ഓമയ്ക്കാത്തോട്ടം : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 40

ഓമയ്ക്കാത്തോട്ടം : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 40
November 08 02:21 2020 Print This Article

ഡോ. ഐഷ വി

കഴിഞ്ഞ ഒക്ടോബറിൽ കൊല്ലം ജില്ലയിലെ പവിത്രേശ്വരത്ത് ഒരു പപ്പായത്തോട്ടം കാണാനും ഐ സ്റ്റെഡിന്റെ ഓഫീസിൽ പോകുവാനുമായി എന്റെ ബന്ധുക്കളുമായി പോകുമ്പോൾ
വളരെ സന്തോഷമായിരുന്നു. മനസ്സ് ഒരു നാൽപത് കൊല്ലം പുറകിലേയ്ക്ക് കുതിച്ചു. അന്ന് അച്ഛനാണ് ആദ്യമായി എനിക്ക് പറഞ്ഞു തരുന്നത് ഔഷധാവശ്യത്തിനായി പപ്പായയിൽ നിന്നും കറയെടുക്കാമെന്നും അമേരിക്ക ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ തോട്ടങ്ങളായി പപ്പായ കൃഷി ചെയ്ത് കറയെടുത്ത് കോളൻ ക്യാൻസറിനെ ചെറുക്കാൻ ഉപയോഗിക്കാറുണ്ടെന്ന്. ഒരു ആറാം ക്ലാസ്സുകാരിക്ക് അതൊരു അത്ഭുതവും കൗതുകവുമായിരുന്നു. കാസർഗോഡ് ഞങ്ങൾ താമസിച്ചിരുന്ന സമയത്തു തന്നെ അച്ഛനമ്മമാർ വീട്ടിൽ പപ്പായ വളർത്തിയിരുന്നു. ഞങ്ങൾ കൊല്ലം ജില്ലയിലെ ചിറക്കരയിൽ താമസിച്ചിരുന്നപ്പോഴും ആ പതിവ് തുടർന്നു. എന്നും വീട്ടുവളപ്പിൽ ഒരു പപ്പായയെങ്കിലും കാണും. ചിറക്കര താഴത്തെ വീട്ടിൽ ഞങ്ങൾ താമസത്തിനെത്തിയപ്പോൾ അവിടെ ഒരു വലിയ പപ്പായ മരം ഉണ്ടായിരുന്നു. വലിയ കായ പിടിയ്ക്കുന്ന പഴുത്താൽ അകം മഞ്ഞ നിറമാകുന്നയിനം. ആ പപ്പായയുടെ അകക്കാമ്പ് പഴുക്കുമ്പോൾ വളരെ മൃദുവായിരുന്നു. തൈ പപ്പായകളിൽ എനിക്ക് കൈയ്യെത്താവുന്ന ഉയരത്തിലുള്ള കായകളിൽ (കറയെടുത്ത് മരുന്നിന് ഉപയോഗിക്കാം എന്ന വിവരം കിട്ടിയ ശേഷം ) തൊട്ടു തലോടുകയും പപ്പായയെ സ്നേഹിക്കുകയും ചെയ്യുക എന്റെ പതിവായിരുന്നു. ചിലപ്പോൾ ഞാൻ കായുടെ പുറത്ത് നഖം കൊണ്ട് ഒന്നു വരഞ്ഞ് നോക്കും. ഊറി വരുന്ന കറ ഒരിലക്കുമ്പിളിൽ ശേഖരിക്കും. പക്ഷേ അത് ഉപയോഗിക്കാനറിയാതെ പ്രയോജനമില്ലല്ലോ? 1979-80 കാലഘട്ടത്തിലായിരുന്നു ഈ പരിപാടി.

നിത്യവും പപ്പായ കഴിക്കുന്നത് കൊണ്ട് മലബന്ധമോ പോഷകാഹാരക്കുറവോ അമിത വണ്ണമോ അക്കാലത്ത് ഞങ്ങളെ ബാധിച്ചിരുന്നില്ല. നിത്യവും പപ്പായ കഴിക്കുന്നവർക്ക് ഫാറ്റി ലിവർ വരാനുള്ള സാധ്യതയും കുറവാണ്.

ഞാൻ എട്ടാം ക്ലാസ് കഴിഞ്ഞ വെക്കേഷൻ സമയത്ത് കുറച്ച് ദിവസം കിഴക്കേ കല്ലട തോപ്പു വിളയിൽ അച്ഛന്റെ ജ്യേഷ്ഠന്റെ വീട്ടിൽ പോയി താമസിച്ചു. അവിടെ ഒരു വലിയ പപ്പായ മരത്തിൽ ഒരു കായ കാക്ക കൊത്തി നിൽക്കുന്നത് കണ്ടു. നല്ല ചുവന്ന ഉൾക്കാമ്പുള്ള പപ്പായയായിരുന്നു അത്. അവിടെ അവർ പപ്പായയ്ക്ക് “ഓമയ്ക്ക” എന്നായിരുന്നു പറഞ്ഞിരുന്നത്. പപ്പായയ്ക്ക് ഓമയ്ക്ക, കപ്പയ്ക്ക, കപ്ലങ്ങ, കറുമൂസ് തുടങ്ങീ പേരുകളുണ്ടെന്ന് വിവിധ സ്ഥലങ്ങളിൽ ജീവിക്കാൻ ഇടവന്നപ്പോൾ ഞാൻ മനസ്സിലാക്കി. ഞാൻ ആദ്യമായിട്ടായിരുന്നു ചുവന്ന ഉൾക്കാമ്പുള്ള പപ്പായ കാണുന്നത്. പപ്പായയിൽ വർണ്ണവൈവിധ്യമുണ്ടെന്നത് എനിക്ക് ആദ്യ അറിവായിരുന്നു. അതിൽ കാക്ക കൊത്താതെ പാകമായി നിന്ന ഒരു കായ ഞാൻ കുത്തിയിട്ടു. അത് ഖണ്ഡിച്ചു തിന്നതു കൂടാതെ അതിന്റെ വിത്തു മുഴുവൻ ശേഖരിച്ചു. ഞാൻ അവിടെ നിന്നും തിരികെ പോന്നപ്പോൾ ആ വിത്തുകളും കൂടെ കൊണ്ടു പോന്നു. അത് ഞങ്ങളുടെ വീട്ടിൽ നട്ടുവളർത്തി. അതിന്റെ നിറവും മധുരവും മൃദുത്വവും എനിക്ക് ഇഷ്ടപ്പെട്ടതിനാൽ അതിന്റെ വംശം നശിച്ചു പോകാതെ ഞാനിന്നും വളർത്തുന്നു. വീട്ടിൽ കോഴിയിറച്ചി വയ്ക്കുന്ന സമയത്ത് ഇറച്ചി മാർദ്ദവമുള്ളതാക്കാൻ പച്ച പപ്പായ കഷണങ്ങൾ കൂടി ചേർക്കാൻ അച്ഛൻ അമ്മയോട് പറയുമായിരുന്നു. അമ്മ അത് അനുസരിക്കുകയും ചെയ്തിട്ടുണ്ട്. ഇറച്ചിയുടെ മൃദുത്വം മാത്രമല്ല പപ്പായയുടെ എല്ലാ ഗുണങ്ങളും ആ കറിയിലുണ്ടാകും.

പപ്പായ എട്ടും പത്തും വർഷം തെങ്ങിൻ തടി പോലെ തായ്ത്തടി വണ്ണം വച്ച് നിറയെ കായോട് കൂടി നിന്ന അനുഭവവും വീട്ടിലുണ്ടായിട്ടുണ്ട്. ഞങ്ങൾ ഭൂതക്കുളം സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ പോകുന്ന വഴിയിൽ ചില വീടുകളിൽ ഇളം പച്ചനിറത്തിലും വയലറ്റ് നിറത്തിലും നീളം കൂടിയതുമായ പപ്പായകൾ കണ്ടിട്ടുണ്ട്. പിന്നീട് ഒരു സഹപാഠി എന്നോട് പറഞ്ഞറിഞ്ഞത് സിങ്കപ്പൂരുനിന്നും വിത്ത് കൊണ്ടുവന്ന് ഇട്ടതാണ് അവയെന്നാണ്. അങ്ങനെ ഞാൻ സിങ്കപ്പൂരിലായിരുന്ന കുഞ്ഞമ്മയ്ക്ക് കത്തെഴുതി. കുഞ്ഞമ്മ നാട്ടിൽ വന്നപ്പോൾ എനിക്ക് കുറേ പപ്പായ വിത്തുകൾ കൊണ്ടു തന്നു. ഞാനത് പാകിയെങ്കിലും മുളച്ചില്ല. പിന്നീടാണ് എനിക്ക് മനസ്സിലായത് പപ്പായ നന്നായി മുളയ്ക്കാനുള്ള സാധ്യത വിത്തെടുത്ത് ആദ്യ 7 ദിവസത്തിനുള്ളിലാണെന്ന്. പിൽക്കാലത്ത് പഠനം ജോലി വിവാഹം തുടങ്ങിയ കാര്യങ്ങൾ മൂലം വീട്ടിൽ നിന്നും 20 വർഷത്തിലധികം മാറി നിൽക്കേണ്ടി വന്നപ്പോൾ പപ്പായ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. അത് ശരീരത്തിന്റെ സ്ഥൂലതയിലേയ്ക്കും ദുർമേദസിലേയ്ക്കും നയിച്ചു.

ഞാൻ കണ്ണൂരിലെ കോളേജിലേയ്ക്ക് 2009 -ൽ പ്രിൻസിപ്പലായി ട്രാൻസ്ഫറായി പോയപ്പോൾ തളിപ്പറമ്പ് തൃച്ഛംബരത്തുള്ള NSS ഹോസ്റ്റലിലായിരുന്നു താമസിച്ചത്. അക്കാലത്ത് കടയിൽ നിന്നും വാങ്ങിയ ഒരു പപ്പായയുടെ സ്വഭാവം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. വിത്തുകൾ കുറവ് നല്ല ദൃഡത ദീർഘനാൾ കേടാകാതെയിരിക്കുക. മധുരം ഞങ്ങളുടെ വീട്ടിലുള്ളവയെക്കാൾ കുറവ് . ആകെ മൂന്ന് വിത്താണ് എനിക്ക് കിട്ടിയത്. ഞാൻ അത് കൊല്ലത്തു കൊണ്ടുവന്ന് പാകി കിളിർപ്പിച്ചു. ഒരെണ്ണം പിടിച്ചു കിട്ടി. 8 വർഷത്തോളം അത് കായ്ഫലം തന്നു. കായുടെ ഞെട്ടിന് മറ്റ് പപ്പായകളെ അപേക്ഷിച്ച് നീളം കൂടുതലായിരുന്നു. കച്ചവടക്കാർക്ക് പ്രിയം കൂടിയ ഷെൽഫ് വാല്യു കൂടിയ റെഡ് ലേഡി എന്നയിനമാണ് അതെന്ന് എനിക്ക് മനസ്സിലായി. കണ്ണൂർ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും വളരെ മൃദുവും മഞ്ഞനിറവും മധുരവുമുള്ള പൊക്കം കുറഞ്ഞയിനം പപ്പായയുടെ വിത്തുകൾ എനിക്ക് ലഭിച്ചു. കാർത്തികപള്ളിയിലേയ്ക്ക് 2014 -ൽ സ്ഥലം മാറി വന്നപ്പോൾ ഞങ്ങളുടെ കോളേജിലെ ജയരാജ് വീയപുരം ഫാമിൽ നിന്നും ഏതാനും പപ്പായ തൈകൾ എനിക്ക് വാങ്ങി തന്നു. കാഴ്ചയിലും ഉൾക്കാമ്പിന്റെ കട്ടിയിലും റെഡ് ലേഡി പോലെ തോന്നിക്കുമെങ്കിലും മഞ്ഞ നിറമുള്ള കാമ്പായിരുന്നു അവയ്ക്ക്. ഒരു പക്ഷേ റെഡ് ലേഡിയിൽ പരപരാഗണം നടന്ന് അങ്ങനെയായതാവാം.
അങ്ങനെ കായയുടെ നീളം വണ്ണം ആകൃതി മരത്തിന്റെ പ്രകൃതി മാധുര്യത്തിലെ വ്യത്യസ്തത നിറത്തിലെ വ്യത്യാസം പൊക്കം കുറഞ്ഞ സിന്റ F1 തുടങ്ങിയവയുമായി എന്റെ വീട്ടിലിപ്പോൾ എട്ടിലധികം പപ്പായയിലെ ജൈവ വൈവിധ്യമുണ്ട്. ചാണകം നന്നായി കൊടുക്കുമ്പോൾ അവ തഴച്ച് വളർന്ന് നല്ല കായ്ഫലം തരുന്നു.

2019 ഒക്ടോബറിൽ ഞാൻ ISTED ഡയറക്ടർ ഗോപാലകൃഷ്ണൻ സാറിനെ വിളിച്ചു. പപ്പയിൻ എടുക്കാനായി പപ്പായത്തോട്ടം നിർമ്മിക്കുന്നതിനെ കുറിച്ച് ചോദിക്കാനാണ് വിളിച്ചത്. അദ്ദേഹം കൊല്ലം ജില്ലാ കോ ഓർഡിനേറ്ററായ ഓമന കുട്ടൻ സാറിന്റെ ഫോൺ നമ്പർ തന്നു. 1000 തൈയ്യിലധികം നട്ടെങ്കിൽ മാത്രമെ പപ്പയിൻ എടുക്കാൻ സമ്മതിക്കുകയുള്ളൂ എന്ന് പറഞ്ഞു. ചോലയില്ലാത്ത സ്ഥമായിരിക്കണം. ഒരു സെന്റിൽ പത്ത് തൈകൾ നടാം. കുറഞ്ഞത് ഒരേക്കർ സ്ഥലത്ത് കൃഷിയുണ്ടെങ്കിലേ 1000 തൈകൾ നടാൻ പറ്റുകയുള്ളൂ. അങ്ങനെ ഞങ്ങൾ 3 പേർ ( ഞാൻ, അമ്മയുടെ ചേച്ചിയുടെ മകൾ അനിത( സത്യവതി), കുഞ്ഞമ്മയുടെ മരുമകൾ അരുണ, ) ചേർന്ന് 1000 തൈകൾ നടാൻ തീരുമാനിച്ചു. അങ്ങനെയാണ് കുഞ്ഞമ്മയുടെ മകന്റെ കാറിൽ ഞങ്ങൾ പവിത്രേശ്വരത്തേയ്ക്ക് തിരിച്ചത്. അവിടെ വഴിക്ക് വച്ച് ഓമന കുട്ടൻ സാറും അവിടെ സൊസൈറ്റി രൂപീകരിച്ച് പപ്പായ കൃഷിക്ക് നേതൃത്വം നൽകിയ മോഹനൻ സാറും ഞങ്ങളെ കാത്ത് നിൽപുണ്ടായിരുന്നു. അവർ ഞങ്ങളെ മൂന്ന് മാസം പ്രായമായ കായ്കൾ പിടിച്ചു തുടങ്ങിയ തൈകളുള്ള കല്ലടയാറിന്റെ തീരത്തുള്ള ഒരു പപ്പായത്തോട്ടത്തിലേയ്ക്ക് ആനയിച്ചു. ജലസേചനം നിർബന്ധമായതിനാൽ അതിന് സൗകര്യമുള്ള കുളങ്ങളും ആ തോട്ടത്തിലുണ്ട്. വരിയായും നിരയായും പൂക്കളും കുഞ്ഞു കായ്കളുമായി വളർന്നു വരുന്ന പപ്പായത്തോട്ടം. മൊസൈക്ക് വൈറസ് രോഗം വേഗം പപ്പായയെ ബാധിക്കും എന്നതിനാൽ മരച്ചനീ( കപ്പ) പപ്പായത്തോട്ടത്തിൽ ഇടവിളയായി നടാൻ പാടില്ല. തോട്ടം നടന്നു കാണുന്നതിനിടയിൽ മോഹനൻ സാർ പറഞ്ഞു. പപ്പായയ്ക്ക് തെങ്ങാണ് ഏറ്റവും നല്ല ഇടവിള.

തമിഴ് നാട്ടിൽ 20 വർഷത്തിലധികമായി പപ്പയിൻ ഉത്പാദിപ്പിക്കാനായി പപ്പായ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ ഉണ്ടത്രേ. അവർ കറയുല്പാദനവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും ലാഭകരമായി ചെയ്യുന്നു. ഇതൊക്കെ കേട്ടപ്പോൾ എന്റെ കുട്ടിക്കാലത്ത് അച്ഛൻ എന്റെ മനസ്സിൽ വിതച്ച ചിന്തയ്ക്ക് ചിറകു വച്ചു തുടങ്ങി. ഐസ്റ്റെസിന്റെ ഓഫീസിലേയ്ക്ക് പോകുന്ന വഴി മോഹനൻ സാറിന്റെ വീട്ടിലും കയറി. തിണ്ണ നിറയെ പപ്പായ തൈകൾ നിരന്നിരിക്കുന്നു. തായ് ലാന്റിൽ നിന്നും വാങ്ങിയ വിത്ത് പാകി മുളപ്പിച്ച തൈകളാണ്. അവിടെ നിന്നും ഞങ്ങൾ മോഹനൻ സാറിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ സ്റ്റെഡ് ഓഫീസിലെത്തി. ഫോം പൂരിപ്പിച്ച് തൈകളുടെ വിലയും ഏൽപ്പിച്ചു. കോയമ്പത്തൂരിലെ സിന്റാൾ കമ്പനിയിലേയ്ക്കാണ് കറ അയയ്ക്കേണ്ടത്. കറ കേടാകാതിരിക്കാനായി പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് ചേർക്കണം. പവിത്രേശ്വരത്ത് നൂറിലധികം കർഷകർ സൊസൈറ്റി രൂപീകരിച്ച ശേഷമാണ് കൃഷി തുടങ്ങിയത്. 2018 ലെ വെള്ളപൊക്കത്തിൽ പലരുടേയും കൃഷി നശിച്ചു. അവർ പിൻ വാങ്ങി. കുറച്ചുപേർ പ്രതീക്ഷയോടെ മുന്നേറുന്നു. അവർക്കൊരു ബിഗ് സല്യൂട്ട് ഞാൻ മനസ്സിൽ കൊടുത്തു.

അവിടെ അടുത്തുള്ള കടയിൽ നിന്നും മോഹനൻ സാർ ചായയും കടിയും വാങ്ങി തന്നു. ചായ കുടി കഴിഞ്ഞ് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. മൂന്നാല് ദിവസത്തിനുള്ളിൽ മോഹനൻ സാറിന്റെ വാഹനത്തിൽ തൈകൾ 1200 എണ്ണം ഞങ്ങളുടെ പറമ്പുകളിൽ എത്തി. തൈകൾ കണ്ടപ്പോൾ അപ്പി മാമനും( രവി) ഓമയ്ക്കാത്തോട്ടമുണ്ടാക്കാൻ ഒരു മോഹം. അങ്ങനെ അപ്പി മാമന്റെ 200 തൈകളും വൈകാതെയെത്തി. 1.5 -2 മീറ്റർ അകലം പാലിച്ച് തൈകൾ നടണം. നട്ടു. വേനലിൽ നനച്ചു. മഴയിൽ പൂത്തു കായ്ച്ചു. കൊറോണയും മൊസൈക് രോഗവും പ്രതീക്ഷകൾ തകിടം മറിച്ചു. വേണ്ട പരിഹാരങ്ങൾ എല്ലാം ചെയ്ത് മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു. ചിലപ്പോൾ അങ്ങനെയാണ്. Man proposes God’s disposes എന്നാണല്ലോ?

ഇതിനിടയിൽ ഐ സ്റ്റെഡ് 2 കെയിനിംഗുകൾ കർഷകർക്കായി കായംകുളം കെ വി കെ യിൽ നടത്തി. മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായുള്ള എക്സിബിഷനുകളും ഐ സ്റ്റഡിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കുറച്ചുപേർ വ്യവസായം തുടങ്ങി. കായംകുളത്ത്‌ നടന്ന ട്രെയിനിംഗുകൾ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ജീസി മാഡത്തിന്റെ നേതൃത്വത്തിലായിരുന്നു. സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ ജില്ലകളിൽ നിന്നുമുള്ളവർ ക്ലാസുകളിൽ പങ്കെടുത്തു. എക്സ്പോർട്ട് ലൈസൻസുകൾ ഉള്ളവർ വരെയുണ്ട്. പപ്പായ കൊണ്ട് ടൂട്ടി ഫ്രൂട്ടി ഹൽവ സോപ്പ് ഫേസ്പാക്ക് തുടങ്ങി പതിനഞ്ചിലധികം വിഭവങ്ങൾ നിർമ്മിക്കാൻ പഠിപ്പിച്ചു. തേങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ പഠിച്ചു.

ഇഡി ക്ലബ് വിദ്യാർത്ഥികൾ പായ്ക്ക് ചെയ്ത എണ്ണയ്‌ക്കൊപ്പം

ക്ലാസ്സിനിടയിൽ ഇന്ന് മാർക്കറ്റിൽ ലഭ്യമായ ബേബി ഓയിലുകളെ കുറിച്ച് ജീസി മാഡം സൂചിപ്പിച്ചു. മിനറൽ ഓയിൽ ചേർന്നവ കുഞ്ഞുങ്ങളുടെ കണ്ണിലും മൂക്കിലും വായിലും തൊടാൻ പാടില്ലത്രേ. “പുകവലി ആരോഗ്യത്തിന് ഹാനികരം” എന്ന് ചെറിയ അക്ഷരത്തിൽ വല്യ വിപത്തിനെ പറ്റിയുള്ള കാര്യം ഒളിപ്പിച്ചു വച്ചിരിക്കുന്നതുപോലെ തന്നെയാണ് ബേബി ഓയിലിന്റെ കാര്യവും . അതിനാൽ നിങ്ങൾ ബേബി ഓയിലിന് പകരം മറ്റൊരു ഉത്പന്നത്തെ കുറിച്ച് ചിന്തിയ്ക്കണമെന്ന് മാഡം സൂചിപ്പിച്ചത് എന്റെ മനസ്സിൽ കിടന്നു. അങ്ങനെ ഞാൻ ഒരു പപ്പായ – വി സി ഒ ഹോട്ട് പ്രോസസിലൂടെ രൂപപ്പെടുത്തി. ഇത് ഭക്ഷ്യയോഗ്യമായ ചർമ്മ സംരക്ഷണ എണ്ണയാണ്. ശരീരത്തിനകത്തും പുറത്തും ഉപയോഗിക്കാം. ലാക്റ്റസ്സ് അലർജിയുള്ളവർക്കും ഫലപ്രദം. ഞാൻ ഈ എണ്ണ ഒരു വിർട്ടി ലിഗോ പേഷ്യന്റിന് പരീക്ഷിക്കാനായി നൽകി. സാധാരണ ഗതിയിൽ ബീറ്റാ കരോട്ടിൻ ചേർന്നവ വിർട്ടി ലിഗോക്കാർക്ക് ഫലപ്രദമല്ലാത്തതാണ്. എന്നാൽ ഇത് വളരെ ഫലപ്രദമായി തോന്നി-ജീസി മാഡത്തിന് മഞ്ഞ നിറത്തിലുള്ള പപ്പായയിൽ തയ്യാറാക്കിയ എണ്ണയുടെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ മാഡം റെഡ് ലേഡി ചേർത്ത് തയ്യാറാക്കാൻ പറഞ്ഞു. അതിന്റെ ഫോട്ടോയിട്ടപ്പോൾ വന്നു മാഡത്തിന്റെ മറുപടി. Both are beautiful. This is an innovation . അങ്ങനെയാണ് പേറ്റന്റിന് അപേക്ഷിച്ചത്. കൂടാതെ തിരുവനന്തപുരത്തു നടന്ന Exhibition -ൽ എന്റെ കോളേജിലെ വിദ്യാർത്ഥികൾ ഈ എണ്ണ ഗ്ലാസ് ബോട്ടിലുകളാക്കി നല്ല ലേബലോടെ മാർക്കറ്റ് ചെയ്യാൻ ഒരു ശ്രമം നടത്തി. ഒരു ഫലമെന്നതിലുപരി ധാരാളം ഉപയോഗങ്ങൾ പപ്പായ വഴിയുണ്ട്. മുട്ട കോഴികൾക്ക് നെയ്യ് വയ്ക്കാതിരിക്കാനും നല്ലൊരു കാലിത്തീറ്റയായും പപ്പായ ഉപയോഗിക്കാവുന്നതാണ്.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles