മേഘക്കൂട്ടംപോൽ പറന്നിറങ്ങുന്ന കോടമഞ്ഞും ചാറ്റൽ മഴയും ഒരുപോലെ അനുഭവവേദ്യമാകുന്ന കുട്ടിക്കാനത്ത് ഇപ്പോഴിതാ നീലക്കുറിഞ്ഞിയും. തെന്നലിനു താരാട്ടായി ചാഞ്ചാടുന്ന നീലക്കുറിഞ്ഞി പൂക്കൾ കുരിശുമലയിൽ പറുദീസയൊരുക്കിയിരിക്കുന്നു.
മൂന്നാർ, നീലഗിരിക്കുന്നുകളിൽ 12 വർഷത്തിൽ ഒരിക്കൽ മാത്രം വിരിയുന്ന നീലക്കുറിഞ്ഞിയുടെ പല ഉപവിഭാഗങ്ങളാണ് കുട്ടിക്കാനം കുരിശുമലയിൽ ഇപ്പോൾ വസന്തം വിരിയിക്കുന്നത്. കുട്ടിക്കാനത്തുനിന്നു കട്ടപ്പന റൂട്ടിൽ അര കിലോമീറ്റർ പിന്നിടുന്പോൾ ഉറുന്പിക്കരയ്ക്ക് പോകുന്ന വഴി ആഷ്ലിഎസ്റ്റേറ്റ് റോഡിലൂടെ രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ കുരിശുമലയുടെ അടിവാരത്ത് എത്താം.
ഇവിടെത്തുന്പോൾതന്നെ ഹരിതാഭമാർന്ന മലനിരകളെ തൊട്ടുതലോടി മേഘ ക്കൂട്ടങ്ങൾ ഒഴുകി നടക്കുന്ന കാഴ്ചകൾ കാണാം. ഏക്കറുകണക്കിനു നീണ്ടുകിടക്കുന്ന മലകളിലാണ് നീലക്കുറിഞ്ഞി പീലിവിരിച്ചിരിക്കുന്നത്.ലോക്ക്ഡൗണ്‍ നിയന്ത്രണമുള്ളതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് അധികം ആളുകൾ കുരിശു മലയിലേക്കെത്തുന്നില്ല.
സമുദ്ര നിരപ്പിൽ നിന്നും 3800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുരിശുമലയിലെ പ്രഭാത കാഴ്ചകളും സുന്ദരമാണ്. കോടമഞ്ഞ് മാറി തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ കൊടികുത്തി മുതൽ കുട്ടിക്കാനംവരെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന കെകെ റോഡും പാഞ്ചാലിമേടും വാഗമണ്‍ കുരിശുമലയും പരുന്തുംപാറയും ഏന്തയാർ, മുണ്ടക്കയം. കാഞ്ഞിരപ്പള്ളി, പൊൻകുന്നം തുടങ്ങിയ ചെറുപട്ടണങ്ങളുടെ വിദൂര ദൃശ്യവും ഇവിടെ കാണാം.
Leave a Reply