കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ അക്രമികളെ അറസ്റ്റ് ചെയ്തു. കൈനകരി മുട്ടേല്‍ പാലം സ്വദേശികളായ പ്രിന്‍സ്, അഭിലാഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ആലപ്പുഴ കൈനകരിയില്‍ ചിത്രീകരണം നടത്തുകയായിരുന്ന ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് ഞായറാഴ്ച്ച ആക്രമണമുണ്ടായത്. മദ്യ ലഹരിയിലെത്തിയ അഞ്ചംഗ സംഘം ഫിലിം യൂണിറ്റിലെ ജീവനക്കാരെ മര്‍ദ്ദിച്ചതായാണ് പരാതി.
സംഭവത്തിൽ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണസമയത്ത് കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെയുള്ളവര്‍ സെറ്റിലുണ്ടായിരുന്നു.
ഇന്നലെ രാത്രി 8.30-ഓടെ കൈനകരി മുട്ടേല്‍ പാലത്തിന് സമീപമായിരുന്നു സംഭവം. ഷൂട്ടിംഗ് നടക്കുന്നതിനിടയിലെത്തിയ അഞ്ച് അംഗം സംഘം കുഞ്ചാക്കോ ബോബനുമൊത്തുള്ള സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഷൂട്ടിംഗ് കഴിയാതെ ഫോട്ടോ എടുക്കാന്‍ കഴിയില്ലെന്ന് യൂണിറ്റിലെ ജീവനക്കാര്‍ അറിയിച്ചതോടെതോടെ ഇവര്‍ പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും തടഞ്ഞപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്നും യൂണിറ്റ് അംഗങ്ങള്‍ പറയുന്നു.
ഷൂട്ടിംഗ് സാധനസാമഗ്രികള്‍ അടിച്ചു തകര്‍ത്തതിനെ തുടർന്ന് നെടുമുടി പോലീസെത്തി രണ്ട് പേരെ പിടികൂടുകയായിരുന്നു. അക്രമി സംഘത്തിലെ രക്ഷപ്പെട്ട മൂന്ന് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മുട്ടപ്പാലം റോഡില്‍ ഷൂട്ടിംഗ് യൂണിറ്റിന്റെ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്നതായും തങ്ങളുടെ വാഹനം കടന്നു പോകാനായി വണ്ടി മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും യൂണിറ്റംഗങ്ങള്‍ തയ്യാറാകാതെ വന്നതോടെയാണ് പ്രശ്നങ്ങളുണ്ടായതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.
അഞ്ച് ദിവസത്തെ ഷൂട്ടിംഗാണ് കൈനകരിയില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. രണ്ട് ദിവസം പൂര്‍ത്തിയായിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് തത്ക്കാലം ഷൂട്ടിംഗ് നിര്‍ത്തി വച്ചു.
ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുട്ടനാടന്‍ മാര്‍പാപ്പ’. ‘അലമാര’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് ചിത്രത്തില്‍ നായികയായിയെത്തുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കുന്ന ചിത്രത്തിൽ ഇന്നസെന്റ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
Leave a Reply