കൊല്ലം കെട്ടിയം ഇത്തിക്കരയിൽ കെ.എസ്.ആർ.ടി.സി ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. പതിനാലു പേർക്ക് പരുക്കേറ്റു.രണ്ടു പേരുടെ നില ഗുരുതരമാണ്. കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് സി.സി.ടി.വി.ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.
ദേശീയപാത അറുപത്തിയാറിൽ ഇത്തിക്കര പാലത്തിന് സമീപം പുലർച്ചെ ആറരയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി എക്സ്പ്രസ് ബസും എറണാകുളം ഭാഗത്തേക്ക് ചരക്കുമായി വന്ന ലോറിയുമാണ് അപകത്തിൽപ്പെട്ടത്.
കെ.എസ്.ആർ.ടി.സി താമരശേരി ഡിപ്പോയിലെ ഡ്രൈവർ കള്ളിപ്പുറത്ത് വീട്ടിൽ അബ്ദുൽ അസീസ് ,കണ്ടക്ടർ മൈക്കാവ് തെക്കേപുത്തൻപുരയ്ക്കൽ വീട്ടിൽ ടി.പി.സുബാഷ്,ലോറി ഡ്രൈവർ തമിഴ്നാട് ചെങ്കോട്ട സ്വദേശി ഗണേഷൻ എന്നിവരാണ് മരിച്ചത്. ബസ് യാത്രക്കാരായ പതിനാലുപേർക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.
അപകത്തിൽ ബസിന്റെയും ലോറിയുടെയും മുൻഭാഗം പൂർണമായും തകർന്നു. പരുക്കേറ്റവർ കൊല്ലത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരെ മന്ത്രിമാരായ എ.കെ.ശശീന്ദ്രനും ജെ.മേഴ്സിക്കുട്ടിയമ്മയും കെ.എസ്.ആർ.ടി.സി.എംഡി ടോമിൻ ജെ.തച്ചങ്കരിയും സന്ദർശിച്ചു.
Leave a Reply