കിലും മസാലയൊന്നും ചേര്‍ക്കേണ്ടതില്ലെന്ന് ഇവര്‍ പറയുന്നു.

നിലവില്‍ വളര്‍ത്തുപക്ഷികള്‍ക്ക് ഭക്ഷണമായാണ് ഫിറോസിന്റെ കടയില്‍ നിന്ന് ഇപ്പോള്‍ പുഴുവിനെ കൊണ്ടു പോകുന്നത്. ഒരു പരീക്ഷണത്തിന് വേണ്ടി തുടങ്ങിയ പുഴുകൃഷിയാണ് ഫിറോസിന്റെ ഇപ്പോഴത്തെ ഉപജീവനമാര്‍ഗം. പുഴുകൃഷി അത്ര ജനകീയമായിട്ടില്ലെങ്കിലും ദിനംപ്രതി ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവരുടെ എണ്ണം കൂടുകയാണ്.

വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ആദ്യകാലത്ത് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ ഇവരെല്ലാം പിന്തുണയുമായുണ്ട്. ലോകത്തെവിടെയമുള്ള ഭക്ഷണങ്ങളെ രുചിക്കാനിഷ്ടപ്പെടുന്ന മലയാളികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ് ആകും പുഴു ഫ്രൈയും പുഴു സൂപ്പുമെല്ലാം എന്ന പ്രതീക്ഷയിലാണ് ഫിറോസും കുടുംബവും.