തമിഴ്‌നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവര്‍ മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍. 2018-ല്‍ എറണാകുളം-ബാംഗ്‌ളൂര്‍ യാത്രക്കിടയില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കള്‍ വരുന്നതുവരെ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതിന് അന്നത്തെ കെ.എസ്.ആര്‍.ടി.സി സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ നിന്ന് അഭിനന്ദന കത്ത് വാങ്ങിയവരാണ് ഗിരീഷും ബൈജുവും . എറണാകുളം സ്വദേശികളാണ് ഇരുവരും. ബൈജു പിറവംകാരനും ഗിരീഷ് പെരുമ്പാവൂരുകാരനുമാണ്.

2018 ജൂണിലാണ് സംഭവം. യാത്രക്കിടെ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടൊ എന്ന് ബസ് ജീവനക്കാരോട് ചോദിച്ചു എന്താണ് കാര്യമെന്ന അന്വേഷിച്ചപ്പോഴാണ് തൃശ്ശൂരില്‍ നിന്ന് കയറിയ കവിത വാര്യര്‍ എന്ന യാത്രക്കാരിക്ക് അപസ്മാരം വന്നതായി അയാള്‍ അറിയിക്കുന്നത്.

താക്കോല്‍ നല്‍കിയെങ്കിലും കുറവൊന്നും കാണാതായതോടെ ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരുമെന്ന് യാത്രക്കാര്‍ ബസ് ജീവനക്കാരെ അറിയിച്ചു. ഹൊസൂരെത്തിയ ബസ് പിന്നെ ഓടിയത് ജനനി ഹോസ്പിറ്റലിലേക്കാണ്. കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം മുന്‍കൂറായി കെട്ടിവെക്കണമായിരുന്നു. ജീവനാണ് വലുതെന്ന് മനസ്സിലാക്കിയ ഇരുവരും മേല്‍ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങി പണം കെട്ടിവെച്ചു. രോഗിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ കൂടെ ഒരാള്‍ നില്‍ക്കണമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബൈജുവാണ് ബന്ധുക്കളെത്തും വരെ കവിതക്ക് കൂട്ടുനിന്നത്. ബസിലെ മറ്റു യാത്രക്കാരുമായി ഗിരീഷ് ബെംഗളുരുവിലേക്ക് പുറപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് കവിതയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തുന്നതും ഡിസ്ചാര്‍ജ് വാങ്ങുന്നതും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

പിറ്റേന്ന് യാത്രക്കാരിയുടെ ജീവന് കരുതലേകിയ കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു. തുടര്‍ന്ന് ഇവരെ തേടി അന്നത്തെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ തച്ചങ്കരിയുടെ അഭിനന്ദനക്കത്തും എത്തി.

എറണാകുളം- ബെംഗളുരു സ്ഥിരയാത്രക്കാര്‍ക്ക് പരിചിതരാണ് ഇരുവരും. പ്രളയകാലത്ത് ബെംഗളുരുവിലെ മലയാളികള്‍ക്ക് സഹായമെത്തിക്കാനും മുന്നില്‍ തന്നെയുണ്ടായിരുന്നു ഇവര്‍. കെ.എസ്.ആര്‍.ടി.സിയിലെ സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവരായിരുന്നു. ഗിരീഷിന്റെയും ബൈജുവിന്റെയും മരണവാര്‍ത്ത കണ്ണീരോടെയാണ് കേരളം സ്വീകരിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ നന്മമരങ്ങള്‍ ഇനിയില്ല എന്നു ചിന്തിക്കാനാവുന്നില്ലെന്ന് അഭിപ്രായപ്പെടുകയാണ് സോഷ്യല്‍ മീഡിയയും.