തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാവുന്നു.സ്ഥിരമായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് നിലവില്‍ പാര്‍ട്ടി പിളര്‍ന്ന അവസ്ഥയാണ് ഉള്ളത്.
ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് ഏതെങ്കിലും ഒരു വിഭാഗം കുട്ടനാട്ടില്‍ മത്സരിച്ചാല്‍ പാലായ്ക്ക് സമാനമായ തിരിച്ചടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.അതിനാല്‍ കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുക്കണമെന്നാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.ഇതോടൊപ്പം തന്നെ പൊതുസമ്മതനായ സ്വതന്ത്രന്‍ എന്ന ആലോചനയും കോണ്‍ഗ്രസിനുണ്ട്.
പാലായും വട്ടിയൂര്‍ക്കാവും കൈവിട്ടത് പാര്‍ട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമാണ്. ഇതിന് മറുപടി നല്‍കാന്‍ കുട്ടനാട്ടില്‍ വിജയം അനിവാര്യമാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനകത്ത് ശക്തമാണ്നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലും കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാവുന്നു.
പാര്‍ട്ടി സീറ്റ് ഏറ്റെടുത്ത് ഈഴവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നാണ് ജില്ലയില്‍ നിന്നുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്.രാഷ്ട്രീയ വോട്ടുകള്‍ക്ക് പുറമെ വ്യക്തിപരമായ വോട്ടുകള്‍ കൂടി നേടിയായിരുന്നു ആലപ്പുഴയില്‍ നിന്ന് തോമസ് ചാണ്ടി ജയിച്ചു വന്നത്.
തോമസ് ചാണ്ടി ഇല്ലാത്ത കുട്ടനാട്ടില്‍ മണ്ഡലത്തില്‍ സുപരിചിതനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ വിജയിക്കാമെന്നാണ് പ്രാദേശിക നേതാക്കള്‍ അവകാശപ്പെടുന്നത്.കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് പൊതുസമ്മതനായ സ്വതന്ത്രനെ നിര്‍ത്തുന്നതാണെന്ന ആലോചനയും കോണ്‍ഗ്രസില്‍ ശക്തമാണ്.
യുഡിഎഫിലെ സംസ്ഥാന നേതൃത്വത്തിനിടയിലാണ് ഇത്തരത്തിലൊരു ആലോചന നടക്കുന്നത്.കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗവും സീറ്റിനായി അവകാശ വാദം തുടരുകയാണെങ്കില്‍ പൊതു സമ്മതനായ സ്വതന്ത്രന്‍ തന്നെ കുട്ടനാട്ടില്‍ മത്സിച്ചേക്കുമെന്നാണ് യുഡിഎഫ് നേതൃത്വം നല്‍കുന്ന സൂചന.
അതേസമയം, കഴിഞ്ഞ തവണ ഞങ്ങള്‍ മത്സരിച്ച സീറ്റ് എന്ന നിലയില്‍ കുട്ടനാട് തങ്ങള്‍ക്ക് തന്നെ കിട്ടുമെന്നാണ് കേരളകോണ്‍ഗ്രസിലെ പിജെ ജോസഫ് പ്രതീക്ഷിക്കുന്നത്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ജനുവരി ആറിന് യോഗം ചേരുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ അംഗീകാരം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമെ കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നം ലഭിക്കുകയുള്ളു എന്നതാണ് ജോസഫ് വിഭാഗം നേതാക്കളുടെ പ്രധാന അവകാശവാദം.
കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ ഇത്തവണയും കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് പിജെ ജോസഫ് പക്ഷത്തിന്‍റെ നീക്കം.എന്നാല്‍ ഈ നിക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ തടയിടുകയാണ് ജോസ് കെ മാണി വിഭാഗം. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്.
കുട്ടനാട്ടുകാരനായ അധ്യാപകനെ സ്ഥാനാര്‍ഥിയാക്കുമെന്ന് ജോസ് വിഭാഗം മുതിര്‍ന്ന നേതാവ് ജേക്കബ് തോമസ് അരികുപുറം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെ വിഷയത്തില്‍ പരസ്യ അഭിപ്രായപ്രകടനം പാടില്ലെന്ന അഭ്യര്‍ഥനയുമായി യുഡിഎഫ. ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ എം. മുരളി രംഗത്തെത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ആയിരുന്ന കെസി ജോസഫ് ഫ്രാന്‍സിസ് ജോര്‍ജ്ജ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് മാറിയ സാഹചര്യത്തിലായിരുന്നു കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്.
ഇപ്പോഴത്തെ സാഹചര്യം അതല്ലെന്നും സീറ്റില്‍ ആര് മത്സരിക്കണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമതി കൂടി തീരുമാനിക്കുമെന്നാണ് ജോസ് പക്ഷം പറയുന്നു.
ഇതിനിടയില്‍ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ചില ജേക്കബ് ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു. യുഡിഎഫില്‍ ജേക്കബ് ഗ്രൂപ്പ് മത്സരിച്ച് വന്നിരുന്ന സീറ്റായിരുന്നു കുട്ടനാട്.
2005 ല്‍ ടിഎം ജേക്കബ് കെ കരുണാകരന്‍റെ ഡിഐസിയില്‍ ചേര്‍ന്നതോടെയാണ് അവര്‍ മത്സരിച്ചിരുന്ന സീറ്റ് അവര്‍ക്ക് നഷ്ടപ്പെട്ടതെങ്കിലും ഈ അവകാശവാദം യുഡിഎഫ് അംഗീകരിച്ചേക്കില്ല.ഈ സാഹചര്യത്തിലാണ് കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായത്. എന്നാലിത് ഘടകകക്ഷി സീറ്റ് അടിച്ചുമാറ്റിയെന്ന ആക്ഷേപത്തിനു ഇടയാക്കും.
ഇതിനുള്ള പോംവഴിയായിട്ടാണ് പൊതുസമ്മതനായ സ്വതന്ത്രനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.
Leave a Reply