കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകള്‍ക്കും കൊവിഡ്; കനത്ത ആശങ്കയിൽ രാജ്യം….

കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകള്‍ക്കും കൊവിഡ്; കനത്ത ആശങ്കയിൽ രാജ്യം….
May 03 15:14 2021 Print This Article

മധ്യപ്രദേശില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ഹരിദ്വാറില്‍ നിന്ന് തിരികെയെത്തിയ കുംഭമേളയില്‍ പങ്കെടുത്തവരില്‍ 99 ശതമാനം പേരിലും രോഗം കണ്ടെത്തിയെന്നാണ് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

മധ്യപ്രദേശില്‍ തിരികെയെത്തിയ 61 വിശ്വാസികളില്‍ 60 പേരും കൊവിഡ് പോസിറ്റീവായി. കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ പലരേയും കണ്ടെത്താനായിട്ടില്ലെന്നും ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിദ്വാറിലെ കുംഭമേള കൊവിഡ് സൂപ്പര്‍ സ്‌പ്രെഡര്‍ ആവുമെന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്ക ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്.

വിവിധ സംസ്ഥാനങ്ങളിലും കുംഭമേളയില്‍ പങ്കെടുത്ത വിശ്വാസികള്‍ കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യമാണുള്ളത്. കുംഭമേളയില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതോടെ കുഭമേളയില്‍ നിന്ന് മടങ്ങിയെത്തിയ വിശ്വാസികള്‍ക്ക് കൊവിഡ് ടെസ്റ്റും ക്വാറന്റൈനും കര്‍ശനമാക്കി.

കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് ഡല്‍ഹി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,68,147 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 3,00,732 പേര്‍ക്കാണ് രോഗ മുക്തി. 3,417 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ആകെ കോവിഡ് കേസുകളുടെ എണ്ണം 1,99,25,604 ആയി. ആകെ രോഗ മുക്തര്‍ 16,29,3003. 3,417 പേര്‍ മരിച്ചതോടെ ആകെ മരണം 2,18,959 ആയി. നിലവില്‍ 34,13,642 പേരാണ് ചികിത്സയിലുള്ളത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles