മുന്നറിയിപ്പില്ലാതെ ജലഗതാഗത സർവീസ് നിർത്തലാക്കിയത് കുട്ടനാടൻ മേഖലയിലെ യാത്രക്കാരുടെ ക്ലേശം രൂക്ഷമാക്കുന്നു.
പായിപ്പാട്ടു നിന്ന് ആലപ്പുഴയ്ക്കും കാരിച്ചാലിൽ നിന്ന് ചങ്ങനാശേരിയിലേക്കുമുള്ള രണ്ടു ബോട്ടുകളാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിർത്തലാക്കിയത്. രണ്ടു ബോട്ടുകളും രാവിലെയും വൈകുന്നേരവുമായി രണ്ടു നേരങ്ങളിലാണ് സർവീസ് നടത്തിയിരുന്നത്. പായിപ്പാട് നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് രാവിലെ 7.45നു പുറപ്പെട്ട് രാത്രി 7.45ന് തിരികെയെത്തും. കാരിച്ചാലിൽനിന്നും സർനീസ് നടത്തുന്ന ബോട്ട് പുലർച്ചെ 5.30ന് സർവീസ് നടത്തി വൈകുന്നേരം 5.30 ന് തിരികെയെത്തിയിരുന്നതാണ്.
സർവീസ് നിർത്തലാക്കിയതോടെ കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ജലഗതാഗതത്തെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന ഉൾനാടൻ പ്രദേശങ്ങളിലെ യാത്രക്കാരും. കരഗതാഗതം സുഗമമല്ലാത്ത പ്രദേശങ്ങളിലെ ആളുകളുമാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. കുട്ടനാടൻ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ തൊഴിലാളികൾ തൊഴിൽ തേടിപോയിരുന്നതിനും മത്സ്യത്തൊഴിലാളികൾ മത്സ്യവിപണനം നടത്തുന്നതിനും യാത്രയ്ക്കായി ആശ്രയിച്ചതും ഈ ബോട്ട് സർവീസുകളെ ആയിരുന്നു.
ചെറുതന, ആയാപറന്പ്, കുറിച്ചിക്കൽ, തണ്ടപ്ര, കുന്നുമ്മ, തകഴി, പുളിങ്കുന്ന്, പുല്ലങ്ങടി, ചന്പകുളം, മങ്കൊന്പ്, കാവാലം, നെടുമുടി എന്നിവിടങ്ങളിലേക്ക് എത്താനുള്ള സർവീസുകളായിരുന്നു ഇത്. കുട്ടനാട്ടിലെ മറ്റ് സ്ഥലങ്ങളിൽ സർവീസ് നടത്താൻ ബോട്ടുകൾ ആവശ്യത്തിനില്ലാത്തതതിനാലാണ് ഈ ബോട്ടുകൾ ഇവിടെനിന്നും പിൻവലിക്കാൻ കാരണമായി അധികൃതർ പറയുന്നത്. ജില്ലയിൽ 51 ബോട്ടുകളാണുള്ളത്. മിക്കതും കാലപ്പഴക്കത്താൽ മാറ്റേണ്ട അവസ്ഥയിലുമാണ്.
ഏതെങ്കിലും ബോട്ടുകൾ പണിമുടക്കിയാൽ പകരത്തിനു രണ്ടു ബോട്ടുകൾ മാത്രമാണുള്ളത്. 14 ബോട്ടുകൾ പുതിയതായി സർവീസിന് എത്തുമെന്നാണ് അറിയുന്നത്. ഈ മാസം അഞ്ച് ബോട്ടുകൾ ആലപ്പുഴ ഡ്രൈഡോക്കിൽ നിന്നും പുറത്തിറങ്ങുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് 12 സർവീസുകളാണ് നിലവിലുള്ളത്. പുളിങ്കുന്നു ഭാഗത്തേക്ക് മൂന്ന്. കാവാലം മൂന്ന്, നെടുമുടി നാല്. എടത്വ രണ്ട് എന്നിങ്ങനെയാണ് സർവീസുകളുള്ളത്. പുതുതായി വരുന്ന ഒന്പതുബോട്ടുകളിൽ വേഗത കൂട്ടുന്നതിനുവേണ്ടി രണ്ട് എൻജിനുകളാണുള്ളത്. കൂടുതൽ യാത്രക്കാരെ ഉൾകൊള്ളാനും കഴിയും. സർവീസ് നടത്തുന്ന വലിയ ബോട്ടുകളുടെ സീറ്റംഗ് കപ്പാസിറ്റി 120 ഉം, ചെറിയ ബോട്ടിന്റേത് 75ഉം ആണ്. യാത്രക്കാർ ബോട്ടുകളിൽ കയറാനായി നിർമിച്ച ബോട്ടുജെട്ടികൾക്കായി ലക്ഷക്കണക്കിനു രൂപയാണ് നിർമാണ ചെലവ് വന്നിട്ടുള്ളത്.
ഈ ജെട്ടികളിൽ പലതും ഇന്ന് നോക്കു കുത്തികളായിരിക്കുകയാണ്. കാലപ്പഴക്കത്താൽ ഇഴഞ്ഞുനീങ്ങുന്ന ബോട്ടുകൾ നീക്കും ചെയ്ത് എൻജിൻ കപ്പാസിറ്റിയുള്ള പുതിയ ബോട്ടുകൾ സർവീസ് നടത്തിയാൽ കുട്ടനാടൻ ഭംഗി ആസ്വദിക്കാൻ വിദേശസഞ്ചാരികൾക്കൊപ്പം തദ്ദേശ സഞ്ചാരികളേയും ലഭിക്കും. അതോടൊപ്പം നിലവിലുള്ള വരുമാനത്തെ മറികടന്ന് കൂടുതൽ വരുമാനവും ലഭിക്കും.
ഒപ്പം കാർഷികമേഖലയേയും മത്സ്യമേഖലയേയും ആശ്രയിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ആശ്വാസകരവുമായിരിക്കും ബോട്ട് സർവീസുകൾ. നിർത്തലാക്കിയ ബോട്ടുസർവീസ് ഉടൻ പുനരാരംഭിക്കണമെന്നണ് യാത്രക്കാരുടെ ആവശ്യം.
Leave a Reply