ആലപ്പുഴ: കെ.എസ്.ആര്.ടി.സി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ദേശീയ പാതയില്‍ മരാരികുളത്തിന് സമീപത്താണ് അപകടം നടന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിജയകുമാര്‍(30), വിനീഷ് (30), പ്രസന്ന(48) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ട്രാവലറില്‍ 14 ഓളം പേരുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയുള്‍പ്പെടെ 11 പേര് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെ.എസ്.ആര്.ടി.സി യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
കൊല്ലപ്പെട്ട വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് പോലീസ് നല്കുന്ന സൂചന. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലര്‍ നെടുകെ പിളര്‍ന്നിരുന്നു. ട്രാവലറിലുള്ളവരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ടെമ്പോയ്ക്ക് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ടെമ്പോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നതിനാല്‍ യാത്രക്കാരെ ബോഡി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വീനീഷ് ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്താനായില്ല. ടെമ്പോയിലുണ്ടായിരുന്നവരുടെ വ്യക്തി വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല.
Leave a Reply