മലപ്പുറം ഉപതെരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈസി വാക്കോവറായിരിക്കും എന്നാണ് കണക്കുകൂട്ടൽ. എല്ലാ അഭ്യൂഹങ്ങൾക്കും വിട നൽകി ലീഗിൽ ഇന്നുള്ള ഏറ്റവും ശക്തനായ നേതാവിനെ തന്നെ പാർട്ടി സ്ഥാനാർഥിയായും പ്രഖ്യാപിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എന്ന ലീഗുകാരുടെ കുഞ്ഞാപ്പ മലപ്പുറത്തെ അനിഷേധ്യ നേതാവാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പാർട്ടിയുടെ അവസാന വാക്കാണെങ്കിൽ പ്രായോഗിക രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി തന്നെയാണ് കഴിഞ്ഞ കുറച്ച് കാലമായി ലീഗ് നായകൻ.
കുഞ്ഞാലിക്കുട്ടിയുടെ എെസ്ക്രീം പാർലർ കേസും വിവാദങ്ങളുമൊക്കെ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. അദ്ദേഹം പാർട്ടിയിൽ അപ്രമാദിത്വം തെളിയിച്ച് മുന്നോട്ട് വന്നിരുന്ന ഘട്ടത്തിലാണ് വിവാദങ്ങൾ ഉണ്ടായത്. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലുമൊക്കെ ലീഗ് അതിന് നല്ല വില കൊടുക്കേണ്ടി വന്നിരുന്നു. എന്നാൽ ചാരത്തിൽ നിന്ന് ഉയിർത്തെണീക്കുന്ന ഫീനിക്സ് പക്ഷിയെ പോലെയാണ് പിന്നീട് ലീഗ് ഉയിർത്തെണീറ്റത്.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച പാർട്ടി മാനേജ്മെൻറ് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. യുഡിഎഫ് സർക്കാരിൽ അഞ്ച് മന്ത്രിമാരെ വേണമെന്ന് പറയാനും അത് പ്രാവർത്തികമാക്കാനും ലീഗിനായി. കഴിഞ്ഞ യുഡിഎഫ് സർക്കാർ വിവാദങ്ങൾ കൊണ്ട് കുഴങ്ങിയപ്പോഴും അതിൽ കുലുക്കമില്ലാതെ നിന്നത് ലീഗ് മാത്രമാണ്.
എെസ്ക്രീം പാർലർ കേസ് കാരണം മുൻ യുഡിഎഫ് സർക്കാരിൽ നിന്ന് രാജി വെക്കേണ്ടി വന്ന നേതാവായിരുന്നു കുഞ്ഞാലിക്കുട്ടി. എന്നാൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ രണ്ടാമനായി കുഞ്ഞാപ്പ തലുയർത്തി നിന്നു. യുഡിഎഫ് മുന്നണി ബന്ധം വഷളായപ്പോഴൊക്കെ മധ്യസ്ഥൻെറ റോൾ വഹിച്ചതും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു.
ഇ.അഹമ്മദിൻെറ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞടുപ്പ് പ്രഖ്യാപനം വന്നപ്പോൾ തന്നെ സ്ഥാനാർഥിയാവാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് കുഞ്ഞാലിക്കുട്ടിക്ക് തന്നെയായിരുന്നു. ഇ.അഹമ്മദിൻെറ മകൾ ഫൗസിയ ഷെർസാദിൻെറ പേര് മാത്രമാണ് വേറെ പറഞ്ഞു കേട്ടത്. ലീഗ് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ സ്ത്രീകൾ പാർലമെൻറിലേക്ക് മത്സരിക്കുന്ന കീഴ്വഴക്കമില്ലെന്ന് പ്രഖ്യാപിച്ച് ലീഗ് ആ സാധ്യത അവസാനിപ്പിച്ചു.
മലപ്പുറത്തെ ലീഗ് അണികൾക്ക് ഏറ്റവും ആവേശം പകരുന്ന നേതാക്കളിലൊരാളാണ് കുഞ്ഞാലിക്കുട്ടി. കേരളത്തിലെ ഇടതു നേതാക്കളുമായും ഒരു പരിധി വരെ മികച്ച ബന്ധം പുലർത്തുന്നയാളാണ് അദ്ദേഹം. ഇടതുപക്ഷത്തിൻെറയും ബിജെപിയുടെയും സ്ഥാനാർഥി പ്രഖ്യാപനം കൂടിയാണ് ഇനി വരാനുള്ളത്. കുഞ്ഞാലിക്കുട്ടിക്ക് ഇ.അഹമ്മദിനേക്കാൾ എത്ര ഭൂരിപക്ഷം കൂട്ടാനാവുമെന്നത് മാത്രമായിരിക്കും നിലവിൽ ലീഗ് നേതൃത്വത്തിൻെറ മുന്നിലുള്ളത്.