കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷം. സ്ഥാനാർഥിയായി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിന്റെ പേര് സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ നിർദ്ദേശിച്ചെങ്കിലും പാർട്ടിയിലെ ഭൂരിഭാഗവും എതിർപ്പ് ഉന്നയിച്ചു. കൊച്ചിയിൽ ചേർന്ന എൻസിപി കോർ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന അധ്യക്ഷൻ പേര് നിർദ്ദേശിച്ചത്.
തോമസ് കെ. തോമസിനെ സ്ഥാനാർഥിയാക്കിയാൽ പാർട്ടിയിൽ കുടുംബാധിപത്യമെന്ന സ്ഥിതിയുണ്ടാകുമെന്നും വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ തഴഞ്ഞെന്ന ദുഷ്പേര് കേൾക്കേണ്ടി വരുമെന്നും ഒരു വിഭാഗം വാദിച്ചു. ഇതോടെ സ്ഥാനാർഥി ചർച്ച പ്രാഥമിക ഘട്ടത്തിൽ തന്നെ തടസപ്പെട്ടു. സ്ഥാനാർഥി നിർണയത്തിനായി എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തിന് പുറമേ സംസ്ഥാന ഭാരവാഹി, നിര്‍വാഹക സമിതി യോഗങ്ങളും ഇന്ന് ചേർന്നു. സംസ്ഥാന അധ്യക്ഷന്‍ പുറമേ മന്ത്രി എ.കെ.ശശീന്ദ്രൻ, മാണി സി. കാപ്പൻ എംഎൽഎ തുടങ്ങിയവും യോഗത്തിനെത്തി.
അതിനിടെ രാവിലെ കൊച്ചി നഗരത്തില്‍ എൻസിപി നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. “സീറ്റുകള്‍ വില്ല്പനയ്ക്ക്’ എന്ന പേരിലാണു പോസ്റ്ററുകള്‍. കുട്ടനാട് സീറ്റുകള്‍ ഉള്‍പ്പെടെ വില്പനയ്ക്ക് എന്ന തലക്കെട്ടോടെ യുവജന കൂട്ടായ്മയുടെ പേരിലാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഗുരുവായൂര്‍, കെഎസ്എഫഇ, പിഎസ്സി, ഗവ. പ്ലീഡര്‍ എന്നിവയുടെ ഒഴിവ് ഉടന്‍ ഉണ്ടാകുമെന്നും മാസപ്പടി കൃത്യമായി കിട്ടിയിരിക്കണമെന്നും മറ്റ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നുവെന്നും പോസ്റ്ററുകളില്‍ വ്യക്തമാക്കിയിരുന്നു.
Leave a Reply