കേരള പ്രാദേശിക കോൺഗ്രസ്സ് കമ്മിറ്റി (കെപിസിസി)യിൽ പുനഃസംഘടന നടപ്പാക്കി. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് പേരെ കൂടി ഉള്‍പ്പെടുത്തിയാണ് എഐസിസി നേതൃത്വം പുതിയ പട്ടിക പുറത്തിറക്കിയത്. രാജ്മോഹൻ ഉണ്ണിത്താൻ, വികെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എകെ മണി, സിപി മുഹമ്മദ് എന്നിവർ പുതിയ അംഗങ്ങളായി രാഷ്ട്രീയകാര്യ സമിതിയിൽ എത്തി . നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് ഈ തീരുമാനം പുറത്ത് വന്നത്.
13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ സംഘടനാ ജനറൽ സെക്രട്ടറി എം. ലിജുവിനെ വൈസ് പ്രസിഡന്‍റാക്കി ഉയർത്തിയപ്പോൾ, തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ പലോട് രവിയും വൈസ് പ്രസിഡന്‍റായായി നിയമിക്കപ്പെട്ടു. വി.എ. നാരായണനെ കെപിസിസി ട്രഷററായി നിയമിച്ചു. വെള്ളാപ്പള്ളി നടേശനുമായി അടുപ്പമുള്ള ഡി. സുഗതനും വൈസ് പ്രസിഡന്‍റുമാരിൽ ഒരാളായി. ചില നേതാക്കളെ ഭാരവാഹിത്വങ്ങളിൽ നിന്ന് ഒഴിവാക്കിയതും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയതുമാണ് ശ്രദ്ധേയമായത്.
ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ സന്ദീപ് വാര്യർ, അനിൽ അക്കര, കെ.എസ്. ശബരിനാഥൻ, ജ്യോതി കുമാർ ചാമക്കാല, ഹക്കീം കുന്നിൽ തുടങ്ങി നിരവധി പേര്‍ ഇടം നേടി. മുൻ കോട്ടയം ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പിനെയും പിന്നീട് ജനറൽ സെക്രട്ടറിയായി ഉൾപ്പെടുത്തിയതായി കെപിസിസി അധ്യക്ഷൻ അറിയിച്ചു. ആദ്യ പട്ടികയിൽ ജോഷിയുടെ പേര് ഒഴിവായത് ക്ലറിക്കൽ പിഴവാണെന്ന വിശദീകരണവും നല്‍കി. വിപുലമായ ഈ പുന:സംഘടനയിലൂടെ വിവിധ ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
Leave a Reply