കുഞ്ഞുമൊയ്തീൻ എം

ഓർമ്മകൾ വരികളിലൂടെ അനശ്വരമാക്കാനുള്ള ശ്രമം’ എന്ന ടീച്ചറുടെ ആമുഖവാക്യത്തിൽ നിന്നു തന്നെ ഞാൻ തുടങ്ങട്ടെ . അതെ ആ ശ്രമം വളരെ വിജയകരമായിരിക്കുന്നു. പ്രപഞ്ചത്തിലെ ഏതു കണികയും ടീച്ചറുടെ രചനക്ക് അസംസ്കൃത വസ്തുവാണ് എന്ന അവതാരികകാരൻ്റെ( ആറ്റിങ്ങൽ സി ദിവാകരൻ) വാക്യം വളരെ ശരിയാണ് എന്ന് എൻ്റെ വായനാനുഭവം സാക്ഷ്യം വഹിക്കുന്നു. വായനക്കാരന്റെ മനസ്സിനെ വഹിച്ചു കൊണ്ടുപോകാനുള്ള രചന വൈഭവവും ജന്മസിദ്ധമായ അന്വേഷണ ത്വരയുള്ള മനസ്സും അടങ്ങാത്ത കർമ്മശേഷിയും സ്ഥിരോൽസാഹവും എല്ലാം അതിന് പാഥേയം ആകുന്നു.

പ്രകൃതി പാഠങ്ങളും, കൃഷി അറിവുകളും, അനുഗ്രഹീതരായ മാതാപിതാക്കളുടെ ശിക്ഷണത്തിൽ നിന്നും ഉൾക്കൊണ്ട വിശ്വാമാനവികതയും, ജനിക്കുന്നതിന്റെ തലേന്ന് മുതൽ ഏറ്റുവാങ്ങേണ്ടി വന്ന സ്ത്രീ എന്ന അവഗണനയും, അതിൽ നിന്നുണ്ടായ വീറും വാശിയും, പെൺവീറിന്റെ അനേകം ഉത്തമ മാതൃകകളും, അനാഥ ബാല്യങ്ങളോടുള്ള അലിവും, തൻറെ ജീവിതത്തിൽ ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെ ഒളിമങ്ങാത്ത ഓർമ്മകളും ,തന്റെ പേരിനെ മത വൽക്കരിച്ചവരെ അവഗണിച്ച് പിതാവിൻ്റെ വിശ്വമാനവികതയുടെ പാഠം ഉൾക്കൊണ്ട വിശാലമനസ്സും , ബാല്യകാല അനുഭവങ്ങളുടെ അവതരണത്തിലുള്ള നിഷ്കളങ്കതയും , ഒട്ടും ഒളിച്ചു വയ്ക്കലോ മറ പിടിക്കലോ ആത്മപ്രശംസകളോ ഇല്ലാതെ സത്യസന്ധമായ അവതരണവും, ഗുരുസ്മരണകളും, യാത്രാനുഭവങ്ങളും , ഒറ്റമൂലികളും , പൊതു വിജ്ഞാനവും, മനുഷ്യജന്മത്തിന്റെ നിസ്സഹായതകളും , ഗൃഹാതുരത്വവും തുടങ്ങി ഏതൊരു സഹൃദയന്റെ മനസ്സിലും സ്ഥാനം പിടിക്കാൻ പോന്ന എഴുത്തിന്റെ വൈഭവം അപാരമാണ് . ആദ്യ വായന ഉപരിപ്ലവമായി തുടങ്ങിയതിനാൽ അല്പം വിരസത അനുഭവപ്പെട്ടെങ്കിലും കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങിയപ്പോൾ അതിലെ വിഷയവൈവിധ്യം ഏറെ കൗതുകമുണർത്തി. “ഹേ താമ്രപർണി നിൻറെ ആഴങ്ങളിൽ മുങ്ങി തപ്പുന്നവർക്ക് മുത്തും പവിഴവും ചിപ്പിയും എല്ലാം നൽകാറുണ്ടല്ലോ” അതുപോലെ ഈ പുസ്തകത്തിൻറെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ വിജ്ഞാനത്തിന്റെയും കൗതുകത്തിന്റെയും ലാളിത്യത്തിന്റെയും പ്രകൃതിപാഠങ്ങളുടെയും വിശ്വാമാനവികതയുടെയും ഒക്കെ വലിയ കലവറ തന്നെ ടീച്ചർ ഒരുക്കി വെച്ചിട്ടുണ്ട്. “അജ്ഞാതമായ ആനന്ദത്തെ കരസ്ഥമാക്കാൻ ലോകം മുഴുവൻ അരിച്ചു നടക്കണമെന്നില്ല” എന്ന വാക്യം അന്വർതഥമാക്കുന്നതായിരുന്നു എൻറെ വായനാനുഭവം.

പ്രകൃതി ഒരു മഹാത്ഭുതം ആണെന്നും അതു നമുക്കായി പലതും കാത്തു വെക്കുെമന്നും അത് തിരിച്ചറിയണമെന്നും ഉള്ള വലിയ പ്രകൃതി പാഠം. ചേരിൽ സ്പർശിക്കുന്നത് മൂലം ഉണ്ടാകുന്ന അലർജിക്ക് താന്നി ഇലയാണ് മറുമരുന്ന് ചേരച്ചൻ ചെയ്ത പിഴ താന്നി അച്ഛൻ പൊറുക്കണേ എന്ന് നിഷ്കളങ്കമായ ചൊല്ല്, ഭേദിയിളക്കാനും അലോപ്പതിയിൽ ലിവർ സീറോസിസിനുമുള്ള മരുന്ന് നിർമ്മിക്കാനും ഉപയോഗിക്കുന്ന ആന ത്തകര എന്ന ഔഷധ സസ്യ വിവരണം, കാറ്റു വരുന്ന ദിശയിൽ കാറ്റിനെ ചെറുക്കാൻ പ്ലാവ് നട്ടുപിടിപ്പിക്കുന്നതും, കടൽത്തീരത്തെ കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതും, ഒരു ഫലവൃക്ഷ തൈ നട്ടാൽ ഫലവും ആകും തണലും ആകും എന്ന ശ്രീനാരായണ ഗുരുവിൻറെ വാക്കുകൾ, ആവാസവ്യവസ്ഥ പുനസ്ഥാപിക്കാൻ മിയാവാക്കി വനം വെച്ചുപിടിപ്പിക്കുക , എന്ന പരിസ്ഥിതി ദിന ചിന്ത, പ്രദേശത്തെ മഴവെള്ള സംഭരണിയായ ഭൂതക്കുളം ചിറ ഫെബ്രുവരി പകുതി മുതൽ ഏപ്രിൽ പകുതി വരെയുള്ള മുല്ലപ്പൂക്കാലം, സമാധാനവും ശാന്തിയും ഉള്ളിടത്തെ പ്രാവുകൾ ചേക്കേറു , കുഞ്ഞിനു പാൽ കൊടുത്തു വളർത്തുന്ന പക്ഷിയായ പ്രാവ്, കുഞ്ഞിനായി കൊണ്ടുവരുന്ന ധാന്യമണികൾ അമ്മ പ്രാവിൻ്റെ കഴുത്തിന് താഴെയുള്ള ദ്വാരത്തിലൂടെ ഊറിവരുന്ന ദ്രാവകത്തിൽ മുക്കി നനച്ചാണ് കുഞ്ഞിന് കൊടുക്കുന്നത് തുടങ്ങി വിജ്ഞാനത്തിന്റെ പുതിയ തുറകളാണ് വായനക്കാരന് സമ്മാനിക്കുന്നത് കള്ളക്കർക്കിടകം വറുതിയിലാക്കുമ്പോൾ ചക്ക, മാങ്ങ ,ചേന, ചേമ്പ് , കാച്ചിൽ മുതലായവ കൊണ്ട് അന്നജത്തിന്റെയും പോഷകങ്ങളുടെയും കുറവ് പരിഹരിക്കുന്ന കള്ള കർക്കിടകം , അതിനെ മറികടക്കാനുള്ള മാതാപിതാക്കളുടെ കരുതൽ , പച്ചപ്പുല്ലിനിടയിൽ രാസപ്രവർത്തനം നടന്ന് ചൂട് കൂടുന്ന കാര്യം മനസ്സിലാക്കാൻ ഇടയായ ഗോപരിപാലനം, ചിറക്കര പഞ്ചായത്തിൽ ധാരാളം പേർ അശ്രയിച്ചിരുന്ന പിന്നീട് ഓടയായി പരിണമിച്ച ഉറവ , ഉഭയ ജീവിയായ തവള ഈസ്റ്റിനേഷൻ ഹൈബർനേഷൻ എന്നീ പ്രക്രിയകൾക്ക് വിധേയരാകുന്നു , പ്രതികൂല കാലാവസ്ഥ ആകുമ്പോൾ മാസങ്ങളോളം ഉറങ്ങി മഴയുടെ ആരംഭത്തിൽ തന്നെ ഉണർന്ന് ഉത്സാഹഭരിതരായി പുതുമഴയെ വരവേൽക്കുന്നു, നാട്ടുകാർ വില്ലൻ ചുമക്ക് ഔഷധമായി മുതുകത്ത് നേരിയ പച്ച നിറമുള്ള കൊഴുത്തുരുണ്ട തവളകളുടെ ഇറച്ചി ഉപയോഗിച്ചിരുന്നു എന്ന അറിവ് ടെക്നോളജിയുടെ കാലഘട്ടത്തിൽ ഏറെ പുതുമയുള്ളതാണ് . വിളവെടുപ്പ് ഉത്സവമായ ഓണം, മൂന്നിൽ രണ്ടു ഭാഗവും ജലമായ ഭൂമിയിൽ ധ്രുവങ്ങളിലെ മഞ്ഞുപാളികൾക്ക് രൂപാന്തരം സംഭവിച്ച് ദ്രാവകാവസ്ഥയിലേക്ക് പരിണമിച്ചാൽ പിന്നെയുള്ള അവസ്ഥ പറയേണ്ടതില്ല അതിനാൽ ജൈവവൈവിധ്യമുള്ള ഭൂമിയെ സംരക്ഷിച്ചു നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് അര നൂറ്റാണ്ട് മുമ്പ് ഇത് മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് 1970 മുതൽ ഏപ്രിൽ 22 നാം ഭൗമ ദിനമായി ആചരിക്കുന്നത് തുടങ്ങിയ പ്രകൃതിപാഠങ്ങൾ പുതുതലമുറയെ പ്രകൃതിയുമായി ഇണങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതും “പിറന്ന മണ്ണിൽ നിന്ന് എത്ര ദൂരം നാം പോന്നു കൂട്ടരേ എന്നോ മരിച്ച നമ്മൾക്കെെങത്താൻ നിൽക്കാം കുറച്ചിട” എന്ന പുനർവിചിന്തനത്തിന് വഴിയൊരുക്കുന്നതുമാണ്.

50 വർഷത്തിലധികം സൂക്ഷിപ്പുകാലം ഉള്ള കൂവരവ് എന്ന ധാന്യവും, കുരുമുളകിന് 25 വർഷവും , കൂവക്കിഴങ്ങ് പൊടി 10 വർഷവും , മഞ്ഞൾപൊടി അഞ്ചുവർഷവും തുടങ്ങി വിളകളുടെ സൂക്ഷിപ്പു കാലാവധികളും കായ്ക്കാതെ നിൽക്കുന്ന ചെടികളുടെ ചുവട്ടിൽ ചാരം കലക്കി ഒഴിക്കുന്നതിലൂടെ നല്ല കായ്ഫലം ഉണ്ടാകുമെന്ന കൃഷിയുടെ ബാലപാഠങ്ങളും, കാൽസ്യക്കുറവ് പരിഹരിക്കാൻ ഭിത്തിയിലെ കുമ്മായം കൊത്തി തിന്നുന്ന മുട്ട കോഴികളും, ഇന്നലെ പെയ്ത മഴയത്ത് മുളച്ച കൂണിനോട് ചിലരെ ഉപമിച്ച് നിസ്സാരവൽക്കരിക്കുമ്പോഴും, ഫംഗസ് ഇനത്തിൽപ്പെട്ട കൂണുകൾ ആന്റിബയോട്ടിക്കുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വിലമതിക്കാനാവാത്ത വസ്തുവാണെന്ന് തിരിച്ചറിവും , പപ്പായ നന്നായി മുളക്കാനുള്ള സാധ്യത വിളവെടുത്ത് ഏഴുദിവസത്തിനുള്ളിൽ ആണ്, ചാണകം നന്നായി കൊടുത്താൽ അവ തഴച്ച് വളർന്ന് നല്ല കായ്ഫലം തരും , മൊസൈക്ക് വൈറസ് രോഗം വേഗം പപ്പായയെ ബാധിക്കും എന്നതിനാൽ കപ്പ പപ്പായ തോട്ടത്തിൽ ഇടവിളയായി നടാൻ പാടില്ല പപ്പായ്ക്ക് നല്ല ഇടവിള തെങ്ങാണ്, തുടങ്ങിയ പരിപാലന രീതികൾ എല്ലാം പുതുതലമുറയ്ക്ക് അന്യമായ അറിവുകൾ ആണ്.

അനുഗ്രഹീതരായ മാതാപിതാക്കളുടെ ശിക്ഷണത്തിൽ നിന്നും ഉൾക്കൊണ്ട് വിശ്വാമാനവികതയുടെ അടയാളപ്പെടുത്തലുകളും ഇവിടെയുണ്ട്. ഒരിക്കലും മോഷ്ടിക്കുകയും കള്ളം പറയുകയും ചെയ്യരുത്, ഒരാൾ സാഹചര്യങ്ങൾ കൊണ്ട് കൊലപാതകിയാകാം പക്ഷേ മോഷ്ടിക്കുക എന്നത് ഒരാൾ കരുതിക്കൂട്ടി ചെയ്യുന്നതാണ് എന്ന അച്ഛൻറെ ഉപദേശം തന്മൂലം ജോലിക്ക് നിന്ന ദേവിയെ സംശയിക്കത്തക്ക തലത്തിലുള്ള തന്റെ മോഷണം ഒരിക്കലും ന്യായീകരിക്കത്തക്കതല്ല എന്ന തിരിച്ചറിവ് ആത്മനിയന്ത്രണത്തിന്റെ ഭാഗമായി മാറുന്നു. സാങ്കേതികവിദ്യയും മാറ്റങ്ങളും മനസ്സിലാക്കി നന്മയെ കൊള്ളുകയും തിന്മയെ തള്ളുകയും ചെയ്യണമെന്ന് ത്യാജ്യ ഗ്രാഹ്യ വിവേചന പാടവം ജീവിത വിജയത്തിന് വലിയ മുതൽക്കൂട്ടാകുന്നു ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെ ചൂലിന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്ന അച്ഛൻ സാമം, ദാനം, ഭേദം, ദണ്ഡം എന്ന ചതുരുപായങ്ങൾ ഓരോ രാജ്യവും അവനവൻറെ രാജ്യാതിർത്തിക്കുള്ളിൽ നിന്ന് സർവ്വതോന്മുഖമായ വികസനം, ജനതയുടെ ക്ഷേമം എന്നിവ കൈവരിക്കാൻ ശ്രമിക്കുന്നതാണ് ലോകസമാധാനത്തിനുള്ള ഉത്തമ വഴി എന്ന വിശാല വീക്ഷണം എല്ലാം മാതൃകാപരമാണ്.

സ്ത്രീയെന്ന അവഗണനയുടെ തലത്തിൽ നിന്നും ഉണ്ടായ പെൺമയുടെ കരുത്തും പെൺവീറിന്റെ ഉത്തമ മാതൃകകളും നാം ഇവിടെ ദർശിക്കുന്നു . ഇന്ദിരാഗാന്ധിയുടെ ഭൗതികശരീരം ശക്തിസ്ഥലിൽ ചന്ദനമുട്ടികളിൾ എരിഞ്ഞടങ്ങി പഞ്ചഭൂതങ്ങളായി വിലയം പ്രാപിക്കുന്നത് വരെ രാജ്യത്ത് സ്തംഭനാവസ്ഥ തുടർന്നു എന്ന് പറയുമ്പോൾ ഒരു സഹസ്രാബ്ദത്തിനിടയിൽ ഈ ലോകം കണ്ട ഏറ്റവും ശക്തയായ സ്ത്രീയുടെ വേർപാട് രാജ്യം ഉൾക്കൊണ്ടത് എങ്ങനെയാണെന്ന് അടയാളപ്പെടുത്തുകയാണ് . സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ തീവ്രതാണ്ഡവമാടാനുള്ള കരുത്ത് സ്ത്രീത്വത്തിൽ ഉണ്ട് എന്ന് നാം ഇവിടെ അടിവരയിടുന്നു . അതുപോലെതന്നെ ഒരു പ്രണയത്തിൻറെ പേരിൽ വീടുവിട്ടിറങ്ങി പ്രാരാബ്ധത്തിന്റെ ഭാണ്ഡക്കെട്ടേറേണ്ടി വന്നെങ്കിലും വീട്ടുജോലിക്കാരിക്കും ആത്മാഭിമാനം ഉണ്ടെന്ന് പ്രവർത്തിയിലൂടെ തെളിയിച്ച കാറ്റു ഭവാനിയും ഊർജ്ജസ്വലയായ കഥാപാത്രം തന്നെ. വീട്ടിൽ അംഗസംഖ്യ കൂടുതലായിട്ടും ഓരോ അനാഥ കുട്ടികളെ കൂടി എടുത്തു വളർത്താൻ ഉള്ള സൗമനസ്യം കാണിച്ച വിജയമ്മയും ദേവകിയും സ്ത്രൈണതയുടെ പര്യായങ്ങളായി വായനക്കാരുടെ ആദരവ് പിടിച്ചുപറ്റി. ഇരുട്ടിനെയോ ദൂരത്തെയോ അപവാദത്തെയോ നിയമവ്യവസ്ഥയെയോ ഒന്നും ഭയക്കാതെ അനുഭവങ്ങളുടെ തീ ചൂളകളിലൂടെ കടന്നുപോയി അതിജീവനത്തിന്റെയും നിരന്തര പോരാട്ടത്തിന്റെയും വീര്യമായി മാറിയ സ്ത്രീത്വത്തെയും പരിചയപ്പെടുത്തുന്നുണ്ട്. ഏതു ബിസിനസിന്റെയും ലാഭം എത്ര അളവിൽ ഉൽപാദിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്ന മാനേജ്മെൻറ് തന്ത്രം പ്രയോഗിച്ചും, ജോലിക്കാരെ പിണക്കാതെ നയത്തിൽ നിർത്തി കാര്യങ്ങൾ നടപ്പിലാക്കുന്ന മനുഷ്യ വിഭവ ശേഷി വിദഗ്ധ കൂടിയായ ലക്ഷ്മി അച്ചാമ്മ എന്ന കഥാപാത്രത്തിലൂടെ പെൺ പോരാട്ടത്തിന്റെ പുതിയ അധ്യായം എഴുതി ചേർക്കുകയാണ് . കോഴി പശു താറാവ് എന്നിവയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ പെൺകുഞ്ഞുങ്ങൾ ആകാൻ ആഗ്രഹിക്കുന്ന മനുഷ്യർ മനുഷ്യകുഞ്ഞുങ്ങളുടെ കാര്യത്തിൽ നേരെ തിരിച്ചും ചിന്തിക്കാൻ കാരണം സ്ത്രീകൾക്ക് കൊടുക്കേണ്ടിവരുന്ന സ്ത്രീധന ചിന്തയാകാം എന്നെഴുതുമ്പോൾ മനുഷ്യവംശം എത്തിപ്പെട്ടിരിക്കുന്ന അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും മാമൂലുകളുടെയും വേരുകൾ പിഴുതെറിയപ്പെടേണ്ടതുണ്ട് എന്ന വീക്ഷണം ആകാം ജനിക്കുന്നതിന്റെ തലേന്ന് തന്നെ പ്രജ പെണ്ണുതന്നെ എന്ന അവഗണനയ്ക്ക് ഇരയാകേണ്ടി വന്നതിനാൽ സ്ത്രീകൾക്ക് അവർ അർഹിക്കുന്ന പരിഗണന എല്ലായിടത്തും ലഭിക്കണമെന്ന് ആഗ്രഹിച്ചത് വെറുതെയല്ല വളർന്നുവന്ന വ്യവസ്ഥിതിയും തലമുറകൾ കൈമാറി വന്ന സ്ത്രീയുടെയും പുരുഷനെയും മനസ്സിൽ രൂഢമൂലം ആയി പോയ ചില വിശ്വാസങ്ങളും അനാചാരങ്ങളും മൂലം സ്ത്രീയെയും പുരുഷനെയും തുലനം ചെയ്യാൻ പലരുടെയും മനസ്സ് പക്വത നേടാത്തതാകാം പല അസന്തുലിതാവസ്ഥകൾക്കും കാരണം. അതിനാൽ സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് സ്ത്രീ തന്നെ ബോധവതിയാകണമെന്നും എല്ലാ സ്ത്രീകളും ഒരു വാഹനം എങ്കിലും ഓടിക്കാൻ പഠിക്കണം എന്നും ഉള്ള ആഹ്വാനം സ്ത്രീകളെ പ്രബലകൾ ആക്കാനുള്ള വെമ്പൽ തന്നെയാണ്.

ജീവിതയാത്രയുടെ വഴിയോരങ്ങളിൽ വെച്ച് കണ്ടുമുട്ടിയവരെ കുറിച്ചുള്ള ഒളിമങ്ങാത്ത ഓർമ്മകളും അവിസ്മരണീയങ്ങളാണ് ഒരു കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് പോലീസുകാർ വിശ്വംഭരനെ സമീപിച്ചപ്പോൾ ഒരു ഒരു കറുത്ത പട്ടി വെളുത്ത പട്ടിയെ കൊന്നു ഏറുമാടക്കടയുടെ അടിയിൽ കൊണ്ടുവെച്ചു എന്ന മറുപടി നീതിമാന്മാർ അവഗണിക്കുമ്പോൾ സത്യത്തെ ഭ്രാന്തന്റെ ജല്പനമായി കാണുന്ന സാമൂഹിക ചുറ്റുപാടുകളെ അറിയാതെയാണെങ്കിലും അടയാളപ്പെടുത്തുന്നുണ്ട് . കിണറിന് സ്ഥാനനിർണയം നടത്തുമ്പോൾ ശരീരം വില്ലുപോലെ വളഞ്ഞ് ജലത്തിൻറെ സാന്നിധ്യം അനുഭവിച്ചറിയുന്നവരും മണ്ണിനടിയിലെ സ്വർണ്ണത്തിൻറെ സാന്നിധ്യം ആദ്യം തിരിച്ചറിയുന്ന അനന്തപത്മനാഭൻ എന്ന വ്യക്തിയും ദാമ്പത്യ ബന്ധത്തിലുള്ള വിശ്വാസത്തിൻറെ പ്രതിഫലനമായി ആറ്റുകാൽ ക്ഷേത്രത്തിലെ കൽമണ്ഡപത്തിൽ വച്ച് ശശി അമ്പിളിയുടെ കൈപിടിച്ചപ്പോൾ അത് ഒന്നുകൂടി മുറുകെ പിടിക്കുന്നതും കഷ്ടിച്ച് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സുൽഫിക്കറുടെ അമ്മ അനുഭവങ്ങളുടെ തീ ചൂളയിലൂടെ കടന്നുപോയി പ്രതിസന്ധികളെ അതിജീവിച്ചും വിളഞ്ഞു പഴുത്ത കർപ്പൂര മാങ്ങ പോലെ മധുരമുള്ള ഇന്ദിരാമയെക്കുറിച്ചുള്ള ഓർമ്മകളും ബസ് യാത്രയിൽ വെച്ച് പരിചയപ്പെട്ട ബൈസ്റ്റാൻഡറും കുന്നോളം ധനം ഉണ്ടെങ്കിലും ഇരുന്നു തിന്നാൽ തീരുമെന്നും പിന്നെ ഇരന്ന് തിന്നേണ്ടി വരുമെന്നും ലോകത്ത് പണക്കാർ ഉണ്ടെങ്കിൽ പാവപ്പെട്ടവർക്കും ഗുണമുണ്ടാകും എന്ന നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രഘുപതിയുടെ സാമ്പത്തിക ശാസ്ത്ര പാഠവും എല്ലാം വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കാതിരിക്കില്ല.

തൻറെ പേരിനെ മത വൽക്കരിച്ചവരെ പറ്റിയുള്ള വിവരം അച്ഛനുമായി പങ്കുവെച്ചപ്പോൾ ആരെങ്കിലും ജാതിയോ മതമോ ചോദിച്ചാൽ മനുഷ്യനാണെന്ന് മറുപടി കൊടുത്താൽ മതി ജാതിയും മതവും ഒന്നുമല്ല നമ്മൾ ചിന്തിക്കേണ്ടത് നല്ലതു കാണാൻ നല്ലതു കേൾക്കാൻ നല്ലത് ഉൾക്കൊള്ളാൻ നല്ലതുകൊണ്ട് സഹവസിക്കാൻ നല്ല ചിന്തകളും പ്രവർത്തികളും കൊണ്ട് നല്ല മനുഷ്യരായി തീരണം മതമെന്നത് മനുഷ്യർ നന്നായി ജീവിക്കാൻ ആത്മീയ നേതാക്കളും ഗുരുക്കന്മാരും പ്രവാചകന്മാരും സ്വരൂപിച്ച അഭിപ്രായങ്ങൾ എന്ന അച്ഛൻ്റെ വാക്കുകൾ കാലാതിവർത്തിയായി നിലകൊള്ളും ഇത്തരം ഉപദേശങ്ങളാണ് ഇന്നിന്റെ ആവശ്യം ജാതിമത ചിന്തകൾക്ക് ഇടമില്ലാത്ത മനുഷ്യരെ സ്നേഹം എന്ന ശൃംഖലയിൽ ഏകോപിപ്പിക്കണമെന്ന് ആശാന്റെ ചിന്തകളോട് ചേർത്തുവെക്കാവുന്നവയാണ് ഈ വാക്കുകൾ.

ഒളിച്ചു വെക്കലുകളോ മറ പിടിക്കലുകളോ ആത്മപ്രശംസകളോ ഇല്ലാതെ ബാല്യകാല അനുഭവങ്ങളുടെ സത്യസന്ധമായ അവതരണവും നിഷ്കളങ്കതയും ഏറെ ശ്രദ്ധേയമാണ് പരീക്ഷ പേടിയില്ലാതെ മുന്നൊരുക്കങ്ങൾ ഇല്ലാതെ യാതൊരു മത്സര ബുദ്ധിയുമില്ലാതെ എഴുതിയ ആദ്യ പരീക്ഷ അനുഭവം പത്രവായനയുടെ പ്രാരംഭ ഘട്ടത്തിൽ ഒത്തിരി അവഗണന നേരിട്ട ഇത്തിരി കുഞ്ഞൻ അക്ഷരങ്ങളിൽ ഉള്ള വാർത്തകൾ എല്ലാ വീടുകളിലും ടെലിവിഷൻ എത്തിയപ്പോൾ അയൽ ബന്ധങ്ങൾ മുറിഞ്ഞു എന്ന ഗൃഹാതുരത്വം വല്ലുമ്മച്ചി സ്നേഹം ചാലിച്ച് പാഴ്സലായി അയച്ചുതന്ന ചക്ക വരട്ടിയതിന്റെയും ചക്ക വറുത്തതിന്റെയും രുചി മങ്ങാത്ത ഓർമ്മകൾ എന്നിൽ ജീവിച്ച് കടന്നുപോയവർക്ക് സുഖത്തിന്റെ മാധുര്യവും ദുഃഖത്തിൻ്റെ ഉപ്പും പ്രണയത്തിൻറെ മധുരവും എരിവും പുളിയും വിരഹത്തിന്റെ കൈപ്പും ചവർപ്പും കലർന്ന ഓർമ്മകൾ ഉണ്ടാവാം എന്ന വീടിൻ്റെ നെടുവീർപ്പ് തന്റെ വീട്ടുകാരുമായി ഇണങ്ങിയ ജോലി പൂച്ചയുമായുള്ള ആത്മബന്ധം അഗ്നിയാൽ നാടുമുഴുവൻ ശുദ്ധീകരിക്കുന്ന വൃശ്ചിക മാസത്തിലെ തൃക്കാർത്തിക മരച്ചീനി വിളവെടുത്ത് ഉണക്കുകയും തേനീച്ചകൾക്ക് തേൻ ലഭ്യത കൂടുകയും പുലർകാല മഞ്ഞുതുള്ളി തണുപ്പ് ചെയ്യുന്ന മകരമാസ ദിനങ്ങൾ ഏതു നല്ല കാര്യത്തിനും കുട്ടികളെ പരിഗണിച്ചാൽ അവർ അക്കാര്യം ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല എന്ന് തത്വം നഞ്ചും പത്തലിന്റെ കറയിൽ നിന്നുണ്ടാക്കിയ ആകാശകുമിളകൾ തന്നെ എന്തോ എന്ന് വിളി കേൾക്കാൻ പഠിപ്പിച്ച ശാന്തേച്ചി എന്നിങ്ങനെ നിർമ്മലമായ ബാല്യകാല അനുഭവങ്ങൾ വായനക്കാരെയും ബാല്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ച് നടത്തിക്കും.

രചയിതാവിന്റെ മനസ്സിൽ കയറി ആ പ്രദേശം കണ്ട അനുഭൂതിയാണ് പാവപ്പെട്ടവൻ്റെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്കുള്ള കാർ യാത്രയുടെ അനുഭവ വിവരണം വായനക്കാരന് സമ്മാനിക്കുന്നത് ‘അതുപോലെ തന്നെ ഇത്തിക്കരയാറിന്റെ ഉൽഭവസ്ഥാനം ആയ അരിപ്പ മുതൽ പതനസ്ഥാനമായ പരവൂർ കായൽ വരെയുള്ള പര്യടനം ഒരു ദൃശ്യവിരുന്നാണ് കാഴ്ചവയ്ക്കുന്നത് ജലത്തിൻറെ രസം മാറി ഉപ്പ് രസമായി കടലോട് ചേർന്ന് തിരമാലകൾ ആയി ചൂടിൽ നീരാവിയായി കാറ്റിൽ കിഴക്കോട്ട് പറന്നു മലനിരകളിൽ തട്ടി തണുത്തുറഞ്ഞ മഴയായി പെയ്തു പുഴയായി മാറി തുടർന്നുകൊണ്ടിരിക്കുന്ന പ്രകൃതി പ്രതിഭാസത്തിന്റെ ആ തുടർച്ച വാക്കുകളിൽ ആവാഹിച്ചിരിക്കുന്നത് മനോഹരമായ പ്രത്യാശയാണ് മനുഷ്യജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ദുരിതത്തിന്റെയും ദുഃഖത്തിന്റെയും ആഴക്കടലിൽ വീണാലും ആത്മവിശ്വാസം വിടാതെ തുഴയുന്നവർക്കാണ് നല്ല കാലം അനുഭവിക്കാൻ അവസരം ലഭിക്കുക എന്നാണല്ലോ ‘ ഏത് പ്രതികൂല പരിസ്ഥിതികളെയും പഴിച്ചിരിക്കാതെ അതിനെ അനുകൂലമാക്കാൻ ഉള്ള സഹജമായ കഴിവുള്ള മാതാപിതാക്കളും കുടുംബാസൂത്രണത്തിന്റെ വക്താവായി മാറിയ അമ്മയും ഉജ്ജ്വലവ്യകക്തിത്വങ്ങളായി വായനക്കാരന് അനുഭവപ്പെടുന്നു.

ചപ്പുചവറുകൾ വലിച്ചെറിയരുത് എന്ന പാഠം ഉൾക്കൊണ്ട് പാഥേയം വെടിഞ്ഞ് പാത്രത്തിൽ ചോറ് കൊണ്ടുപോയ വിദ്യാഭ്യാസ കാലഘട്ടം ദീർഘവീക്ഷണത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും അനുരണനമാണ് പ്രകൃതിയിൽ അന്യനാകാതെ പ്രകൃതിയിൽ ഒരാളായി പെരുമാറുമ്പോഴാണ് ജീവൻറെ തുടിപ്പ് പൂർവാധികം ഭംഗിയിൽ മനുഷ്യന് ദൃശ്യമാവൂ എന്നാണല്ലോ . വൈജ്ഞാനിക സാഹിത്യത്തിന്റെ വിവിധ തലങ്ങളിലൂടെയും വായനക്കാരെ കൊണ്ടുപോകുന്നുണ്ട് ഈ കൃതി . ജയ്സൺ ടാപ്പ് കണ്ടുപിടിച്ച ജെപി സുബ്രഹ്മണ്യ അയയ്യർ എന്ന തിരുവിതാംകൂർകാരൻ മുൻപേ നടന്ന ദീർഘവീക്ഷണമുള്ള ധിഷണാശാലികൾ പിൻപേ നടന്നവർക്ക് വഴികാട്ടികൾ ആകുന്നു എന്ന് വലിയ എക്സിബിഷനുകൾക്ക് തുടക്കം കുറിച്ച ശ്രീനാരായണ ഗുരുവിനെ പറ്റിയുള്ള അനുസ്മരണം ശീതരക്തജീവിയായ പാമ്പിൻ്റെ ശരീരത്തിൻ്റെ തണുപ്പ് തൊട്ടറിഞ്ഞത് , ക്ലോറിൻ വാതകം ശ്വസിക്കാൻ ഇടയായാൽ അമോണിയയാണ് പ്രതി മരുന്നെന്നും അമോണിയ ശ്വസിക്കാൻ ഇടയായാൽ ക്ലോറിനാണ് പ്രതിവിധി എന്നും കന്യാസ്ത്രീയുടെ ആത്മത്യാഗത്തിന്റെ പശ്ചാത്തലത്തിൽ അവതരിച്ച ശാസ്ത്രബോധം .”റ “ ആകൃതിയ്ക്ക് നല്ല ബലം താങ്ങാനുള്ള കഴിവുണ്ടെന്നും അതിനാൽ കാറ്റിനെ പ്രതിരോധിക്കാൻ കുടപിടിക്കേണ്ടതിങ്ങനെ എന്നതിൻ്റെ ശാസ്ത്രീയ വശവും ഔഷധത്തിനായി കോയമ്പത്തൂരിലെ സിന്താൾ കമ്പനിയിലേക്ക് അയക്കുന്ന പപ്പായക്കറ കേടാകാതിരിക്കാനായി അതിൽ പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ് ചേർക്കാം. മുട്ട കോഴികൾക്ക് നെയ്ക്കെട്ടാതിരിക്കാൻ ആയി നല്ല കോഴി തീറ്റയായി പപ്പായ ഉപയോഗിക്കാം പപ്പായ ഹോട്ട് പ്രോസസിങ്ങിലൂടെ രൂപപ്പെടുത്തി ഭക്ഷ്യയോഗ്യമായ ചർമ്മ ഓയിൽ രൂപപ്പെടുത്താം ലാറ്റക്സ് അലർജി ഉള്ളവർക്കും ഇത് ഉപയോഗിക്കാം ഭൂതത്തിലേക്കും ഉറ്റുനോക്കുന്ന മുഖനായ ജാനസ് എന്ന പുരാതന റോമൻ ദൈവത്തെ മാറ്റങ്ങളുടെ തമ്പുരാനായും വാതിലുകളുടെ കാവലാളായും കണക്കാക്കുന്നു ജാനസ് എന്ന ദേവനിൽ നിന്നാണ് ജനുവരി എന്ന മാസ നാമം ഉത്ഭവിച്ചത് അതിനാൽ മാറ്റത്തിന് ജനുവരി വരെ കാത്തുനിൽക്കേണ്ടതില്ല മാറ്റങ്ങളുടെ ലോകത്ത് ട്രപ്പീസ് കളിക്കാരെപ്പോലെ സന്തുലിതാവസ്ഥയിൽ കഴിയാൻ പരിശീലിച്ചവർക്ക് വിജയം ഉറപ്പാക്കാം പഴയ നിമിഷങ്ങളുടെ അനാവശ്യ ഭാരങ്ങൾ ഒഴിച്ചുവെച്ച് മുന്നേറുക തുടങ്ങി പൊതുവിജ്ഞാനത്തിൽ പോലും നുറുങ്ങു ചിന്തകളും തത്വജ്ഞാനവും പ്രോത്സാഹനവും എല്ലാം ഇഴ പിരിച്ച് വായനക്കാരന്റെ അറിവിൻ്റെ തലങ്ങളെ വിപുലപ്പെടുത്തുകയും പിന്നീടുള്ള ജീവിതയാത്രയിൽ അത് അവർക്ക് മുതൽക്കൂട്ട് ആവുകയും ചെയ്യുന്നു.

ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിച്ച് ജീവിതത്തോട് ഞാൻ നേടിടും എന്ന കവി വാക്യം അനുസ്മരിപ്പിക്കുമാറ് വീറും വാശിയുമായി ജീവിതത്തോട് പടപൊരുതിയ വ്യക്തിപ്രഭാവങ്ങളെ കുറിച്ചുള്ള അവതരണവും ശ്രദ്ധേയമാണ് ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച പഠനം ഉപേക്ഷിച്ച് വലിയ ജീവിത സാഹചര്യങ്ങൾ ഒന്നുമില്ലാതിരുന്ന ഇസ്മായിൽ പ്രായോഗിക ബുദ്ധിയും മെയ്ക്കരുത്തും തൻറെ മുന്നിൽ പിടയുന്നത് മനുഷ്യജീവനാണെന്ന് വിശാലമനസ്കതയും കൊണ്ട് മരണത്തെ മുഖാമുഖം കണ്ടു 15 ഓളം പേർക്ക് പുനർജന്മം നൽകി അദ്ദേഹത്തിൻറെ കവിത വാസനയും അൽഭുതാവഹമാണ് 1996ൽ ശ്രീ കെ ആർ നാരായണൻ രാഷ്ട്രപതിയായിരുന്നപ്പോൾ ജീവൻ രക്ഷാപതിക്ക് നൽകി രാഷ്ട്രം ആദരിച്ച ഇസ്മയിൽ പിന്നീട് സയൻസ് കോഴ്സ് പാസായി കോളേജിൽ ജോലി ചെയ്യുന്നു കുട്ടികളിലെ പ്രശ്നങ്ങൾ വളരെ സൗമ്യമായി പരിഹരിക്കുന്നു . ക്ഷിപ്രകോപികളുടെ പ്രശ്നപരിഹാര തന്ത്രം വളരെ രസാവഹമാണ് നിലത്ത് കാലുറച്ച് നിൽക്കുമ്പോൾ ഉള്ള വീറും വാശിയും മാത്രമേ ഈ കുട്ടികൾക്കുള്ളൂ അതിനാൽ തറയിൽ നിന്നും ഉയർത്തും .കാലുറപ്പിക്കാൻ ഇടം കിട്ടാതെ ആകുമ്പോൾ അൽപനേരം കാലിട്ടടിക്കും പിന്നെ അടങ്ങും കോപമടങ്ങാനും എല്ലാം കലങ്ങിത്തളിയാനും അൽപനേരം വേണമല്ലോ പിന്നെ സമാധാനിപ്പിച്ചു വിടും വടംവലി മത്സരത്തിൽ ഒറ്റയ്ക്ക് ഒരു വശത്തുനിന്നും വലിച്ച് ജയിച്ച ഇസ്മായിൽ വായനക്കാരനെ ആശ്ചര്യത്തിന്റെ മുൾമുനയിൽ നിർത്തും. 1861ൽ അവർണ്ണരുടെ ആദ്യ കഥകളിയോഗം സ്ഥാപിച്ച 1851 ലെ മേൽ മുണ്ട് സമരം 1866 ലെ അച്ചിപ്പുടവ സമരം 1867ലെ സഞ്ചാരസ്വാതന്ത്ര്യം പോരാട്ടവും ജയിൽവാസവും മൂക്കുത്തി സമരം മുലക്കര സമരം മിശ്രവിവാഹത്തിന് നേതൃത്വം നൽകൽ ആദ്യകർഷിക സമരം 1854 അവർണ്ണരുടെ ആദ്യ ശിവക്ഷേത്ര സ്ഥാപകൻ നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷിയും കൂടിയായ ആറാട്ടുപുഴ വേലായുധ പണിക്കരെ കുറിച്ചുള്ള വിവരണവും കൗതുകപരമാണ് . വഴിവിളക്കുകൾ ആയ അധ്യാപകരെയും അവതരിപ്പിക്കാൻ മറന്നില്ല മനസ്സിൻറെ താളം തെറ്റി നാടുവിട്ടു പോയ ശ്രീ പ്രകാശ് സാറിന് സമർപ്പിച്ച അധ്യാപക ദിന സ്മരണ അതിൻ്റെ തെളിവാണ് .ഫുൾ സ്കോററായി മുന്നേറുമ്പോൾ നമ്മളാണ് മിടുക്കൻ എന്നും വിജയിച്ചവർ എന്നും നമ്മൾ ചിന്തിക്കും എന്നാൽ ജീവിതവിജയം മറ്റു ചില നൈപുണ്യങ്ങൾ കൂടി ഉള്ളവർക്കായിരിക്കും എന്ന ശിവപ്രസാദ് സാറിൻ്റെ ജീവിതാനുഭവം എന്നെയും പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചു ഓരോരുത്തരും അവരവരിൽ ഉറങ്ങിക്കിടക്കുന്ന നൈപുണ്യവും വാസനയും തിരിച്ചറിഞ്ഞ് കഴിവുകൾ തേച്ചു മിനുക്കി എടുക്കുമ്പോഴേ യഥാർത്ഥ വിജയം ആകുന്നുള്ളൂ അതിനാൽ ഒരു ആത്മ പരിശോധന നടത്തി അവരവരുടെ നൈപുണ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക എന്ന ഉപദേശം ആദ്യം കയ്ച്ചാലും പിന്നെ മധുരിക്കും എന്ന് എൻ്റെ വായനാനുഭവം സാക്ഷി .ബസ്സിലെയും ട്രെയിനിലെയും തിക്കിലും തിരക്കിലും പെൺകുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ നേരിടുന്ന വിദ്യയായ സേഫ്റ്റിപ്പിൻ പ്രയോഗത്തിന്റെ പ്രായോഗിക വിജ്ഞാനം പകർന്നുകൊടുത്ത മലയാള അധ്യാപിക ലൈല ടീച്ചറും ഒരു അവസ്മരണീയമായ കഥാപാത്രം തന്നെ .സാധനം കാണാതെ തന്നെ നാസങ്ങൾ കൊണ്ട് ഗന്ധം തിരിച്ചറിയാൻ പഠിപ്പിച്ച പാട്ട് സാറും രഥതന്ത്രം പഠിപ്പിച്ച സുദർശനൻ സാറും ബൈജൂസ് ആപ്പിനെയും വെല്ലുന്ന വിഷ്വലൈസേഷനുമായി പണ്ട് ക്ലാസുകൾ കൈകാര്യം ചെയ്തിരുന്ന ഇന്ദിര ടീച്ചറും എല്ലാം തന്നെ നല്ല അധ്യാപകർ ജീവിക്കുന്നത് വിദ്യാർത്ഥികളുടെ മനസ്സിലാണ് എന്നതിൻ്റെ നിദർശനങ്ങളാണ് ഒറ്റമൂലികളെ കുറിച്ചുള്ള ടീച്ചറുടെ പരാമർശങ്ങൾ വില കുറഞ്ഞവ കൊണ്ട് മനോഹരമായ മാലകോർക്കുന്ന പോലെ ഏറെ പുതുമയുള്ളതാണ് . പപ്പായയിൽ നിന്നുള്ള കറ കോളൻ ക്യാൻസറിനെ ചെറുക്കാൻ നല്ലതാണ് ഫാറ്റി ലിവർ വരാനുള്ള സാധ്യത പപ്പായ കഴിക്കുന്നവരിൽ കുറവാണ് പ്രമേഹ ബാധിതർക്ക് ഉണ്ടാകുന്ന വ്രണങ്ങൾക്ക് പച്ച പപ്പായയുടെ കറ വ്രണത്തിൽ വച്ചു കെട്ടിയാൽ രണ്ടുമൂന്നു ദിവസമാകുമ്പോഴേക്കും വ്രണത്തിലെ പഴുപ്പ് മാറി ചുവപ്പുനിറം വച്ചു തുടങ്ങും പിന്നെ വ്രണം ഉണങ്ങാൻ അധികം താമസമില്ല മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് അതിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞ് അല്പം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഇളക്കുന്ന പാനീയം വിറ്റാമിനുകൾ നിറഞ്ഞതും അമിത രക്ത സമ്മർദ്ദത്തെ ഒഴിവാക്കുന്നതും ആണ്. അടുക്കളയിൽ വെച്ച് സംഭവിക്കുന്ന ചെറിയ പൊള്ളലുകൾ ഒക്കെയുള്ള ഒറ്റമൂലിയാണ് കോഴി നെയ്യ് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് രോഗം വരാതെ നോക്കുന്നത് എന്ന പനി ചർച്ചയും പനിച്ചു വിയർക്കുന്നതോടെ തലയിലെ പേരുകളും ഒപ്പം പോകും എന്ന പനിയുടെ ധനാത്മക വശവും എല്ലാ ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട വൈദ്യശാസ്ത്ര പരിജ്ഞാനങ്ങളാണ് മനുഷ്യജന്മത്തിന്റെ നിസ്സഹായ അവസ്ഥയെ കുഞ്ഞൂന് ഞ്ഞമ്മ എന്ന കഥാപാത്രത്തിലൂടെ പ്രതീകവൽക്കരിക്കുന്നു .എല്ലാവരാലും അവഗണിക്കപ്പെട്ടപ്പോൾ ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കുറച്ച് കരിപ്പട്ടിയും ഒരു മൺകുടത്തിൽ വെള്ളവുമായി തന്റെ വീടിനകത്ത് വാർദ്ധക്യത്തിന്റെ അവശതകളുമായി ചിത്രഗുപ്തന്റെ കണക്കെടുപ്പ് തീരും വരെ കാത്തു കിടന്ന കുഞ്ഞുഞ്ഞമ്മ മണിനാദത്തിന്റെ അനുരണനം പോലെ വായനക്കാരന്റെ മനസ്സിൽ ഒരു തേങ്ങലായി അവശേഷിക്കും . ഭൗതികശരീരം മറവു ചെയ്യേണ്ടത് സമൂഹത്തിൻറെ ഉത്തരവാദിത്വമാണ് ഇല്ലെങ്കിൽ സമൂഹത്തിന് നാറും എന്ന പക്ഷക്കാരിയായിരുന്നു കുഞ്ഞുഞ്ഞമ്മ . യാതൊരു കർമ്മബന്ധവും ഇല്ലാതെ യാത്രയായപ്പോൾ സമൂഹവും ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കി കുഞ്ഞുഞ്ഞമ്മയുടെ ദേഹം മണ്ണോട് ചേർന്ന് കഴിഞ്ഞപ്പോൾ കാലം അതിൻറെ കർത്തവ്യം പൂർത്തിയാക്കി .വീട് നിന്നതിന്റെ ഒരുപാട് പോലും അവശേഷിക്കാതെ എല്ലാം മണ്ണോട് ചേർന്നു . ഉത്തരവാദിത്വങ്ങൾ പേറി സഹനത്തിന്റെ പ്രതീകമായി മാറി ഒടുവിൽ കാലത്തിൻറെ കുത്തൊഴുക്കിൽ ഒന്നുമല്ലാതെ മൺമറഞ്ഞു പോകുന്ന മനുഷ്യജനങ്ങളുടെ പ്രതീകമായ കുഞ്ഞുഞ്ഞമ്മ സഹൃദയങ്ങളുടെ മനസ്സിനെ വേട്ടയാടുകയും ഉറക്കം കെടുത്തുകയും ചെയ്യും. മറ്റു പലവക അറിവുകളുടെ കലവറ കൂടി ടീച്ചർ അവശേഷിപ്പിക്കുന്നുണ്ട് ചൈനക്കാർ കണ്ടുപിടിച്ച കരിമരുന്നു പ്രയോഗം ഉത്സവ സ്ഥലങ്ങളിൽ അന്തരീക്ഷം ശുദ്ധമാക്കാൻ നല്ലതാണെന്ന് പരിജ്ഞാനം . പോകാൻ മാത്രമുള്ള നിയന്ത്രണ സംവിധാനങ്ങളും ഉള്ള യുഎസിന്റെ ആദ്യ സ്പേസ് സ്റ്റേഷനായ സ്കൈ ലാബ് മാറിമാറി വന്ന ഭരണസമിതിയുടെ പിടിപ്പുകേടും തിരിച്ചടവുമില്ലാത്ത വായ്പകളും മൂലം എന്നെന്നേക്കുമായി താഴിടേണ്ടി വന്ന ചിറക്കരതാഴം സർവീസ് സഹകരണ ബാങ്ക് . കൂർത്ത കല്ലാണെന്ന് കരുതി വിദ്യ ആർജിക്കേണ്ട സമയത്ത് അതിന് മെനക്കെടാതെ വിദ്യാർത്ഥി താൻ എടുക്കാതെ പോയ രത്ന കല്ലുകളെ കുറിച്ച് ഓർത്ത് ദുഃഖിക്കേണ്ടി വരുമെന്നും അതിനാൽ മുന്നിലുള്ള അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തണം എന്നിങ്ങനെ ശ്രോതാക്കളുടെ ചിന്തകളെയും വിചാരങ്ങളെയും മാറ്റിമറിക്കാൻ തക്കതായ വീര്യമുള്ള പ്രസംഗകലയുടെ മാസ്മരികതയെക്കുറിച്ചുള്ള സ്മരണകളും കാളിദാസന്റെ മേഘസന്ദേശത്തിൽ പരാമർശിച്ചതായി ഇളംകുളം കുഞ്ഞൻപിള്ള എന്ന ചരിത്ര ഗവേഷകൻ സാക്ഷ്യപ്പെടുത്തിയ ചിറക്കര ഗവൺമെൻറ് യുപി സ്കൂളിന് സമീപമുള്ള ദേവീക്ഷേത്ര പരാമർശവും മൂന്നു കിലോമീറ്റർ അകലെ വെച്ച് തന്നെ ചോരയുടെ മണം തിരിച്ചറിയാനുള്ള സ്രാവിന്റെ കഴിവ് അമേരിക്കയിൽ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തുമ്പോൾ ഉള്ളിൽ അലിഞ്ഞു ചേർന്ന് ശരീരത്തിൻറെ ഭാഗമാകാൻ കഴിയുന്ന നൂലുണ്ടാക്കാൻ പറ്റിയ സ്രാവിന്റെ ചിറകും വാലും നിയതിയുടെ നിയമവും മറ്റുള്ളവരുടെ സൗജന്യങ്ങൾ നമ്മൾ സ്വീകരിച്ചാൽ അതിനു പിന്നിൽ ഏതെങ്കിലും ഗുലുമാല് കൂടി ഉണ്ടാകുമെന്ന് കുതന്ത്രവും സ്ഥലം അക്വയർ ചെയ്യാതെ തന്നെ ഭൂമി റോഡിനായി വിട്ടുകൊടുത്ത് മഹാമനസ്കരയാൽ രൂപപ്പെട്ട വഴി കാലത്തിൻറെ മാറ്റത്തിനൊപ്പം മറഞ്ഞുപോയ പുതുതലമുറയുടെ പരിചയമില്ലാത്ത ഓലമെടച്ചിൽ എന്ന തൊഴിൽ മേഖല എന്നിങ്ങനെ സമ്മിശ്രമായ അറിവുകളും ചിന്തകളും ഗൃഹാതുരത്വങ്ങളുമായി ഓർമ്മച്ചെപ്പ് വായനക്കാർക്ക് മുന്നിൽ തുറന്നു വച്ചിരിക്കുന്നു ജീവിക്കുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമല്ല ആടിനെ വളർത്തിയാലും കോഴിയെ വളർത്തിയാലും ജീവിക്കാം എന്ന് സുക്കോളച്ചന്റെ വാക്കുകളിലൂടെ അവരവരുടെ അഭിരുചിയും കഴിവുമനുസരിച്ച് തുടങ്ങുക കാലം മാറുന്നതിനനുസരിച്ച് കളം മാറ്റി ചവിട്ടുക പ്രയത്നിക്കാൻ എന്തെങ്കിലും മടിയുണ്ടെങ്കിൽ അതെല്ലാം ഇന്നുതന്നെ മാറ്റുക വരുമാനത്തിന്റെ 25% എങ്കിലും ഭാവിയിലേക്കായി സൂക്ഷിച്ചു വയ്ക്കുക സ്വയാർജിത സ്വത്തിൽ നിന്നും അല്പം എങ്കിലും മിച്ചം വെക്കാൻ കഴിയുന്നവനാണ് ധനവാൻ . നേരിന്റെ വഴിയിൽ മുന്നേറുക നീണ്ടു നിവർന്ന് കിടക്കുന്ന ജീവിതത്തിനു നേരെ പുഞ്ചിരിയോടെ സമീപിക്കുക സ്വയം പ്രചോദനം ഉള്ളവർ ആവുക നമ്മളിൽ ഉറങ്ങിക്കിടക്കുന്ന കഴിവിന്റെ പരമാവധി വിനിയോഗിക്കുക വരമായി കിട്ടിയ ജന്മത്തിൽ കഴിവിന്റെ പരമാവധി ചെയ്യുക എന്നീ വാക്കുകൾ വെറുതെയിരുന്ന് തുരുമ്പിക്കുന്നതിനേക്കാൾ നല്ലത് ജോലിയെടുത്ത് തളരുന്നതാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് 500 വർഷത്തിലധികം ജീവിച്ചിരിക്കുന്ന ആമയ്ക്ക് കട്ടിയുള്ള പുറന്തോടും കൈകാലുകളും തലയും അപകടത്തിൽ ഉൾവലിയാനുള്ള കഴിവും കരയിലും വെള്ളത്തിലും കഴിയാമെന്ന ഉഭയജീവി ആയതുകൊണ്ട് ആകാം അവയ്ക്ക് അത്രയും ആയുസ്സും ആണ് ആയത് എന്ന് സൂചിപ്പിക്കുമ്പോൾ അത് സാഹചര്യങ്ങൾക്ക് അനുസരിച്ച് കാലത്തിനനുസരിച്ച് മുന്നേറണം എന്നുള്ള ധ്വനി തന്നെയാണ് വ്യക്തി മെച്ചപ്പെട്ട ഒരാളായി തീരുന്നത് ചില സാഹചര്യങ്ങളിൽ സ്വയം കീഴടങ്ങി കൊടുക്കുകയും ചിലതിനോട് സന്ധി ചെയ്യുകയും ചിലതിനെ തീവ്രമായി എതിർക്കുകയും ചിലതിനെ തന്ത്രപരമായി ഒഴിവാക്കുകയും ചെയ്തു കൊണ്ടാണ് ഒറ്റ സ്വഭാവത്തിൽ തന്നെ കടിച്ചു തൂങ്ങി നിൽക്കുന്നവർ താമസിയാതെ പരാജയപ്പെട്ടു വീഴുന്നത് കാണാം ഓരോ സാഹചര്യത്തിൽ നിന്നും ഭാവിയിലേക്ക് പഠിച്ചെടുക്കുക പെരേരയുടെ 28 ദിവസത്തിനുള്ളിൽ വിജയം എന്ന 38 രൂപയുടെ പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അക്കാലത്തും 38000 രൂപയിൽ അധികം സമ്പാദിച്ചു എന്നത് വല്ലഭന് പുല്ലും ആയുധം എന്ന ബഷീർ വാക്യത്തെ അനുസ്മരിപ്പിക്കുന്നു പ്രതിപാദ്യ വിഷയം അനുസരിച്ച് വായന നമ്മെ പല ലോകത്തേക്കും കൊണ്ടുപോകും. കാണാത്ത പല ലോകവും കാട്ടിത്തരും വായനയുടെ ലോകത്ത് താൻ ഒരു ശിശുവാണെന്ന് ഏറ്റുപറച്ചിൽ ഇന്ന് എത്രത്തോളം അറിവ് വളർത്തി എന്നാൽ താന്നിടുമത്രയും തെളിവാർന്നറി വേറിടുന്ന എന്ന കവി വാക്യം ആവർത്തിക്കുക തന്നെ മനുഷ്യ ജീവിതത്തിൻറെ നാനാരംഗങ്ങളും രചനയിലേക്ക് കൂട്ടിക്കൊണ്ടുവന്ന യാതൊരു ആലങ്കാരിക പ്രയോഗങ്ങളുടെ കൂടാതെ തന്നെ സഹൃദയഹൃദയങ്ങളിൽ ചെന്നു പറ്റാനുള്ള ആഖ്യാനത്തിന്റെ മാന്ത്രികത അനുഗ്രഹീതമാണ് മരണം വരുത്തുന്ന വിടവ് കാലം നികത്തും എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിലെ ജീവിതത്തിന് ഒരു പരിധിയുണ്ട് ആ പരിധി എത്തിയാൽ ഭൂമിയിലെ പഞ്ചഭൂതങ്ങൾ സ്വീകരിച്ച് വളർന്ന ഈ സ്ഥൂല ദേഹം വെടിഞ്ഞ് ദേഹി അനശ്വരതയിലേക്ക് യാത്രയാകും ദേഹി വെടിഞ്ഞ പഞ്ചഭൂതങ്ങൾ ഭൂമിയിൽ തന്നെ ലയിക്കും ഇങ്ങനെ മരണം ഒരു അനിവാര്യത ആണെന്നുള്ള ജീവിത പാഠം വായനക്കാരെ എത്തിച്ചത് ജനനം മുതൽ മരണം വരെയുള്ള ഒരു നൂൽപാലം ആണ് മനുഷ്യ ജീവിതം എന്നും അത് ഉൽകൃഷ്ടമായി ജീവിച്ചു തീർക്കുവാൻ ഏവരും ശ്രമിക്കുക ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന നന്മകൾ ഒക്കെ ചെയ്യുക എന്ന സദുപദേശത്തിലേക്കാണ് ഈ ഉപദേശം വെറുമൊരു വഴികാട്ടിയിൽ നിന്നല്ല വഴിയും വഴികാട്ടിയും ആയ ഒരു വ്യക്തിത്വത്തിൽ നിന്നുള്ളതാണെന്ന് ഈ ഗ്രന്ഥം മനസ്സിരുത്തി വായിച്ചവർക്കും ടീച്ചറെ അടുത്തറിഞ്ഞവർക്കും മനസ്സിലാകും ശരിയായ മാർഗം നിശ്ചയം ഉണ്ടാകുമ്പോഴല്ലേ അത് മറ്റൊരാൾക്ക് കാണിച്ചു കൊടുക്കാനാകൂ സാക്ഷ്യപ്പെടുത്താൻ ഇറങ്ങി പുറപ്പെടും മുമ്പ് ജീവിതത്തിൽ സാക്ഷ്യം ആയി മാറുന്നു റോക്കറ്റ് ഇനീഷ്യൽ മൊമെന്റം കിട്ടിയാൽ അത് ഉയരങ്ങളിലേക്ക് കുതിക്കുന്നതുപോലെ ശ്രീ ടിജി തോമസിൻ്റെ പ്രചോനാത്മകമായ വാക്കുകൾ ഈ കൃതിയുടെ രചനയ്ക്ക് പ്രേരകമായി എന്ന് രചയിതാവ് പറയുന്നുണ്ട് .അതുകൊണ്ടുതന്നെ ഈ ആവിഷ്കാരവും സഹൃദയനിൽ പ്രചോദനത്തിന്റെ ഒരു ലയം സൃഷ്ടിക്കുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു മനുഷ്യജീവിതത്തിന്റെ നാനാരംഗങ്ങളും രചനയിലേക്ക് കൂട്ടിക്കൊണ്ടുവന്ന യാതൊരു ആലങ്കാരിക പ്രയോഗങ്ങളും കൂടാതെ തന്നെ സഹൃദയഹൃദയങ്ങളിൽ ചെന്ന് പറ്റാനുള്ള ലാളിത്യത്തിന്റെ മാന്ത്രികതയ്ക്ക് മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് ഞാൻ നിർത്തട്ടെ.

റഫൻസ് :

ഡോ. ഐഷ വി , ഓർമ്മചെപ്പ് തുറന്നപ്പോൾ, ISBN: 978-93-5627-363-4, ഇന്ത്യ 2022

കുഞ്ഞുമൊയ്തീൻ എം : ഒലിപ്പാറകളത്തിൽ, സി കെ മുഹമ്മദ്‌ സാഹിബിന്റെയും പി കെ ഫാത്തിമയുടെയും മകനായി 1983 ൽ പാലക്കാട്‌, അയിലൂർ പഞ്ചായത്തിൽ ജനിച്ചു.കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി എഡും നേടി. ഐ എച്ച് ആർ ഡി യുടെ പാലക്കാട്‌ ജില്ലയിലുള്ള വടക്കഞ്ചേരി, അയിലൂർ, കോട്ടായി തുടങ്ങിയ കോളേജുകളിൽ മലയാളം അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കിഴക്കഞ്ചേരി, സി എ എച്ച് എസ് എസ് ആയക്കാട് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഇപ്പോൾ അയിലൂർ ഐ എച്ച് ആർ ഡി കോളേജിൽ സേവനം അനുഷ്ഠിക്കുന്നു.ഇഷ്ട മേഖല കവിതയാണ്.ഭാര്യ ഡോ. ഹസീന കെ എസ്. മക്കൾ :കാബിൽ, കാമിൽ (വിദ്യാർത്ഥികൾ ).