ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

ജൂണ്‍ 23-ാം തീയതി പ്രസ്റ്റണ്‍, ചോര്‍ളിയില്‍ വച്ച് നടക്കുന്ന കുട്ടനാട് സംഗമം 2018ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഇന്നലെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലാണ് ലോഗോ പ്രകാശനം ചെയ്തു. കുട്ടനാടിന്റെ സംസ്‌കാരവും പൈതൃകവും ഗൃഹാതുരത്വത്തോടെ ഓര്‍ത്തെടുക്കുകയും കുട്ടനാടന്‍ ജീവിത രീതികളും ഐക്യബോധവും തനിമയും അടുത്ത തലമുറയിലേക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്ന കുട്ടനാട് സംഗമം പോലെയുള്ള കൂട്ടായ്മകള്‍ ശ്ലാഘനീയമാണെന്ന് അഭിവന്ദ്യ പിതാവ് തന്റെ ലഘു പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വികാരി ജനറാള്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ കുട്ടനാട്ടുകാരനായ ഫാ. ഫന്‍സ്വാ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കുട്ടനാട് സംഗമം 2018 ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കലിന്റെയും സിന്നി കാനാശ്ശേരിയുടെയും നേതൃത്വത്തില്‍ പ്രസ്റ്റണ്‍, ചോര്‍ളി – ബോള്‍ട്ടണ്‍, ലിവര്‍പൂള്‍- ബ്ലാക്ക്ബണ്‍ മേഖലകളിലെ ഏരിയാകോര്‍ഡിനേറ്റര്‍മാര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ആര്‍ട്ടിസ്‌ററ് ബിജു എബ്രഹാം വരച്ച കുട്ടനാടന്‍ പ്രകൃതിഭംഗി നിറഞ്ഞ ലോഗോ മികവുറ്റതായിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ മോനിച്ചന്‍ കിഴക്കേച്ചിറ, സിനി സിന്നി, ഷൈനി ജോണ്‍സണ്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.

ജെഫ്രി ജോര്‍ജ് – ജോസ് തുണ്ടിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നതോന്നതയുടെ താളവും വഞ്ചിപ്പാട്ടിന്റെ ഈരടികളുമായി ജൂണ്‍ 23ന് അണിയിച്ചൊരുക്കാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മാര്‍ച്ച് 8-ാം തീയതി ജോണ്‍സണ്‍ കളപ്പുരയ്ക്കലിന്റെ വസതിയില്‍ കൂടുന്ന യോഗത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസ്റ്റണ്‍ ടീം അറിയിച്ചു.