പത്ത് വര്‍ഷത്തിനിടയില്‍ യുകെ മലയാളികള്‍ക്കിടയില്‍ നിന്നും വേര്‍പിരിഞ്ഞു പോയ കുട്ടനാടിന്‍റെ മക്കളെ അനുസ്മരിച്ച് കൊണ്ട് ലിവര്‍പൂളില്‍ താമസിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ തോമസ്‌കുട്ടി ഫ്രാന്‍സിസ് എഴുതിയ ലേഖനം 

രണ്ട് പതിറ്റാണ്ട് മുമ്പേ മലയാളി കുടിയേറ്റത്തിന്റെ വേരുകള്‍ യുകെയില്‍ പടര്‍ന്നുവെങ്കിലും 2000 ത്തോടു കൂടിയാണ് കുടിയേറ്റ നീരൊഴുക്ക് ശക്തമായതെന്ന് പറയുവാന്‍ സാധിക്കും. ആ നീരൊഴുക്കില്‍ ഹരിതാഭയോലുന്നതും, ഏറെ പ്രകൃതി വര്‍ണ്ണനങ്ങളും അതുപോലെ കേരളത്തിന്റെ നെല്ലറയുമായ കുട്ടനാടിന്‍ മണ്ണില്‍ നിന്നും ഈ പാശ്ചാത്യ മണ്ണിലേക്ക് ഏകദേശം 400 ല്‍ പരം കുടുംബങ്ങളാണ് ഇന്നിപ്പോള്‍ യുകെയുടെ വിവിധ പ്രാന്തപ്രദേശങ്ങളിലായി അധിവസിക്കുന്നത്. കുട്ടനാടിന്റെ തനതായ സംസ്‌കൃതിയുടെ ഭാഗമായ ലളിതമായ ശൈലിയിലൂടെ ജീവിതം കരുപിടിപ്പിച്ചെടുത്ത ഒരു സമൂഹം എന്നു കുട്ടനാടിന്‍ സോദരങ്ങളെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു കാര്യം ഏറെ വേദനയോടെ ഇവിടെ കുറിച്ചു കൊള്ളട്ടെ. ഓരോ പ്രവാസി മലയാളിയെയും പോലെ പ്രതീക്ഷകളും അവയ്ക്കു നിറം പകരുന്ന കുറെ നല്ല സ്വപ്നങ്ങളുമായി ഇവിടേക്ക് കടന്നു വന്നിരിക്കുന്ന ഈ മണ്ണിന്റെ മക്കളെ ദുരന്തങ്ങളും വേട്ടയാടി തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു.

ഷിനിമോള്‍ ജോസ്

ആദ്യ ദുരന്തം ഏറ്റു വാങ്ങിയത് 2007 ജൂണ്‍ ഒന്നിന് ആയിരുന്നു. യുകെയിലെ മലയാളി സമൂഹത്തെ ഒന്നായി നടുക്കിയ സംഭവമായിരുന്നു അത്. പുളിങ്കുന്ന് കന്നട്ടയില്‍ ജോസിന്റെ ഭാര്യ ഷൈനിമോള്‍ 35) പോര്‍ട്‌സ്മൗത്ത് താമസിക്കുന്ന ജോസിനെയും കുടുംബത്തെയും തീരാ ദുഃഖത്തിലാഴ്ത്തിയ ആ ദുരന്തം ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് ഇങ്ങനെ. അന്ന് ആദ്യ വെള്ളിയാഴ്ച ആയിരുന്നു. ജോസ് ഡേ ഷിഫ്റ്റില്‍ ജോലിയിലായിരുന്ന നേരത്ത്, ഷൈനി മോള്‍ മൂത്ത മകന്‍ ജോയലിനെയും ഇളയ മകള്‍ ജിയയെ (പ്രാമില്‍) യും കൂട്ടി രാവിലെ ബാര്‍ക്ലെയിസ് ബാങ്കിലേക്ക് പോകുകയായിരുന്നു. ആമിസനോടു ചേര്‍ന്നുള്ള ജംങ്ഷനിലെ സിഗ്നല്‍ ക്രോസ് ചെയ്യുന്ന നേരത്ത് ഒരു വലിയ ട്രക്ക് തന്റെയും മക്കളുടെയും നേരെ പാഞ്ഞുവരുന്നത് ഷൈനിമോള്‍ കണ്ടു.

എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുപോയ നിമിഷം ആയിരിക്കണം അത്. എന്നാല്‍ ഷൈനിമോള്‍ക്ക് ഒപ്പം നടന്നിരുന്ന കുഞ്ഞു മകന്‍ ജോയലിനെയും പ്രാമിനുള്ളിലുള്ള ജിയയെയും ഞൊടിയിടക്കുള്ളില്‍ മുന്നോട്ട് ആഞ്ഞു തള്ളിവിടുകയായിയിരുന്നു. പെടുന്നനെ ഷൈനിമോള്‍ ആ വലിയ ട്രക്കിന് അടിയില്‍ ഞെരിഞ്ഞമര്‍ന്നു. മക്കളെ രണ്ടു പേരെയും ഒരു പോറലുപോലും ഏല്‍പ്പിക്കാതെ ഷൈനിമോള്‍ അന്ന് തനിച്ച് അന്ത്യ യാത്രയായി. ബിബിസിയിലും മറ്റും ഈ ദുരന്തം വലിയ വാര്‍ത്തയായി മാറ്റപ്പെട്ടിരുന്നു.

അന്ന് യുകെയിലെ മലയാളി മനസ്സുകളില്‍ വലിയ ഞടുക്കമുണ്ടാക്കിയ ദാരുണ അന്ത്യമായിരുന്നു ഷൈനിമോള്‍ ജോസിന്റേത്. ഈ കഴിഞ്ഞ ഒന്നാം തീയതി ഷൈനിമോള്‍ ഓര്‍മ്മയായതിന്റെ 10-ാം വാര്‍ഷികമായിരുന്നു. പോര്‍ട്‌സ്മൗത്തില്‍ താമസിക്കുന്ന കന്നട്ടയില്‍ ജോസിന് ഇന്നും ആ സംഭവം ഒരു നെരിപ്പോടായ് നില്‍ക്കുന്നു. ജോസിന്റെ കുടുംബത്തിനുണ്ടായ ആ വലിയ ദുരന്തത്തിനുശേഷം പോര്‍ട്‌സ്മൗത്തില്‍ ഒരു മലയാളി കൂട്ടായ്മക്ക് തന്നെ രൂപം കൊടുക്കുകയുണ്ടായി.

റോണി ജോണ്‍

2013 ഫെബ്രുവരി 14ന് ആയിരുന്നു മറ്റൊരു കുട്ടനാട്ടുകാരന്റ ആകസ്മികമായ മരണം. ബര്‍മിങ്ഹാമിനടുത്ത് നോര്‍ത്ത്ഫീല്‍ഡില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്ന കാവാലം സ്വദേശി വര്‍ഗീസ് (60). കാല് വഴുതി വീടിനുള്ളില്‍ വിണ്, തലക്ക് കാര്യമായ ക്ഷതം സംഭവിച്ചതാണ് മരണ കാരണം. ഏതാനും ദിവസങ്ങള്‍ ബര്‍മിങ്ഹാം ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ആ കവാലം സ്വദേശിയും യാത്രയായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണത്തിന്റെ ധ്വംസനമേറ്റ് പിടയുവാന്‍ നിര്‍ഭാഗ്യമുണ്ടായത് ഈ ഊഴം ഒരു പനീര്‍ പൂവിനാണ്. വിടരും മുമ്പേ കൊഴിഞ്ഞു വീണു. റോണി മോന്‍ എന്ന റോണി ജോണ്‍ (14). എടത്വ ആനപ്രമ്പാല്‍ കൊച്ചുപറമ്പില്‍ റോയി തോമസ് ആന്റ് ലിസിക്കുട്ടി ദമ്പതി മളുടെ മൂത്തമകന്‍. യുകെയിലെ വേനലവധിക്കാലത്ത് കൂട്ടുകാരുമൊത്ത് വീടിനടുത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കയത്തിലേക്ക് വഴുതി വിണ റോണിയെ മരണം പിടിയിലൊതുക്കി. ഈ നാടിനെ നടുക്കിയ, യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം വിറങ്ങലിച്ച ദിനമായിരുന്നു 2014 ജൂലൈ 24 വെള്ളി. കേംബ്രിഡ്ജിനടുത്തുള്ള ഹണ്ടിംഗ്ടണില്‍ വച്ചായിരുന്നു ഈ വലിയ ദുരന്തമുണ്ടായത്.

യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു മജീഷ്യന്‍ കൂടിയായ തന്റെ പിതാവ് റോയ് കുട്ടനാടിനൊപ്പം നിരവധി സ്റ്റേജ് ഷോകളിന്‍ ഈ മിടുക്കന്‍ വിളങ്ങി നിന്നിരുന്നു. റോയിക്കും കുടുംബത്തിനും കണ്ണീരിന്റെ മായാത്ത മുദ്ര നല്‍കി, കുട്ടനാടിന്റെ ആ ചെറുമകന്‍ നിത്യതയിലേക്ക് പറന്നു പോയി. ഇവിടെയും തീരുന്നില്ല ദുഃഖ പൂരിതമായ വാര്‍ത്തകള്‍.

ബിന്‍സി ജോസ്

2015 ഒക്‌ടോബര്‍ 19 ശനി, രാവിലെ തന്നെ വാറ്റ്‌ഫോര്‍ഡില്‍ നിന്നും ആ ദുഃഖ വാര്‍ത്ത പരന്നു തുടങ്ങി. ബിന്‍സി ജോസഫ് വിടചൊല്ലി. പച്ച ചെക്കിടിക്കാട് വെണ്‍മേലില്‍ ജോസുകുട്ടിയുടെ ഭാര്യയും, മിത്രക്കരി ചൂരക്കുറ്റി – വാടപറമ്പില്‍ കുടുംബാംഗവുമായ ബിന്‍സി ജോസഫ് (40). മൂന്ന് മക്കളുടെ അമ്മ കൂടിയായ ബിന്‍സി കുറച്ച് നാളുകളായി ക്യാന്‍സര്‍ രോഗബാധിതയായി കഴിയുകയായിരുന്നു. വാറ്റ്‌ഫോര്‍ഡ് മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ട ഒരു സഹോദരിയും, പ്രവര്‍ത്തകയുമായിരുന്നു ബിന്‍സി ജോസഫ്.

ജോസ്‌കുട്ടിയെയും, പറക്കമുറ്റാത്ത മൂന്ന് മക്കളെയും വിട്ട് ബിന്‍സി അനശ്വരതയിലേയ്ക്ക് യാത്രയായി. ഇനി മടക്കമില്ലാത്ത യാത്ര. 2016 ന്റെ തുടക്കത്തിലും മരണം താണ്ഡവമാടി. കുട്ടനാടിന്‍ മക്കളെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു മരണവാര്‍ത്തകൂടി കാതിലെത്തി. സ്വാന്‍സി മോറിസണില്‍ താമസിക്കുന്ന എടത്വാ പരുമൂട്ടില്‍ കുടുംബഗമായ സാലി സെബാസ്റ്റ്യന്റെ. കുറച്ചു നാളുകളായി ക്യാന്‍സറിന്റെ പിടിയില്‍ അമര്‍ന്നിരുന്ന സാലി, ഭര്‍ത്താവ് പറപ്പള്ളില്‍ സണ്ണി സെബാസ്റ്റ്യനോടും രണ്ട് മകളോടുമൊപ്പം പത്ത് വര്‍ഷത്തിലേറെയായിരുന്നു സ്വാന്‍സിയില്‍.

സാലി സെബാസ്റ്റ്യന്‍                                                                                            ഫാ.മാര്‍ട്ടിന്‍ സേവ്യര്‍

യുകെയുടെ തെക്കന്‍ തീരത്ത് നിന്നും കൃത്യം ഒരു പതിറ്റാണ്ട് മുമ്പ് പുളിങ്കുന്ന് സ്വദേശിനി ഷൈനിമോള്‍ ജോസില്‍ തുടങ്ങിയ ദുഃഖ സാഗരം വടക്കേ തീരത്ത് വന്ന് അലതല്ലുന്നു. തീര്‍ത്തും നിഭാഗ്യമെന്നുമെന്നു തന്നെ കുറിച്ചിടട്ടെ. പുളിങ്കുന്നു സ്വദേശിയും ഷൈനിമോള്‍ ജോസിന്റെ ഇടവകാംഗവും കൂടിയാണ് ഈ കഴിഞ്ഞ വാരം മരണപ്പെട്ട ഫാ: മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ. യുകെയില്‍ നിന്നും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടനാട്ടിലെ പുളിങ്കുന്ന് നിവാസികള്‍ക്ക് താങ്ങാനാവാത്ത മറ്റൊരു ദുരന്തവാര്‍ത്ത. കാലവര്‍ഷത്തില്‍ കുതിര്‍ന്നു നില്‍ക്കുന്ന കുട്ടനാടിന് ഫാ: മാര്‍ട്ടിന്റെ അകാല വിയോഗം ഘനഭേദം കണ്ണീരും തൂവുന്നു.

 

തോമസ്‌കുട്ടി ഫ്രാന്‍സിസ്