കണ്ണൂര്‍: യാത്രക്കാരെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് ഹൈജാക്ക് ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഗുണ്ടകളാണ് ബസ് ഹൈജാക്ക് ചെയ്തതെന്ന് കര്‍ണാടക പോലീസ് അറിയിച്ചു.

സിനിമ കഥകളെ വെല്ലുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. നിറയെ യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന ലാമ ട്രാവല്‍സ് ബസാണ് ഹൈജാക്ക് ചെയ്തത്.

ബംഗളൂരുവില്‍ നിന്നും രാത്രി ഒന്‍പതു മുപ്പതിന് ബസ് പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘം ബസ് തടഞ്ഞു നിര്‍ത്തി.

അക്രമികളില്‍ ഒരാള്‍ പോലീസ് വേഷം ധരിച്ചിരുന്നു. ബസ് ഡ്രൈവറെ പിടിച്ചു താഴെ ഇറക്കി അക്രമികളില്‍ ഒരാള്‍ ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ഊട് വഴികളിലൂടെ സഞ്ചരിച്ചു ഒറ്റപ്പെട്ട സ്ഥലത്തുള്ള ഗോഡൗണില്‍ ബസ് എത്തിച്ചു. ആരെയും ഫോണ്‍ വിളിക്കരുതെന്നും പോലീസിനെ അറിയിക്കരുതെന്നും പറഞ്ഞു യാത്രക്കാരെ ഭീഷണിപ്പെടുത്തി.

എന്നാല്‍ ചില യാത്രക്കാര്‍ തന്ത്രപരമായി പോലീസിനെ വിവരം അറിയിച്ചു. വൈകാതെ രാജ രാജേശ്വരി നഗര്‍ പോലീസ് സ്ഥലത്ത് എത്തി ബസ്സും യാത്രക്കാരെയും മോചിപ്പിച്ചു. ഗുണ്ടകളെ അറസ്റ്റ് ചെയ്തു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് ബസ് വിട്ടയച്ചത്.

സ്വകാര്യ ധനകാര്യ സ്ഥാപനം നല്‍കിയ വായ്പ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ബസ് ഹൈജാക്ക് ചെയ്യുന്നതില്‍ കലാശിച്ചത്.

ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്ന രാത്രി ബസ്സുകള്‍ അക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നത് നിത്യ സംഭവം ആയിരിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബസ് ഹൈജാക്ക് ചെയ്ത സംഭവം.