തിരുവനന്തപുരം: കെസ്ആര്‍ടിസി ബസിന്റെ ഈ കട്ട ആരാധികയുടെ പേരാണ് റോസ്മി. നേരത്തെ ചങ്കായ കെഎസ്ആര്‍ടിസി ബസിനെ തിരികെയെത്തിച്ച ഫോണ്‍കോളിന്റെ ഉടമയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒറ്റ ഫോണ്‍കോളിലൂടെ താരമായ റോസ്മി ഇന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ സന്ദര്‍ശിച്ചു.

ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ ഡിപ്പോയിലേക്ക് വിളിച്ചതാണ് റോസ്മിയെ താരമാക്കിയത്. ആരാധികയുടെ അപേക്ഷ പരിഗണിച്ച് അധികൃതര്‍ ചങ്ക് ബസിനെ തിരികെ കൊണ്ടുവരികയും ചെയ്തു. റോസ്മി ഡിപ്പോയിലേക്ക് വിളിച്ച ഫോണ്‍കോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫോണ്‍കോള്‍ ഇത്രയധികം വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. സ്ഥിരം വീട്ടിലേക്ക് പോകുന്ന ബസ് നഷ്ടപ്പെട്ടാലോയെന്ന ഭയം മൂലമാണ് താന്‍ ഡിപ്പോയിലേക്ക് വിളിച്ചതെന്നും റോസ്മി പറഞ്ഞു. ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത് ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ’ റോസ്മിയുടെ ഈ വാക്കുകളാണ് ചങ്ക് ബസിനെ തിരികെയെത്തിച്ചത്.

ഇപ്പോള്‍ ബസ് തിരികെ ഈരാറ്റുപേട്ടയിലെത്തി എന്നുമാത്രമല്ല ചങ്ക് എന്ന് പേരും നല്‍കിയിട്ടുണ്ട്. ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ പേരുമാറ്റം. കോട്ടയത്ത് പഠിക്കുന്ന റോസ്മി ഈ ബസിലെ സ്ഥിരം യാത്രക്കാരിയാണ്. ഒരു ദിവസം ബസ് പിന്‍വലിച്ചതറിഞ്ഞ് കെസ്ആര്‍ടിസി ഡിപ്പോയിലേക്ക് വിളിച്ച ആരാധികയുടെ സങ്കടം ബോധിപ്പിക്കുകയായിരുന്നു. സ്വന്തം പേര് പോലും വെളിപ്പെടുത്താതെ നടത്തിയ സംഭാഷണത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അധികൃതരും വ്യക്തമാക്കി.