ഷിബു മാത്യൂ

മനുഷ്യത്വത്തിൻ്റെ വികാരം എല്ലാവർക്കും ഒരുപോലെയാണ്. പരിശുദ്ധമായ അൾത്താരയിൽ നിന്ന് പ്രഘോഷിക്കപ്പെടുന്നത് സാഹോദര്യത്തിന് നിരക്കാത്തതല്ല. അക്കാര്യത്തിൽ ആരും രണ്ടാമതൊന്നു ശങ്കിക്കേണ്ട! ക്രിസ്ത്യാനിക്ക് ഒറ്റ ശത്രുവേ ഉള്ളൂ.. അത് പിശാചാണ്. കുറവിലങ്ങാട് പള്ളിയിൽ എട്ട് നോമ്പ് തിരുന്നാളിനോട് അനുബന്ധിച്ച് പാലാ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വചന സന്ദേശം വിവാദമായതോടെ, അതിനുള്ള വിശദീകരണവുമായി ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്ററ്യൻ കുട്ടിയാനിയിൽ രംഗത്തുവന്നു. ഇന്ന് രാവിലെ അർപ്പിച്ച  വിശുദ്ധ കുർബാന മധ്യേ നൽകിയ വചന സന്ദേശത്തിലാണ് അദ്ദേഹം വിശദീകരണം നൽകിയത്.

എട്ട്നോമ്പ് തിരുന്നാളിനോട് അനുബന്ധിച്ച് രൂപതാധ്യക്ഷൻ സൂചിപ്പിക്കപ്പെട്ട ആശയങ്ങൾ സമൂഹത്തിൽ വളരെ ചർച്ചയായിട്ടുണ്ട്. ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുക തന്നെ വേണം. ഒരു മതത്തേയോ, സമുദായത്തേയോ, ഒരു പ്രത്യയശാസ്ത്രത്തെയോ മറ്റ് ആരെയെങ്കിലെയോ പ്രത്യക്ഷമായോ പരോക്ഷമായോ അധിക്ഷേപിക്കപ്പെടുന്ന പ്രഘോഷണം ആയിരിന്നില്ല ഇവിടെ നടന്നത്. ക്രിസ്തീയ വിശ്വാസത്തിൽ നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ കളയ്ക്ക് സമാനമായ ചിന്താഗതികൾ പ്രത്യക്ഷപ്പെടാനായിട്ടുള്ള സാഹചര്യം ഉണ്ടെങ്കിൽ, അതിനെ തിരിച്ചറിയണം എന്ന ഓർമ്മക്കുറിപ്പ് ധാർമ്മീകമായ മാനത്തിൽ അരുൾ ചെയ്യാനായിട്ട് ശ്രമിച്ച ഒരു ഇടയനെടുത്ത ഒരു സുവിശേഷ ഭാഗത്തിൻ്റെ വിശദീകരണമാണ് ഈ ദേവാലയത്തിൽ നടന്നത്. മതസ്പർദ വളർത്തുന്ന രീതിയിലുള്ള ഒരു വാക്ക് പോലും ഈ ദേവാലയത്തിൽ നിന്ന് ഉച്ഛാരണം ചെയ്യപ്പെട്ടിട്ടില്ല. ക്രിസ്ത്യാനിക്ക് ഒരു മത വിശ്വാസികളോടും ശത്രുതയില്ല. എല്ലാ മത വിശ്വാസികളും ഒരുമിച്ച് ജീവിക്കേണ്ട ജനാധിപത്യ സംവിധാനമുള്ള ഈ നാട്ടിൽ ഒരു മതം മറ്റൊരു മതത്തെ വെല്ലുവിളിക്കുന്നില്ല. അങ്ങനെയൊരു സുവിശേഷമല്ല ക്രിസ്ത്യാനിയുടേത്.

തിന്മ ലോകത്തിലുള്ളപ്പോൾ അതിനെതിരെ കണ്ണടയ്ക്കണം എന്നല്ല സുവിശേഷം പറയുന്നത്. തിന്മ ചൂണ്ടിക്കാണിക്കാനായിട്ടുള്ള ന്യായമായ അവകാശം നന്മയുടെ വക്താക്കളായ ക്രിസ്ത്യാനിക്കുണ്ട്. ലോകത്തിൽ തിന്മയുണ്ടാകുമ്പോൾ അത് ചൂണ്ടിക്കണിക്കുവാനുള്ള ധാർമ്മിക ശക്തിയാണ് സുവിശേഷം. അഭിവന്ദ്യ കല്ലറയ്ങ്ങാട്ട് പിതാവ് അത് ഒരു പടി മുന്നിലേ ചുണ്ടിക്കാണിച്ചു എന്നു മാത്രം.

ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കുട്ടിയാനിയിലിൻ്റെ വചന സന്ദേശത്തിൻ്റെ പൂർണ്ണരൂപം കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.