താനൊരു കടുത്ത ഗാംഗുലി ആരാധകനാണെന്ന് വെളിപ്പെടുത്തി ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ നായകൻ കുമാർ സംഗക്കാര. ഹൃദയത്തിലും തലച്ചോറിലും ക്രിക്കറ്റ് മാത്രമുള്ള താരമാണ് മുൻ ഇന്ത്യൻ നായകനും ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെന്നും സംഗക്കാര പറഞ്ഞു. ഐസിസി അധ്യക്ഷനാകാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ഗാംഗുലിയെന്നും അഭിമുഖത്തിൽ സംഗക്കാര പറഞ്ഞു.
“ക്രിക്കറ്റിന്റെ ഏറ്റവും നല്ലതിനു വേണ്ടി മനസുകൊണ്ട് ആഗ്രഹിക്കുന്ന താരമാണ് ഗാംഗുലി. ഞാൻ ദാദയുടെ കടുത്ത ആരാധകനാണ്. ഐസിസിയെ നയിക്കണമെങ്കിൽ അതിനു പാകമായ ഒരു മാനസികാവസ്ഥ വേണം. ഗാംഗുലിക്ക് അതുണ്ട്. ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗാംഗുലിക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. ക്രിക്കറ്റ് താരമെന്ന നിലയിൽ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങൾ മാത്രം കണക്കിലെടുത്തല്ല ഞാൻ അദ്ദേഹത്തിന്റെ ആരാധകനായത്. ഗാംഗുലിക്ക് മികച്ചൊരു ‘ക്രിക്കറ്റ് തലച്ചോർ’ ഉണ്ട്. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനായത്. മനസുകൊണ്ട് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ആളാണ് അദ്ദേഹം,” സംഗക്കാര പറഞ്ഞു.
“ക്രിക്കറ്റിൽ എല്ലാവരോടും വളരെ സൗഹാര്‍ദ്ദപരമായ ബന്ധം പുലർത്തുന്ന താരമാണ് ഗാംഗുലി. ബിസിസിഐ അധ്യക്ഷനാകുന്നതിനു മുൻപും അദ്ദേഹം അങ്ങനെയാണ്. എല്ലാവരെയും ചേർത്തുനിർത്താനുള്ള അസാമാന്യ കഴിവ് ഗാംഗുലിക്കുണ്ട്. അതുകൊണ്ട് തന്നെ ഗാംഗുലി ഐസിസി അധ്യക്ഷ സ്ഥാനത്തിനു ഏറ്റവും അനുയോജ്യനാണെന്നാണ് എന്റെ അഭിപ്രായം,” സംഗക്കാര പറഞ്ഞു.
ഗാംഗുലി ഐസിസി അധ്യക്ഷനാകണമെന്ന് നേരത്തെയും പല താരങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഗ്രെയിം സ്‌മിത്ത് ഐസിസി അധ്യക്ഷ സ്ഥാനത്തു ഗാംഗുലി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Leave a Reply