പതിനൊന്നായിരം രൂപ കുടിശ്ശികയ്ക്ക് പകരം വയനാട്ടില്‍ വയോധികന്റെ മൂന്ന് സെന്റ് സ്ഥലം കെ.എസ്.ഇ.ബി. ജപ്തി ചെയ്തു. തിരുനെല്ലി വില്ലേജിലെ അപ്പപ്പാറ സ്വദേശി തിമ്മപ്പ ചെട്ടിയുടെ ഭൂമിയാണ് ജപ്തി ചെയ്തത്. കെ.എസ്.ഇ.ബി.യുടെ ആവശ്യപ്രകാരം റവന്യൂ വകുപ്പാണ് ജപ്തി ചെയ്യുന്നതായുള്ള നോട്ടീസ് അയച്ചിരിക്കുന്നത്.

വയോധികരും രോഗികളുമായ തിമ്മപ്പയും ഭാര്യ അമ്മിണിയുമാണ് ഇവിടെ താമസം. മാനന്തവാടി തഹസില്‍ദാരില്‍നിന്നുള്ള ജപ്തി നോട്ടീസാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ആകെ ഒമ്പതുസെന്റ് സ്ഥലവും അടുത്തിടെ ലൈഫ് മിഷനില്‍നിന്ന് അനുവദിച്ചുകിട്ടിയ വീടുമാണ് തിമ്മപ്പയ്ക്ക് സ്വന്തമായി ഉള്ളത്.

പഴയ വീട്ടില്‍ താമസിച്ചിരുന്ന സമയത്താണ് ബില്‍ കുടിശ്ശിക വരുത്തിയത്. ആ വീട് പിന്നീട് പൊളിഞ്ഞുവീണു. അന്ന് വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിരുന്നു. പത്തൊന്‍പതിനായിരത്തിനടുത്ത് തുക കെട്ടാനാണ് അന്ന് പറഞ്ഞിരുന്നത്. അതിനുശേഷം വൈദ്യുതി കണക്ഷണ്‍ ലഭിച്ചപ്പോള്‍ ഓരോ ബില്ലിലും പലിശ കാണിച്ചിരുന്നു. അന്നുമുതല്‍ പലിശ അടയ്ക്കുന്നുണ്ട്. ഇപ്പോഴും ബില്ലില്‍ പലിശ കാണിക്കുന്നുണ്ട്. 7500 രൂപ ആയിരുന്നു അവസാനം വന്ന ബില്‍. അതില്‍ അയ്യായിരം രൂപയില്‍ കൂടുതല്‍ അടച്ചിട്ടുമുണ്ട്. വില്ലേജിലാണ് പണം അടച്ചിരിക്കുന്നതെന്നും തഹസില്‍ദാരാണ് വില്ലേജിലേക്ക് വിട്ടതെന്നും തിമ്മപ്പ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ പലിശ എന്നു പറഞ്ഞാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. 18 ശതമാനമാണ് പലിശ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ജൂണ്‍ 16-നാണ് തഹസില്‍ദാര്‍ ഒപ്പിട്ട ജപ്തി നോട്ടീസ് തിമ്മപ്പയ്ക്ക് ലഭിക്കുന്നത്. രണ്ട് നോട്ടീസുകളാണ് വന്നത്. മൂന്ന് സെന്റ് ഭൂമി ജപ്തി ചെയ്തതായും മൂന്നു മാസത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ ഭൂമി നഷ്ടമാകുമെന്നും നോട്ടീസില്‍ പറയുന്നു. രണ്ടാമത്തെ നോട്ടീസില്‍ പറയുന്നത് ഏഴു ദിവസത്തിനകം അടച്ചില്ലെങ്കില്‍ ജപ്തിക്കുവേണ്ടിയുള്ള ലേല നടപടികള്‍ നടപ്പിലാക്കുമെന്നാണ്. ഒരേ തിയ്യതിയില്‍ത്തന്നെ വന്നിരിക്കുന്ന രണ്ട് നോട്ടീസുകളാണിത്.

രണ്ടുപേര്‍ക്കും ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇവരുടെ വരുമാനമാര്‍ഗ്ഗം. രണ്ടു പതിറ്റാണ്ടിലേറെയായി രോഗികളാണ് ഇരുവരും. ജപ്തി നടപടിക്കുമുമ്പ് കെ.എസ്.ഇ.ബി.യില്‍നിന്നോ താലൂക്കില്‍നിന്നോ തനിക്ക് മറ്റൊരു വിവരവും തന്നിരുന്നില്ലെന്നും തിമ്മപ്പ പറയുന്നു.