കുവൈത്തിൽ ഫിലിപ്പീൻസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ മൂന്നു മലയാളികൾക്ക് ജീവപര്യന്തം തടവ്. കോഴിക്കോട് താമരശേരി സ്വദേശി അജിത് അഗസ്റ്റിൻ, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈൽ എന്നിവരെയാണ് കുവൈത്ത് സുപ്രീം കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് പരോൾ അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു. 2014 ഫെബ്രുവരിയിൽ കുവൈത്തിലെ ഫർവാനിയയിലായിരുന്നു സംഭവം. യുവതിയെ കൊന്നതിനു ശേഷം തെളിവു നശിപ്പിക്കാൻ ഫ്ളാറ്റിന് തീയിടുകയായിരുന്നു. ഫൊറൻസിക് പരിശോധനയിൽ തീപിടിത്തം നടന്നതിന് മൂന്നുദിവസം മുൻ‌പ് യുവതി മരണപ്പെട്ടതായി കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ സി‌വിൽ ഐഡിയും ബാങ്ക് കാർഡുമാണ് അന്വേഷണം മലയാളി യുവാക്കളിൽ എത്തിച്ചത്. പണമിടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികൾക്കെതിരെ തെളിവില്ലെന്ന കാണിച്ച് ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും നേരത്തെ പ്രതികളെ വെറുതെ വിട്ടിരുന്നു. ഈ വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.