കോഴിക്കോട് നാദാപുരത്തെ റുബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിൽ ഒരു പാക്കറ്റ് മുളകുപോടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ ഏഴു മണിക്കൂര്‍ സൂപ്പർമാർക്കറ്റിലെ ജോലിക്കാർ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചു. നാദാപുരം സ്വദേശിയായ വീട്ടമ്മയെ സൂപ്പർമാർക്കറ്റിലെ ജോലിക്കാർ പൂട്ടിയിട്ട സംഭവത്തിൽ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവർ അറസ്റ്റിലായി.
ബുധനാഴ്ചയാണ് വീട്ടമ്മയ്ക്ക് ദുരനുഭവമുണ്ടായത്. ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നാരോപിച്ചായിരുന്നു പീഡനം. ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ ആരോപിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെ പുറകിലെ മുറിയില്‍ വെച്ചാണ് രണ്ട് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത്. പലതവണയായി ബില്ലില്‍ ഇല്ലാത്ത സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് എഴുതി നല്‍കാന്‍ വീട്ടമ്മയോട് ഇവര്‍ ആവശ്യപ്പെട്ടു, കൂടാതെ വീട്ടമ്മയുടെ ഫോട്ടോ എടുക്കുകയും ഒച്ചവെച്ച് ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. രാവിലൈ മാര്‍ക്കറ്റില്‍ സാധനം വാങ്ങിക്കാനായി എത്തിയ ഇവരെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് പുറത്തുവിട്ടത്. ഇത് സംബന്ധിച്ച വാർത്ത ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്.
വീട്ടമ്മയുടെ വാക്കുകൾ ഇങ്ങനെ…
പയറും കടലും ഉള്ളിയും പച്ചക്കറിയും. അതിന്‍റെ കൂടെ കുറച്ച് മുളകും വാങ്ങി. അത് ബില്ലാക്കി ഇറങ്ങുന്നതിനിടെ രണ്ട് പേര് എന്നെ വന്ന് വിളിച്ചിട്ട് ഇങ്ങോട്ട് വരാൻ പറഞ്ഞു. എന്നിട്ട് പറഞ്ഞു. നിങ്ങള് മുളക് ബില്ലാക്കിയിട്ടില്ലല്ലോ എന്ന്. നിങ്ങള് ഉള്ളിലേക്ക് വരണം. ഉള്ളിലെ ക്യാമറയില് കണ്ടിട്ട് വന്നതാണെന്ന് പറഞ്ഞ് അവരെന്നെ അകത്തേക്ക് വിളിച്ച് കൊണ്ട് പോയി. അവരെന്‍റെ ബാഗും ഫോണും വാങ്ങി വച്ചു. ആളില്ലാത്ത മുറിയിൽ അവര് പിടിച്ച് വച്ചു. എന്നിട്ട് അവര് എനിക്ക് ഒരു വെള്ളപ്പേപ്പറും പേനയും തന്നു. എന്നിട്ട് പറഞ്ഞു. ‘നിങ്ങളീ പേപ്പറില് എഴുതണം. ഞാൻ പല തവണയായി ബില്ലില്ലാതെ സാധനങ്ങള് ഇവിടെ നിന്ന് എടുത്തു’ എന്ന്.
ഞാൻ പറഞ്ഞു, ഞാനങ്ങനെ എഴുതില്ലെന്ന്. ഇതൊരു അമ്പത് ഉറുപ്യേടെ സാധനമാണ്. അത് എനിക്ക് എടുത്ത് കൊണ്ടുപോകണ്ട കാര്യമില്ല. നിങ്ങള് ക്യാമറ നോക്ക്, എന്നിട്ട് അതിലെന്താ ഉള്ളതെന്ന് പറ. അല്ലെങ്കിൽ എനിക്ക് കാണിച്ച് തരൂ. അതല്ലെങ്കിൽ എന്‍റെ ഫോൺ തരൂ. പൊലീസിനെ വിളിക്കൂ. അല്ലെങ്കിൽ ഞാൻ തന്നെ വിളിക്കാം എന്ന് പറഞ്ഞു. അവരെന്‍റെ ഫോൺ വാങ്ങി വച്ചു. എന്നിട്ട് എന്‍റെ ഫോട്ടോ മൊബൈലിലെടുത്തു. ഇത് ഇപ്പോ സമ്മതിച്ചില്ലെങ്കി, ഇവിടെ എഴുതി ഒപ്പിട്ടില്ലെങ്കി മിനിറ്റുകൾക്കകം ഇവൾ കള്ളിയാ എന്ന് പറഞ്ഞ് ഫേസ്ബുക്കിലും വാട്സാപ്പിലുമിടും എന്ന് പറഞ്ഞു. ബഹളം വച്ചാ ഒരുമിനിറ്റ് കൊണ്ട് ലോകം മുഴുവൻ ഇത് അറിയും.
ഞാൻ പേടിച്ച് പോയി. വാ പൊത്തി അവിടെ നിന്നു. എന്നിട്ട് ഇത്തിരി വെള്ളം ചോദിച്ചു ഞാൻ. രാവിലെ ചായയൊന്നും കഴിക്കാതെ വന്നതാ. ഞാൻ തൈറോയ്‍ഡിന്‍റെ ഗുളിക കുടിക്കുന്നതാ. ഇത്തിരി വെള്ളം വേണം എന്ന് ചോദിച്ചു. അതല്ലെങ്കിൽ എന്‍റെ വീട്ടുകാരെ വിളിക്ക്യെങ്കിലും ചെയ്യോന്ന് ചോദിച്ചു. അപ്പോ നിന്നെ ഇവിടെ സൽക്കരിക്കാനല്ല വിളിച്ചത് എന്നാ സമദ് എന്നയാള് പറഞ്ഞത്. അതല്ലെങ്കി നമുക്ക് വീട്ടിപ്പോയി വെള്ളം കുടിക്കാ, അവിടെയിപ്പോ ആരുമില്ലല്ലോ, കുട്ടികളൊക്കെ സ്കൂളിൽപ്പോയില്ലേ, അവിടേക്ക് പോയാ പിന്നെ കാര്യങ്ങള് എളുപ്പല്ലേന്ന് പറഞ്ഞു. എനിക്ക് തലചുറ്റി. വയ്യാണ്ട് വന്ന് ഞാനവിടെ വീണു. അപ്പോ അയാള് വന്ന് എന്നെ ചവിട്ടി. പേടിയായിട്ടാ മിണ്ടാതെ നിന്നത് വീട്ടമ്മ പറഞ്ഞു.
സംഭവത്തിൽ നാദാപുരം പോലീസ് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അവരെ പിടിച്ചുവച്ചിട്ടില്ലെന്നാണ് സൂപ്പർമാർക്കറ്റ് ഉടമ സമദ് പറയുന്നത്. മോഷണം നടത്തിയെന്ന് മനസ്സിലായപ്പോൾ ഓഫീസിൽ വിളിച്ചിരുത്തുക മാത്രമാണ് ചെയ്തതെന്നും ഭർത്താവ് വരാൻ കാത്തിരുന്നതാണെന്നുമാണ് സൂപ്പർ മാർക്കറ്റുടമയുടെ വാദം.
Leave a Reply