ബിജോ തോമസ് അടവിച്ചിറ 

പുളിങ്കുന്ന് :  കുട്ടനാട്ടില്‍ ദുരിതത്തിന്റെ നാളുകൾ. കുട്ടനാട് അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ വെള്ളപൊക്കം. കര കാണാൻ ഒരിടപോലും ഇല്ല. എങ്ങും വെള്ളം, തോട് ഏത് റോഡ് ഏത് എന്ന് അറിയാൻ മേലാത്ത സ്ഥിതി. ആലപ്പുഴയെയും ചങ്ങനാശേരിയെയും ബന്ധിപ്പിക്കുന്ന എസി റോഡ് പൂർണമായും വെള്ളത്തിനടിയിലായതോടെ അടുത്ത നഗരങ്ങളുമായുള്ള ബന്ധം പോലും നഷ്ടപ്പെട്ടു കുട്ടനാടൻ ജനത ഒറ്റപ്പെട്ട നിലയിൽ. കാവാലം , പുളിങ്കുന്ന്‌ , നീലംപേരൂര്‍ , കൈനകരി , മുട്ടാര്‍ , വെളിയനാട്‌ എന്നീ പഞ്ചായത്തുകളെയാണ്‌ വെള്ളപ്പൊക്കം കൂടുതല്‍ ബാധിച്ചിരിക്കുന്നത്‌. കുട്ടനാട്‌ താലൂക്ക്‌ ആശുപത്രി , പുളിങ്കുന്ന്‌ വില്ലേജ്‌ ഓഫീസ്‌ , നീലംപേരൂര്‍ സി.എച്ച്‌. സി , സബ്‌ രജിസ്‌ട്രി ഓഫീസ്‌ , തുടങ്ങിയ സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്‌.

മഴ ശമിക്കാത്തതിനാല്‍ ഇനിയും ജലനിരപ്പ്‌ ഉയരാനാണ്‌ സാധ്യത. തൊണ്ണൂറ്‌ ഏക്കര്‍ വരുന്ന പുളിങ്കുന്ന്‌ കൃഷിഭവന്‍ പരിധിയില്‍ വരുന്ന മണപ്പള്ളി പാടം മടവീണു. വിത കഴിഞ്ഞു ഒരുമാസം പിന്നിട്ട പാടമാണിത്‌. മട കുത്താനുള്ള ശ്രമത്തിലാണ്‌ കര്‍ഷകര്‍. പുളിങ്കുന്ന്‌ പഞ്ചായത്തിലെ ആറുപതിന്‍ചിറ കോളനി , രാമങ്കരി കുഴിക്കാല , വേഴപ്ര , മുട്ടാര്‍ പഞ്ചായത്തിലെ കുടിയനടി കോളനി , മിത്രമഠം , കണ്ണംമാലി കോളനികളും , ഒന്നാംകര സെറ്റില്‍മെന്റ്‌ കോളനിയിലെ എഴുപതോളം വീടുകളും , കൈനകരി പഞ്ചായത്തിലെ തുരുത്തുകളും വെള്ളത്തിലാണ്‌. വെള്ളപൊക്കം ഇത്തവണ ഭയാനകം ആണെങ്കിലും വർഷത്തിൽ ഒരിക്കൽ വിരുന്നു വരുന്ന പ്രതിഭാസം ആയതുകൊണ്ട് കുട്ടനാട്ടുക്കാർ ഈ ദുരന്തത്തിലും വലിയ അപകടങ്ങൾ ഒന്നും കൂടാതെ പിടിച്ചു നിൽക്കുന്നു.

ദുരിതക്കയത്തിൽ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന 80% ആളുകളും കുടിക്കാൻ വെള്ളം പോലും ഇല്ലാതെ നട്ടം തിരിയുന്നു . ജാതി മത ഭേദമന്യ ചില സന്നദ്ധ സംഘടനകളും ചില സാമൂഹ്യ പ്രവർത്തകരും മുന്നോട്ടു ഇറങ്ങി പ്രവർത്തിക്കുന്നത് ഈ ദുരിതത്തിൽ വലിയ ആശ്വാസം ആണെങ്കിലും, ഇവിടുത്ത ജനപ്രതിനിധിയും സ്ഥലം എംഎൽഎയും ആയ തോമസ് ചാണ്ടി എവിടെ എന്ന ചോദ്യം ബാക്കി ആകുന്നു. പല സ്കൂൾ, കോളേജ് ആരാധനാലയങ്ങളിലും ദുരിതാശ്വസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടം ഒന്ന് സന്ദർശിക്കുവാൻ പോയിട്ട് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെപ്പറ്റി ചിന്തിക്കുവാന്‍ പോലും സ്ഥലം എംഎൽഎ തോമസ്‌ ചാണ്ടി തയ്യാറായിട്ടില്ല. കുട്ടനാട് കണ്ട ഏറ്റവും വലിയ ദുരന്ത – ദുരിത മുഖത്തുകൂടി കായലിനോടും മണ്ണിനോടും മല്ലിട്ടു ജീവിക്കുന്ന ഒരു ജനത കടന്നു പോകുമ്പോൾ, ജാതി മത രാഷ്ട്രീയത്തിന് അതീതമായി എംഎൽഎ എതിരെ പ്രതിഷേധം ശക്തമാകുന്നു.

വെള്ളപൊക്കം ദുരിതം കുട്ടനാട് പാക്കേജിന്റെ ദുരന്തം

കുട്ടനാട് പാക്കേജിന്റെ  എം.പി. കൊടിക്കുന്നിൽ സുരേഷിന്റെ സത്യാഗ്രം കിടന്നു തുടങ്ങിയ കുട്ടനാട് പാക്കെജ് എങ്ങനെ ഈ ദുരന്തമായി. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയ AC കനാലിന്റെ ഒഴുക്ക് തുടർച്ച നില നിർത്തിയിരുന്നെങ്കിൽ വെള്ളപൊക്കം ഇത്ര ദുരന്ത മുഖം ആകില്ല എന്ന് കോൺഗ്രസ്സ് യുവ നേതാവ് കുര്യൻ മാലൂർ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. സോഷ്യൽ മീഡിയ കൂട്ടായ്മ വഴി കുട്ടനാട്ടിലെ സാമൂഹ്യ പ്രശനങ്ങളിൽ നിരന്തരം ഇടപെടുന്ന കൂട്ടായ്‍മയുടെ ലീഡർ കൂടി ആണ് കുര്യൻ മാലൂർ. നിലവിൽ വെള്ളപ്പൊക്ക ദുരിതത്തിൽ വലയുന്ന 150 ഓളം പേർക്ക് ഭക്ഷണ സ്വകാര്യം ഏർപ്പെടുത്തുന്നതിനും , വെള്ളപ്പൊക്ക ദുരിതത്തിൽ വലയുന്ന കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ കുട്ടനാട് ബ്രാഞ്ചിൽ പഠിക്കുന്ന നോർത്ത് ഇന്ത്യൻ കുട്ടികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി അവരെ സഹായിക്കാനും ഈ കൂട്ടായ്മ്മ മുൻപോട്ടു ഇറങ്ങി കഴിഞ്ഞു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേപോലെ തന്നെ കുട്ടനാട് സേവാഭാരതിയുടെ നേത്രത്തിൽ പുളിങ്കുന്നു താലൂക്ക് ആശപത്രിയിൽ ഭക്ഷണം വിതരണം ചെയ്തു.

പുളിങ്കുന്ന് ഫൊറോനാ പള്ളിയുടെ പാരിഷ് ഹാൾ അഭയാർത്ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇന്നലെ മലയാളംയുകെ ന്യൂസ് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.

സാമൂഹിക -സന്നദ്ധ – മത സംഘടനകൾ കാരുണ്യത്തിന്റെ കനിവുമായി എത്തുമ്പോഴും    അതിനെല്ലാം നേതൃത്വം കൊടുക്കേണ്ട കുട്ടനാടിന്റെ എംഎൽഎ എവിടെ എന്ന ചോദ്യം അവശേഷിക്കുന്നു . ഈ അവസരത്തില്‍ ഫോണിൽ വിളിച്ചാല്‍ പോലും കിട്ടുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് കുട്ടനാടിന് ഇങ്ങനെ ഒരു എം എല്‍ എ എന്നാണ് ഭുരിപക്ഷം കുട്ടനാട്ടുകാരും ചോദിക്കുന്നത് . അദ്ദേഹത്തിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിക്ഷേധമാണ് കുട്ടനാട്ടില്‍ ഉയര്‍ന്നു വരുന്നത് .