കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുട്ടികള്‍ക്ക് കുടുംബസമേതം സന്ദര്‍ശിക്കാന്‍ കെ.ടി.ഡി.സി അവസരമൊരുക്കുന്നു. മികച്ച ആനുകൂല്യങ്ങളോടെയാണ് ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കോവളം, തേക്കടി, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്.

പ്രസ്തുത ടൂര്‍ പാക്കേജുകള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കേരളം കാണാന്‍ ഒരു അവസരം ഒരുക്കുന്നതിനായാണ് തയാറാക്കിയിട്ടുള്ളത് എന്ന് കെ.ടി.ഡി.സി മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ ജി എസ് രാജ്മോഹന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തേക്കടിയിലെ കെ.ടി.ഡി.സിയുടെ ബഡ്ജറ്റ് ഹോട്ടലായ പെരിയാര്‍ ഹൗസില്‍ രണ്ട് രാത്രിയും മൂന്ന് പകലും പ്രഭാത ഭക്ഷണവും നികുതികളുമുള്‍പ്പെടെ താമസിക്കുന്നതിന് 3333 രൂപയാണ് ചെലവ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും www.ktdc.com എന്ന വെബ്സൈറ്റിലോ 0471-2316736, 2725213 എന്നീ നമ്പറിലേക്കോ നേരിട്ട് അതാത് ഹോട്ടലിലോ ബന്ധപ്പെടാവുന്നതാണ് എന്ന് പെരിയാര്‍ ഹൗസ് മാനേജര്‍ ശ്രീ മനോജ് കുമാര്‍ മലയാളം യുകെയോട് പറഞ്ഞു.