അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കാലം തെറ്റി വന്ന മഴ കേരളത്തിൽ നാശം വിതയ്ക്കുമ്പോൾ ജീവിതത്തിൻറെ താളം നഷ്ടപ്പെട്ട ഒരു കൂട്ടരാണ് കുട്ടനാടൻ കർഷകർ. കുട്ടനാടൻ കര ഭൂമിയിൽ നേന്ത്രവാഴയും പച്ചക്കറി കൃഷിയും ചെയ്യുന്ന കർഷകർക്ക് ഇരുട്ടടിയായി മെയ് മാസത്തിലെ മഴയും വെള്ളപ്പൊക്കവും. വെള്ളം കയറി ഒട്ടുമിക്ക വിളകളും നശിച്ച കൃഷിയിടങ്ങളാണ് മുട്ടാർ ,വെളിയനാട് , രാമങ്കരി ഗ്രാമപഞ്ചായത്തുകളിൽ കാണാൻ സാധിക്കുന്നത്. ഒരു മാസം കഴിഞ്ഞാൽ വിളവെടുക്കാൻ പാകത്തിലുള്ള നേന്ത്രവാഴ കൃഷിക്കാരെയാണ് മഴ ഏറ്റവും കൂടുതൽ ചതിച്ചത്. കുട്ടനാടൻ പ്രദേശങ്ങളിൽ നേന്ത്രവാഴ കൃഷി വ്യാപകമായുള്ള മുട്ടാർ ഗ്രാമപഞ്ചായത്തിൽ തന്നെ പതിനായിരത്തോളം വാഴകളാണ് വെള്ളപ്പൊക്കത്തിൽ നശിച്ചതെന്നാണ് കർഷകനും മുൻ പഞ്ചായത്ത് മെമ്പറും കൃഷിവിജ്ഞാനകേന്ദ്രത്തിൻ്റെ സമ്മിശ്ര കൃഷിയ്ക്കുള്ള അംഗീകാരവും ലഭിച്ചിട്ടുള്ള ജോജൻ ജോർജ്ജ് മുട്ടാർ മലയാളം യുകെയോട് പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോജൻ ജോർജ്ജ് മുട്ടാർ തൻെറ നേന്ത്രവാഴ കൃഷിയിടത്തിൽ

വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും അത് ഫലപ്രദമായി കൃഷിക്കാരിലേയ്ക്ക് എത്തുന്നില്ല എന്ന പരാതിയാണ് കർഷകർക്ക് ഉള്ളത്. നിലവിൽ ഇൻഷുറൻസ് പ്രീമിയം തുക ജില്ലാ സഹകരണ ബാങ്കിൽ അടച്ച് ചെല്ലാൻ കൃഷി ഓഫീസിലേക്ക് അയച്ചുകൊടുക്കുന്നതായ നടപടി ക്രമങ്ങൾ മൂലം പല കർഷകരും വിള ഇൻഷുറൻസിനോട് വിമുഖത കാട്ടുന്നതായാണ് അറിയാൻ സാധിക്കുന്നത്. കൃഷിഭവനിൽ നേരിട്ട് പ്രീമിയം തുക സ്വീകരിച്ച് അവിടെത്തന്നെ തീർപ്പാക്കുന്ന രീതിയിൽ നടപ്പിലാക്കിയാൽ കൂടുതൽ കർഷകർ തങ്ങളുടെ വിളകളെ ഇൻഷ്വർ ചെയ്യാൻ മുന്നോട്ടു വരുമെന്നാണ് കർഷകരുടെ അഭിപ്രായം. അതുപോലെ തന്നെ കഴിഞ്ഞ രണ്ടു വർഷങ്ങളിലും പലർക്കും ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കാത്തതും കർഷകർ ഇൻഷുറൻസിനോട് വിമുഖത കാണിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക് ഡൗൺ അനുബന്ധ നിയന്ത്രണങ്ങൾ മൂലം തങ്ങളുടെ വിളകൾ ഇൻഷുർ ചെയ്ത കർഷകരുടെ എണ്ണം ഈ വർഷം പൊതുവേ കുറവാണ്. മഴക്കെടുതിയിൽ വലയുന്ന കൃഷിക്കാർക്ക് തങ്ങളുടെ നഷ്ടങ്ങൾക്ക് ആനുപാതികമായി കൃഷിഭവനുകൾ വഴിയായി എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.