‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നു ബിജെപിയിൽ ചേരുന്നോ’ അമിത് ഷായ്ക്കു മുൻപിൽ പൊട്ടിത്തെറിച്ച് സിപിഎം എം പി; ആളു തെറ്റി ഷാ, അവര്‍ കമ്മ്യൂണിസ്റ്റാണ്, എംബി രാജേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നു ബിജെപിയിൽ ചേരുന്നോ’ അമിത് ഷായ്ക്കു  മുൻപിൽ പൊട്ടിത്തെറിച്ച് സിപിഎം എം പി;  ആളു തെറ്റി ഷാ, അവര്‍ കമ്മ്യൂണിസ്റ്റാണ്, എംബി രാജേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്
July 19 09:43 2019 Print This Article

പ്രതിപക്ഷ നേതാക്കളെ ബിജെപി ചാക്കിട്ട് പിടിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായില്‍ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി ത്രിപുരയിലെ സിപിഎം എം.പി. ബിജെപിയില്‍ ചേരാനുള്ള ക്ഷണത്തിന് അവര്‍ നല്‍കിയ മറുപടിയും കുറിക്കുകൊള്ളുന്നതായിരുന്നു.
ജര്‍ണാദാസ് ബൈദ്യ. സിപിഎമ്മിന്‍റെ ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗം. ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പാര്‍ലമെന്‍റിലെ ഒാഫീസില്‍വച്ച് കണ്ടത്. എന്നാല്‍ അമിത് ഷായുടെ പ്രതികരണം എന്തായിരുന്നുവെന്ന് ജര്‍ണാദാസ് പറയുന്നതിങ്ങിനെ.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നു. താങ്കള്‍ക്ക് ബിജെപിയില്‍ ചേര്‍ന്നുകൂടെ’യെന്ന് അമിത് ഷാ ചോദിച്ചു. കനലൊരുതരി മതി ബിജെപിയെ നേരിടാനെന്ന ലൈനില്‍ ബൈദ്യയുടെ മറുപടി. താന്‍ നിലപാട് കടുപ്പിച്ചതോടെ അമിത് ഷാ വിഷയം മാറ്റിയെന്ന് ബൈദ്യ. സംഘര്‍ഷസാഹചര്യം നേരിട്ട് കണ്ട് മനസിലാക്കാന്‍ ത്രിപുരയില്‍ എത്തണമെന്ന് ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ഥിച്ചാണ് ബൈദ്യ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.

അമിത് ഷാക്ക് രൂക്ഷമറുപടിയുമായി എംബി രാജേഷ്. രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എംപിയാണ് ഝര്‍ണാദാസ്. തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്. ഝർണാദാസ്‌ അസാമാന്യമായ ധീരതയുള്ള വനിതയാണെന്നും എംബി രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

”അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ്‌ അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും അവർ രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയിൽ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളിൽ അവരുടെ വീടാക്രമിച്ച തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്. “ഞാൻ കാണാൻ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല” എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝർണ ഇത്രയും കൂടി കൂറുമാറാൻ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്.” ഒരു മാർക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും”. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കർണാടകയിലേയും ഗോവയിലേയുമൊക്കെ കോൺഗ്രസ് ജനപ്രതിനിധികൾ അമിത് ഷാ ഒരു വിരൽ ഞൊടിച്ചപ്പോൾ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുൽ രാജിവെച്ച് പോയതും.
പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാർഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝർണക്ക് അഭിവാദ്യങ്ങൾ.
ലാൽസലാം ഝർണാദാസ്”.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles