തിരുവനന്തപുരം: അഭയ കേസിൽ ആദ്യ അന്വേഷണ ഉദ്യോ​ഗസ്ഥനായിരുന്ന ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ.ടി മൈക്കിളിനെ പ്രതിചേർത്തു. നിർണ്ണായക തെളിവുകൾ നശിപ്പിക്കപ്പെട്ട സംഭവത്തിലാണ് മൈക്കിളിനെ നാലാം പ്രതിയാക്കിയത്. ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിൽ തിരുവനന്തപുരം സിബിഐ കോടതി നിർദേശിച്ചതനുസരിച്ചാണ് നടപടി. സിസ്റ്റർ അഭയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കെ.ടി.മൈക്കിൾ ആണ് ആദ്യം റിപ്പോർട്ട് നൽകിയത്.

അഭയയുടെ ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങളും ഡയറിയുമുൾപ്പെടെയുള്ളവ കോട്ടയം ആർഡിഒ കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഇവ നശിപ്പിക്കപ്പെട്ടു. ഈ സംഭവത്തിൽ ​ഗൂഢാലോചനയുണ്ടെന്ന് കാട്ടിയാണ് ജോമോൻ പുത്തൻപുരയ്ക്കൽ ഹർജി സമർപ്പിച്ചത്. കേസന്വേഷിച്ച ഉദ്യോ​ഗസ്ഥനെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു.

ഈ വിഷയത്തിൽ വിശദമായി വാദം കേട്ട ശേഷമാണ് മൈക്കിളിനെ പ്രതിയാക്കാൻ കോടതി നിർദേശം നൽകിയത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മൈക്കിൾ സമർ‌പ്പിച്ച ഹർജി കോടതി തള്ളുകയും ചെയ്തു. ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരാകാൻ മൈക്കിളിന് നിർ‌ദേശവും നൽകിയിട്ടുണ്ട്.