എറണാകുളം: ഓക്സിജൻ ടാങ്കറുകളുടെ സാരഥ്യം ഏറ്റെടുക്കാൻ സന്നദ്ധരായി കെഎസ്ആർടിസി ഡ്രൈവർമാർ. ഡ്രൈവർമാരുടെ കുറവു കാരണം ദ്രവീകൃത ഓക്സിജന്റെ വിതരണം താളം തെറ്റാതിരിക്കാനാണ് പുതിയ ക്രമീകരണം. സ്വമേധയാ തയ്യാറായ ഡ്രൈവർമാർക്ക് എറണാകുളത്ത് മോട്ടോർ വാഹനവകുപ്പ് രണ്ടു ദിവസത്തെ പരിശീലനം നൽകും. ഇതിനു ശേഷം ഇവരെ ഓക്സിജൻ ടാങ്കറുകളിൽ നിയോഗിക്കും.

പാലക്കാട് ഡിപ്പോയിൽ നിന്നും 35 ഉം എറണാകുളത്തു നിന്നും 25 ഡ്രൈവർമാർക്കുമാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ഇവരെ ഓക്സിജൻ നീക്കത്തിന് ഉപയോഗിക്കാനാകും. ദ്രവീകൃത ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നത് ഡ്രൈവർമാരുടെ കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് കെഎസ്ആർടിസിയുടെ സഹായം തേടിയത്.

പാലക്കാട് കഞ്ചിക്കോടാണ് പ്രധാന പ്ലാന്റുള്ളത്. ഇവിടെനിന്നും ദ്രവീകൃത ക്രയോജനിക് ടാങ്കറുകൾ സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലേക്ക് എത്തിക്കേണ്ടതുണ്ട്. ടാങ്കറിൽ കൊണ്ടു വരുന്ന ഓക്സിജൻ ആശുപത്രികളുടെ ടാങ്കുകളിലേക്ക് നിശ്ചിത മർദ്ദത്തിൽ പകർത്തണം. ഇതിനാവശ്യമായ പരിശീലനവും ഡ്രൈവർമാർക്ക് നൽകും.

അടിയന്തര സാഹചര്യം വന്നതോടെ കമ്പനിയുടെ ഡ്രൈവർമാർ വിശ്രമമില്ലാതെ ടാങ്കറുകൾ ഓടിച്ചു കൊണ്ടിരിക്കുകയാണ്. ഓക്സിജൻ നിറച്ച ടാങ്കറുകൾ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടിക്കാൻ കഴിയില്ല. അതിനാൽ ലോഡ് ഇറക്കിയതിനു ശേഷം ടാങ്കറുകൾ പരമാവധി വേഗതയിൽ തിരിച്ചെത്തിക്കുകയാണ്. പ്ലാന്റിൽ നിന്നും വീണ്ടും ഓക്സിജൻ നിറച്ച് അടുത്തൊരു സ്ഥലത്തേക്ക് ഉടൻ എത്തിക്കേണ്ടി വരുന്നുണ്ട്. നിലവിലെ അവസ്ഥയിൽ പരിഭ്രാന്തിക്ക് വകയില്ലെങ്കിലും ഈ ക്രമീകരണം താളം തെറ്റിയാൽ അപകട സാധ്യതയുണ്ട്. ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഓക്സിജൻ കിട്ടാത്ത അവസ്ഥയുണ്ടാകും. ഇതൊഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ആരോഗ്യവകുപ്പ്, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും കെഎസ്ആർടിസി ഡ്രൈവർമാരെ നൽകുന്നുണ്ട്. ബസുകൾ ഓടിക്കാത്തിനാൽ ഡ്രൈവർമാരെ നിയോഗിക്കാനാകും. ആംബുലൻസ് ഡ്രൈവർമാർക്ക് പകരമായും കോർപ്പറേഷൻ ഡ്രൈവർമാർ ചുമതലയേറ്റിട്ടുണ്ട്.

30 ക്രയോജനിക് ടാങ്കറുകളാണ് സംസ്ഥാനത്തുള്ളത്. ഉത്തരേന്ത്യൻ കമ്പനി ഉപയോഗിക്കാതിട്ടിരുന്ന മൂന്ന് ടാങ്കറുകൾ മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഇവ ഉപയോഗിക്കാൻ കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു.