കുറവിലങ്ങാട്: സൗദിയിലെ നരകയാതനകൾക്കും പീഡനങ്ങൾക്കും വിട ചൊല്ലി ഉറ്റവരുടെ ചാരത്തേക്കു ടിന്റു പറന്നിറങ്ങുന്നു. പൂർണഗർഭിണിയായിരിക്കെ നേരിടേണ്ടിവന്ന യാതനകളുടെയും മനഃക്ലേശത്തിന്റെയും നടുക്കുന്ന ഓർമകളോടെയാണ് ഉഴവൂർ പാണ്ടിക്കാട്ട് ടിന്റു സ്റ്റീഫൻ നാട്ടിലേക്കു മടങ്ങിയെത്തുക. സൗദിയിലെ സ്വകാര്യസ്ഥാപനത്തിൽ നഴ്സായ ടിന്റു പ്രസവത്തിനു നാട്ടിലേക്കു പോരാനായി അവധി തേടിയതോടെയാണ് പീഡനപർവം ആരംഭിക്കുന്നത്. ഒരു വർഷത്തോളം മുമ്പ് സൗദിയിലെത്തിയ ടിന്റു പ്രസവത്തിനായി നാട്ടിലേക്കു പോരാൻ അവധി തേടിയെങ്കിലും ക്ലിനിക് അധികൃതർ സമ്മതിച്ചില്ല.
പിന്നീട് എംബസിയുടെ സഹായത്തോടെ നാട്ടിലേക്കു പോരാൻ ശ്രമിച്ചു. വിമാനത്താവളത്തിലെത്തി പരിശോധനാ നടപടി പൂർത്തീകരിച്ചു പോരാനൊരുങ്ങി. ഇതിനിടയിൽ, നാട്ടിലേക്കു പോന്നത് ഇഷ്ടപ്പെടാതിരുന്ന തൊഴിലുടമ ടിന്റുവിനെതിരേ പരാതി നൽകിയിരുന്നു. തൊഴിൽസ്ഥലത്തുനിന്ന് ഒളിച്ചോടിയെന്നതായിരുന്നു പരാതി. നാട്ടിലേക്കു പോരാനെത്തിയ ടിന്റുവിനെ ഇതേത്തുടർന്ന് എയർപോർട്ടിൽനിന്നു തിരിച്ചയച്ചു.
പിന്നീട് ഇന്ത്യൻ എംബസിയും മനുഷ്യാവകാശ പ്രവർത്തകരുമായി നിരന്തരമായി ബന്ധപ്പെട്ടു നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ടിന്റു നാട്ടിലേക്കു പോരാനായി എയർപോർട്ടിലെത്തി. രണ്ടാം വട്ടം എയർപോർട്ടിലെത്തിയപ്പോഴാകട്ടെ ടിന്റുവിനു പ്രസവവേദനയാരംഭിച്ചു. തുടർന്നു ചിലരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ടിന്റു പെണ്‍കുഞ്ഞിനു ജന്മം നൽകി. അന്യദേശത്ത് ഉറ്റവരുടെ സാന്നിധ്യം പോലുമില്ലാതെ പ്രസവിക്കേണ്ടി വന്ന ടിന്റു മറ്റുള്ളവരുടെ സഹായത്താൽ ഇന്നു നാട്ടിലേക്കു പറന്നിറങ്ങുന്പോൾ ആശങ്കയോടെ ദിവസങ്ങളെണ്ണി കാത്തിരുന്ന ഉറ്റവർ ആശ്വാസതീരത്താണ്.
Leave a Reply