തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുതര വിവാദം പൊട്ടിപ്പുറപ്പെട്ടു. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ് മാത്രമായിരുന്നുവെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വിവാഹത്തിനായി പൊലീസിന് മുന്നിൽ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ കണ്ടെത്തിയ രേഖകൾ പ്രകാരം 2009 ഡിസംബർ 30-നാണ് പെൺകുട്ടിയുടെ ജനനം.
കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹ സമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമാണുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രായപൂർത്തിയായതായി തെളിയിക്കാൻ വ്യാജ രേഖകൾ നിർമ്മിച്ചുവെന്നാണ് ആരോപണം. മധ്യപ്രദേശ് പൊലീസ് ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ കേസ് എടുത്തിട്ടുണ്ട്. വിഷയത്തിൽ കേരളയും മധ്യപ്രദേശും സംസ്ഥാനങ്ങളിലെ പോലീസ് മേധാവികൾ ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.
വിവാഹത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്ന സിപിഎം നേതാക്കൾ ഇപ്പോൾ വിവാദത്തിൽപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എംപി എ എ റഹീം എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്ന് “യഥാർത്ഥ കേരള കഥ” എന്ന് വിശേഷിപ്പിച്ച വിവാഹം പോക്സോ കേസായതോടെ നേതാക്കൾ മൗനം പാലിക്കുകയാണ്. വിവാഹ സമയത്ത് ലഭ്യമായ രേഖകളിൽ പെൺകുട്ടി പ്രായപൂർത്തിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പുതിയ കണ്ടെത്തലുകൾ കേസിനെ കൂടുതൽ സങ്കീർണമാക്കുകയാണ്.











Leave a Reply