പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന പേരിൽ ചിത്രീകരിക്കുന്ന ചിത്രം ചിത്രീകരണം പൂർത്തിയായാലും പ്രദർശിപ്പിക്കാൻ താൻ അനുവദിക്കില്ല എന്ന് കടുവാക്കുന്നേൽ കുറുവച്ചൻ. എന്നാൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം സാങ്കൽപികമാണെന്നും യഥാർഥ കുറുവച്ചനുമായി ബന്ധമില്ലെന്നും കടുവ സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം. നിയമ പോരാട്ടങ്ങൾക്കൊടുവിൽ പൃഥ്വിരാജ് നായകനാകുന്ന സിനിമക്ക് ചിത്രീകരണത്തിന് കോടതി അനുമതി നൽകുകയും സുരേഷ്‌ഗോപി ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.

സുരേഷ്‌ഗോപി ചിത്രവും പൃഥ്വിരാജ് ചിത്രവും തന്റെ ജീവിതകഥ‌യാണ് തിരക്കഥയാക്കിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ടു സിനിമയുടെയും തിരക്കഥ തനിക്ക് കാണണം എന്ന് പറഞ്ഞു ‍കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പൃഥ്വിരാജ് അഭിനയിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ കഥ വായിച്ചു, എന്നാൽ അതിൽ എന്റെ ജീവിത കഥാസന്ദർഭങ്ങളെ വികലമാക്കി ചിത്രീകരിക്കാനുള്ള ശ്രമമുണ്ട്. എന്റെ യഥാർത്ഥ ജീവിതത്തിലെ കഥാസന്ദർഭങ്ങളെ വികലമാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ സുപ്രീം കോടതിയടക്കമുള്ള നീതിന്യായപീഠങ്ങൾക്കു മുമ്പിൽ രേഖാമൂലം വെളിവാക്കപ്പെട്ടതാണ്.

കടുവ എന്ന ചിത്രവുമായി അതിന്റെ അണിയറ പ്രവർത്തകർ മുന്നോട്ടു പോവുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഷൂട്ട് തുടങ്ങാൻ പോകുന്നു എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ എന്റെ സമ്മതമില്ലാതെ എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥ സിനിമയാക്കുന്ന നടപടികളുമായി മുന്നോട്ടു പോയാൽ സിനിമ പൂർത്തിയാക്കാൻ കഴിയാതെ വരും. സിനിമ പൂർത്തിയായാലും അത് തീയറ്ററിൽ എത്തിക്കാൻ ഞാൻ സമ്മതിക്കില്ല. കോടതിയിൽ നിന്നും തിരക്കഥ ഔദ്യോഗികമായി ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. എന്റെ അനുവാദത്തോടെ ‘ഗ്യാങ്സ് ഓഫ് കിനോ’ എന്ന യൂട്യൂബ് ചാനൽ എന്റെ ജീവചരിത്രം എട്ടു എപ്പിസോഡുകളിൽ ചിത്രീകരിക്കുന്നുണ്ട്. അതിന്റെ പേര് ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നുതന്നെയാണ്. എന്റെ അനുവാദമില്ലാതെ എന്റെ കഥ ചിത്രീകരിക്കാൻ ആരെയും അനുവദിക്കില്ല. അഭിഭാഷകരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടുവയുടെ കഥ അദ്ദേഹം വായിച്ചിട്ടുണ്ട് എന്നു പറയുന്നു. അങ്ങനെ വായിക്കാൻ ആ കഥ ഞാൻ എവിടെയും പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തിട്ടില്ല. ചിലപ്പോൾ കടുവയുടെ കഥ ഇതാണെന്ന് പറഞ്ഞ് ആരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന് ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു സാമ്യവുമില്ലെന്ന് കടുവയുടെ സംവിധായകൻ തന്നെ വ്യക്തമാക്കിയതാണ്. ഇതു തികച്ചും സാങ്കൽപിക കഥാപാത്രമാണ്.

എന്റെ ചുറ്റുപ്പാടുകളിലും വളർന്ന സാഹചര്യങ്ങളിലും കണ്ടതും കേട്ടതും അനുഭവച്ചറിഞ്ഞതുമായ കാര്യങ്ങളാണ് തിരക്കഥയായി എഴുതുക. അതല്ലാതെ ശൂന്യതയിൽ നിന്നും കഥ എഴുതാനുള്ള വിദ്യ എനിക്കറിയില്ല. എന്റെ കഥാപാത്രത്തിന് കടുവാക്കുന്നേൽ കുറുച്ചവൻ എന്ന പേര് എങ്ങനെ വന്നു എന്നതിനുള്ള കൃത്യമായ ഉത്തരം തിരക്കഥയിലുണ്ട്. അത് സിനിമയായി വരുമ്പോൾ നിങ്ങൾക്കും മനസിലാകും. അതല്ലാതെ, ഞങ്ങൾ ആരുടെയും ജീവിതം വികലമായി ചിത്രീകരിച്ചിട്ടില്ല. മാത്രമല്ല അങ്ങനെ ഒരു ആരോപണം ഉന്നയിക്കാൻ അദ്ദേഹത്തിന് എന്ത് തെളിവാണുള്ളത്. ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിയുമായി എന്റെ നായകനോ സിനിമയ്ക്കോ യാതൊരു ബന്ധവുമില്ല.

പിന്നെ പേരിന്റെ കാര്യം. കുര്യൻ, കുര്യോക്കാസ് എന്നിങ്ങനെ േപരുള്ള ആളുകളെ കുറുവച്ചൻ, കുറുവാച്ചൻ എന്നൊക്കെ വിളിക്കാറുണ്ട്. അതുപോലെ ജോസഫ്എന്നു പേരുള്ള ആളെ ഔസേപ്പേട്ടാ എന്നാകും നാട്ടിൽ ചിലർ വിളിക്കുക. ഇതൊക്കെ എങ്ങനെയാണ് ഒരാളുടെ മാത്രം സ്വന്തമാണെന്ന് പറയാനാകുക. ഞങ്ങൾ ആവർത്തിച്ച് പറയുന്നു, ഇതൊരു സാങ്കൽപിക കഥാപാത്രമാണ്. ജോസ് കുരുവിനാംകുന്നേൽ എന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ജീവിതം ആരെ വച്ച് വേണമെങ്കിലും സിനിമയാക്കാം. സുരേഷ് ഗോപിയോ, അർണോൾഡ് ഷ്വാർസ്നെഗറോ ആരുവേണമെങ്കിലും അതിൽ നായകനാകട്ടെ. അത് നല്ല കാര്യം. ഇനിയും ഈ തെറ്റിദ്ധാരണയും വച്ച് നിയമപരമായി മുന്നോട്ടുപോകാനാണെങ്കിൽ അതിലും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. എല്ലാ സഹകരണവും ഉണ്ടാകും.