തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. കവടിയാർ വാർഡിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം. ശബരീനാഥന്റെ സ്വദേശമായ ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത കവടിയാറിൽ നിന്ന് മത്സരിക്കാൻ തീരുമാനമായത്.
ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥിത്വം അന്തിമമായി തീരുമാനിച്ചത്. മുതിർന്ന നേതാക്കളെ കോർപ്പറേഷൻ പോരാട്ടത്തിലിറക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരീനാഥനെ മുന്നണിയിൽ എത്തിക്കുന്നത്. അതേസമയം, ഈ നീക്കം പാർട്ടിയുടെ നിലപാടിനും നഗരത്തിലെ സംഘടനാ ശക്തിക്കുമൊത്ത് കൂടുതൽ പ്രചോദനം നൽകുമെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.
എന്നാൽ, ശബരീനാഥനെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇറക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നൽകാതിരിക്കാൻ വഴിയൊരുക്കാനാണെന്നാരോപണവും ഉയരുന്നുണ്ട്. പാർട്ടിയുടെ ചില വിഭാഗങ്ങൾ ഈ നീക്കം ശബരീനാഥന്റെ രാഷ്ട്രീയ നിലപാടുകൾക്കുള്ള പ്രതികാരമാണെന്നും ആരോപിക്കുന്നു. എന്നാൽ, പാർട്ടി നേതൃത്വം ഇത്തരം ആരോപണങ്ങൾ നിഷേധിച്ച് “കോൺഗ്രസിന്റെ വിജയത്തിനായി മികച്ച സ്ഥാനാർഥിയെ മുന്നോട്ട് നിർത്തുകയാണ്” എന്ന നിലപാടാണ് ആവർത്തിക്കുന്നത്.











Leave a Reply