കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളിയാമ്മ ജോസഫ് പൊലീസ് പിടിയിലായശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയപ്പോൾ അമ്മയെക്കണ്ട് പൊട്ടിക്കരഞ്ഞു. മത്തായിപ്പടിയിലെ പഴയ തറവാട്ടിൽ തെളിവെടുപ്പ് നടത്തിയ ശേഷം കഴിഞ്ഞ ദിവസം 11.40നാണ് ജോളിയെ മാതാപിതാക്കൾ താമസിക്കുന്ന വലിയകണ്ടത്തെ വീട്ടിലെത്തിച്ചത്. ഒട്ടേറെപ്പേരാണ് പ്രതിയെ കാണാൻ പ്രദേശത്ത് തടിച്ചു കൂടിയിരുന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ജോളിയെ കട്ടപ്പനയ്ക്കു കൊണ്ടുവരുന്നതായുള്ള വിവരം പുറത്തറിഞ്ഞത്. പുലർച്ചെ ജോളിയെ എത്തിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും എവിടേക്കാണ് എത്തിക്കുകയെന്ന് വ്യക്തതയുണ്ടായിരുന്നില്ല. അതിനാൽ ജോളിയും കുടുംബവും മുൻപ് താമസിച്ചിരുന്ന കാമാക്ഷി പഞ്ചായത്തിലെ ഏഴാംമൈൽ മത്തായിപ്പടിയിലും മാതാപിതാക്കൾ ഇപ്പോൾ താമസിക്കുന്ന വീടിനു മുന്നിലും അന്വേഷണ സംഘം മുൻപ് പരിശോധന നടത്തിയ കട്ടപ്പനയിലെ ജ്യോത്സ്യന്റെ വീടിനു സമീപവും ആളുകൾ രാവിലെ മുതൽ തമ്പടിച്ചു.
തെളിവെടുപ്പിനായി ഏഴുമണിക്ക് കട്ടപ്പനയിൽ എത്തിയ അന്വേഷണ സംഘം ജോളിയെ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിനാളുകൾ പ്രതിയെ കൂകി വിളിച്ചു. ജോളി ജനിച്ചു വളർന്ന കട്ടപ്പന വാഴവരക്കു സമീപമുള്ള പഴയ കുടുംബ വീട്ടിലാണ് പ്രതിയെ ആദ്യമെത്തിച്ചത്. പിതാവ് കൃഷിയാവശ്യത്തിന് വാങ്ങി സൂക്ഷിച്ചിരുന്ന വിഷം വളർത്തുനായ്ക്കു നൽകിയായിരുന്നു ഇവിടെ വെച്ചു ജോളിയുടെ ആദ്യ കൊലപാതക പരീക്ഷണം.
7 വര്‍ഷം മുമ്പ് വീട്ടിലുണ്ടായിരുന്ന വളര്‍ത്തു നായ പരിചയമുള്ള ബന്ധുക്കള്‍ വീട്ടില്‍ വരുമ്പോള്‍ സ്നേഹം പ്രകടിപ്പിക്കാനായി ദേഹത്തേക്ക് ചാടുമായിരുന്നു. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് ജോളി നായയെ ‘ഡോഗ്കില്‍’ എന്ന വിഷം നല്കി നായയെ കൊന്നത്. വായില്‍നിന്നും മൂക്കില്‍നിന്നും നുരയും പതയും വന്ന്, ഞരമ്പുകള്‍ വരിഞ്ഞുമുറുകിയുള്ള പെട്ടെന്നുള്ള മൃഗീയമരണമാണ് ‘ഡോഗ്കില്‍’ വിഷം കഴിച്ചാലുള്ള അനന്തരഫലം. ഈ വിഷം പിന്നീട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിക്കുകയായിരുന്നു. ഇങ്ങനെ നായ ചത്തതിലൂടെയാണ് ഈ മരുന്ന് മനുഷ്യരിലും പ്രയോഗിക്കാന്‍ ജോളി തീരുമാനിക്കുന്നത്. തുടര്‍ന്ന് വളര്‍ത്തുനായയെ കൊല്ലാനെന്ന വ്യാജേന കോഴിക്കോട് മൃഗാശുപത്രിയില്‍ നിന്ന് ഡോഗ്കില്‍ വാങ്ങി ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത് അന്നമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
വലിയകണ്ടത്തെ കുടുംബവീട്ടിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുത്തു. ജോളിയുടെ മാതാപിതാക്കളുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി. നെടുംകണ്ടത്ത് പ്രീഡിഗ്രിക്ക് പഠിച്ച ജോളിയുടെ വിദ്യാഭ്യാസ രേഖകൾ യഥാർത്ഥമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും, വിഷകുപ്പിയും അടക്കമുള്ള നിർണായക തെളിവുകൾ കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായ പേരാമ്പ്ര സിഐ കെ.കെ.ബിജു, വനിതാ സെൽ എസ്ഐ പത്മിനി, കട്ടപ്പന ഡിവൈഎസ്പി. എൻ.സി.രാജ്മോഹൻ, സിഐ വി.എസ്.അനിൽകുമാർ, എഎസ്ഐമാരായ സുജിത്, അജയൻ, രഞ്ജിത്, എസ്സിപിഒമാരായ രാജേഷ്, റിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് ജോളിയെ തെളിവെടുപ്പിനെത്തിക്കാൻ ഉണ്ടായിരുന്നത്.
Leave a Reply