കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനും മകൻ ഷിബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി 2010ല്‍ കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച പതിനാലുകാരന്റെ കുടുംബം. തന്റെ മകളെ ലക്ഷ്യമിട്ടു വന്ന വിക്ടര്‍ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകളെ വകവരുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു. മകന്‍ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. ഭീഷണി ഭയന്ന് കുണ്ടറയിലെ വീടു വിറ്റ് നാടുവിട്ടു. രാഷ്ട്രീയ നേതൃത്വത്തിനും കുണ്ടറ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുട്ടിയുടെ അമ്മയും സഹോദരിയും ഉന്നയിച്ചത്.
മരിച്ച കുട്ടിയുടെ അമ്മയും സഹോദരിയുടെയും വെളിപ്പെടുത്തൽ ഇങ്ങനെ:

നിന്നെ ലക്ഷ്യമിട്ടാണു വന്നത്, നീ സൂക്ഷിച്ചിരുന്നോ എന്ന് ഷിബു ഭീഷണിപ്പെടുത്തിയിരുന്നുവെന്നു മരിച്ച കുട്ടിയുടെ സഹോദരി പറഞ്ഞു. മകൻ മരിച്ച അന്നും ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തി. നിന്നെ ലക്ഷ്യമിട്ടാണു വന്നത്, കിട്ടിയതു സഹോദരനെയാണ്. നീ കരുതിയിരുന്നോ. ഇനിയും നീ സൂക്ഷിക്കണം. നിന്നെ കണ്ടുകഴിഞ്ഞാൽ ഇനി കുത്തിക്കീറും. ഫോണിലൂടെയും നേരിട്ടു കണ്ടപ്പോഴും ഇതേ രീതിയിലായിരുന്നു പ്രതികരണം. പള്ളയിൽ കത്തി കൊണ്ടുവച്ചിട്ടാണ് ഷിബു ഇങ്ങനെ ഭീഷണിപ്പെടുത്തിയത്.

അവരുടെ കൂടെ വന്ന് അവർ പറയുന്നതു ചെയ്താൽ സാമ്പത്തിക പുരോഗതിയുണ്ടാകുമെന്ന് വിക്ടറിന്റെ ഭാര്യ ലത പറഞ്ഞിരുന്നു. അവർ പറയുന്ന സ്ഥലങ്ങളിൽ, ആളുകളുടെ മുന്നിൽ വരാൻ തയാറാകണം. മാതാപിതാക്കളുടെ അടുത്തോ മറ്റു ബന്ധുക്കളുടെ അടുത്തോ ഇക്കാര്യം പറയരുതെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യം അച്ഛനും അമ്മയും അവരോടു ചോദ്യം ചെയ്തു. ഇതു പിന്നീടു വഴക്കിൽ കലാശിച്ചു.

ജോലി കഴിഞ്ഞു വരുമ്പോൾ പലപ്പോഴും ഷിബു പറഞ്ഞുവിട്ടതെന്നു സംശയിക്കുന്ന ആളുകൾ തന്നോട് അപമര്യാദയായി പെരുമാറാറുണ്ടായിരുന്നു. അവിടെനിന്ന് ഓടി രക്ഷപെടുകയാണു പതിവ്. ഇക്കാര്യത്തിൽ പലതവണ പൊലീസുകാരോടു പരാതിപ്പെട്ടിട്ടുണ്ട്. രണ്ടു കൂട്ടരെയും സ്റ്റേഷനിലേക്കു വിളിപ്പിക്കും. എന്നാല്‍ ചെയ്ത കുറ്റം ഷിബു സമ്മതിച്ചു തരില്ല. അപ്പോൾ‌ അവിടുള്ള പൊലീസുകാർ പറയും ഇയാൾക്ക് ഇപ്പോൾ 18 വയസ് പ്രായമല്ലേ ആയുള്ളു. കല്യാണം ഒക്കെ കഴിഞ്ഞു നല്ല രീതിയിൽ ജീവിക്കാനുള്ള കുട്ടിയാണ്. ഇതിന്റെ പേരിൽ കേസും വഴക്കുമൊക്കെയായി കോടതി കയറിയിറങ്ങേണ്ടി വന്നുകഴിഞ്ഞാൽ ഇയാളുടെ ഭാവിയെ അതു ബാധിക്കും. ഒന്നുമില്ലേലും അയൽക്കാരല്ലേ. പറഞ്ഞുതീർത്താൽ തീരുന്ന പ്രശ്നങ്ങളല്ലേ ഉള്ളൂ എന്നൊക്കെ പറഞ്ഞ് ഒത്തുതീർത്തു വിടുകയാണു പതിവ്.

ഇതിനുശേഷം സ്റ്റേഷനു വെളിയിലിറങ്ങുമ്പോൾ വിക്ടർ വീണ്ടും ഭീഷണിപ്പെടുത്തും. മാനസികരോഗിയാണെന്ന സർട്ടിഫിക്കറ്റ് കയ്യിലുണ്ടെന്നു പറഞ്ഞാണ് വിക്ടറിന്റെ ഭീഷണി. അതുവച്ച് താൻ ഒരുപാടു കേസുകൾ ഉണ്ടാക്കുന്നുണ്ടെന്നും ഇയാൾ പറയുമായിരുന്നു. കുണ്ടറ സ്റ്റേഷനിലെ പൊലീസുകാർ തന്റെയും ഭാര്യയുടെയും അടുത്ത സുഹൃത്തുക്കളാണെന്നാണു വിക്ടർ പറഞ്ഞതെന്നും സഹോദരി വ്യക്തമാക്കി.
ഷിബു വണ്ടി ഇടിപ്പിച്ചതിനെത്തുടർന്ന് പിതാവ് കൊല്ലം ജില്ലാ ആശുപത്രിയിൽ കിടക്കുമ്പോഴാണ് പതിനാലുകാരൻ മരിക്കുന്നത്. വൈകിട്ട് ആശുപത്രിയിൽ അച്ഛനു കൂട്ടുകിടന്നശേഷം മകൻ പകൽ വീട്ടിലുണ്ടായിരുന്നു. താനും മകളും ആശുപത്രിയിലും. അന്നു ഷിബുവും ഒരു ഗുണ്ടയും അവരുടെ വീട്ടിലുണ്ടായിരുന്നു. മുൻപു പലപ്പോഴും കുട്ടിയെ ഷിബു ഭീഷണിപ്പെടുത്തിയിരുന്നു. ‘മുൻപ് പലപ്പോഴും നിന്നെ വെട്ടാനോടിച്ചിട്ടു കിട്ടിയില്ല. നീ കരുതലോടെ ഇരുന്നോ. നിന്റെ പെങ്ങളെ ഞാൻ ഗുണ്ടകളെയുമായി വന്ന് മാനഭംഗപ്പെടുത്തി കൊന്നു കെട്ടിത്തൂക്കും. നീ എതിർക്കുകയാണെങ്കിൽ നിന്റെയും സ്ഥിതി അതാണ്. എണ്ണിക്കോ നിന്റെ കഴുത്തിനുമുകളിൽ തല മൂന്നുദിവസത്തേക്കേ കാണുകയുള്ളൂ’ എന്നൊക്കെ ഷിബു ഭീഷണിപ്പെടുത്തിയിരുന്നു.

ആശുപത്രിയിൽവച്ച് മകനെ ഫോണിൽ വിളിച്ചിട്ട് മറുപടിയില്ലാത്തതുകൊണ്ട് വീട്ടിൽ ചെന്നപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ആരെങ്കിലും വീടു ചവിട്ടിത്തുറക്കണേയെന്നു കരഞ്ഞു പറഞ്ഞപ്പോൾ ഷിബു ആണു കത്തിയുമായി വന്ന് ചവിട്ടിത്തുറന്നത്. അവൻതന്നെ കത്തികൊണ്ട് മകന്റെ ശരീരം ഷോളിൽനിന്ന് അറുത്ത് താഴെയിട്ടു. വണ്ടിവിളിച്ചുപോലുമല്ല കുട്ടിയുടെ മൃതദേഹം കൊണ്ടുപോയത്. സമീപവാസിയായ ഷിനാസിന്റെ തോളിലിട്ട് ബസിലാണ് കൊണ്ടുപോയത്. തൂങ്ങിമരണം ആണെങ്കിൽ വാർഡ് മെമ്പറോ പൊലീസോ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് തയാറാക്കി വേണം മൃതദേഹം ഇറക്കാൻ. മകൻ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടിൽ വന്നത്. ആ ഷോൾ പോലും ഈ 19 ദിവസവും അങ്ങനെ തൂങ്ങിക്കിടക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം കൊല്ലത്തു നടത്തരുതെന്നു താൻ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തു നടത്തണമെന്നാണു പറഞ്ഞത്. എന്നാൽ അവർ പണം കൊടുത്ത് കൊല്ലത്തു തന്നെ പോസ്റ്റ്മോർട്ടം ചെയ്തു.

അന്ന് കമ്യൂണിസ്റ്റ് ഭരണമായിരുന്നു. കമ്യൂണിസ്റ്റുകാർക്കൊപ്പം പല കാര്യങ്ങളിലും ഞാനന്നു സജീവമായി ഇറങ്ങിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സജികുമാർ, മേഴ്സിക്കുട്ടിയമ്മ തുടങ്ങിവരൊക്കെയുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം തിരുവനന്തപുരത്തുമതിയെന്നു താൻ ഇവരോടൊക്കെ കരഞ്ഞുപറഞ്ഞതാണ്. കൊല്ലത്തു ചെയ്യുന്നതിനെന്താ എന്നാണ് ഇവരെന്നോടു തിരിച്ചു ചോദിച്ചത്. യാതൊരു തെളിവും ഉണ്ടാകാതിരിക്കാൻ വേണ്ടി മകന്റെ മൃതദേഹം ദഹിപ്പിക്കുകയാണ് അവർ ചെയ്തത്. അവരുതന്നെ അതിനുള്ള സംവിധാനങ്ങൾ ചെയ്തു. മൃതദേഹവുമായി വന്ന ആംബുലൻസിന്റെ ചെലവൊക്കെ പാർട്ടി തന്നെയാണു വഹിച്ചത്. എന്റെ സങ്കടം അവർ അന്നു കേട്ടിരുന്നെങ്കിൽ ഇന്ന് കുണ്ടറയിൽ പത്തുവയസ്സുകാരിയുടെ മരണം ഉണ്ടാകില്ലായിരുന്നു.

മകന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണമൊന്നും നടത്തിയില്ല. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ പണമുണ്ടെങ്കിൽ ഒപ്പമുണ്ടാകുമെന്ന് സ്റ്റേഷനിലെ എഎസ്ഐ പറഞ്ഞു. പൊന്നു സഹോദരി, തുട്ടുണ്ടോ ഞങ്ങളെല്ലാം ഒപ്പം കാണുമെന്നായിരുന്നു ഈ ഉദ്യോഗസ്ഥന്റെ പ്രതികരണം.

ഭർത്താവിനെ വിക്ടർ പിന്നീടും മമ്മട്ടി കൊണ്ട് അടിച്ചു. ഇതിൽ പരാതി കൊടുത്തു തിരിച്ചെത്തിയപ്പോൾ വഴിയിൽവച്ച് ഷിബുവും വിക്ടറും ഭർത്താവിനെ വീണ്ടും ഉപദ്രവിച്ചു. ഷിബുവിന്റെ കൈയിൽ 10 അടി ദൂരത്തിൽനിന്നു വെടിവയ്ക്കാവുന്ന തോക്കുണ്ടെന്നും വിക്ടർ പറഞ്ഞിരുന്നു. നിരന്തരമായ ഭീഷണി ഭയന്നാണ് കുണ്ടറയിലെ വീടു വിറ്റു പോയത്– അമ്മ കൂട്ടിച്ചേർത്തു.