അനുപമ എസ് ബട്ട്,  മലയാളം യുകെ ന്യൂസ് ടീം

റഷ്യ, ചൈന, നോർത്ത് കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം, അമേരിക്കയ്ക്ക് നേരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ മുഖ്യപങ്കുവഹിക്കുന്ന ഒരു രാജ്യമാണ് ഇറാൻ. അമേരിക്കയുടെ ദേശീയ സ്ഥാപനങ്ങളെ പലപ്പോഴും ഇറാൻ നോട്ടമിട്ടിരുന്നു. ഇറാൻ ഹാക്കർമാർ എപ്പോഴും അമേരിക്കയെ നേരിടുന്നതിൽ ശ്രദ്ധാലുക്കളായിരുന്നു. വിവരങ്ങൾ ചോർത്തുക എന്നത് പലപ്പോഴും ഒരു സാധാരണ സംഭവമായി മാറിയിരിന്നു. എന്നാൽ ഖാസിം സുലൈമാനിയുടെ വധത്തിനുശേഷം സ്ഥിതിഗതികൾ വഷളായി കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്ക് നേരെ എന്തു തരത്തിലുള്ള ആക്രമണവും അഴിച്ചുവിടാൻ ഇറാൻ സന്നദ്ധമാണെന്ന് പ്രതിരോധമന്ത്രി അറിയിച്ചിരുന്നു.

യുദ്ധത്തേക്കാൾ ഉപരി സൈബർ ആക്രമണങ്ങളാണ് ഇറാൻ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ഹാക്കർമാർ അമേരിക്കയുടെ ശക്തി കേന്ദ്രങ്ങൾ ആക്രമിക്കാൻ ആരംഭിക്കുകയാണ്. യുഎസ് സൈബർ സെക്യൂരിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുൻപ് 2012 ൽ ഷാമൂൺ എന്ന വൈറസ് ഇറാന്റെ സൃഷ്ടിയായിരുന്നു എന്ന അഭ്യൂഹങ്ങളും അന്ന് ഉണ്ടായിരുന്നു.

ഇറാനു നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും ഒരുമിച്ച് ചേർന്ന് നിർമ്മിച്ച സ്റ്റാസ്നെറ്റ് എന്ന വൈറസ് ഇറാന്റെ ആണവ പദ്ധതിയെ സാരമായി ബാധിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇറാന്റെ ഭാഗത്തുനിന്നും സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെന്ന കരുതലിലാണ് യുഎസ്. ഖാസിം സുലൈമാന്റെ വധത്തിന് ഇറാന്റെ ഭാഗത്തുനിന്ന് വേണ്ടതായ പ്രതികാരനടപടികൾ ഉണ്ടാകുമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി അറിയിച്ചത്.