പരിഷ്‌കരിച്ച പുതിയ വിസ നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ 1165 ഫാമിലി വിസ അപേക്ഷകൾ തള്ളി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ്.
ഫാമിലി വിസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്ത് എത്തിക്കാൻ സമർപ്പിച്ചവരുടെ അപേക്ഷയാണ് അധികൃതർ തളളിയത്. ജീവിത പങ്കാളി, 14 വയസിന് താഴെയുള്ള മക്കൾ എന്നിവർക്ക് മാത്രമാണ് ഫാമിലി വിസയിൽ രാജ്യത്ത് പ്രവേശനമുള്ളുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.
മതാപിതാക്കളെയും സഹോദരങ്ങളെയും കുവൈത്തിലേക്ക് കൊണ്ടുവരാൻ പ്രവാസികൾക്ക് ഇനി സാധിക്കില്ല. മതാപിതാക്കളെ കൊണ്ടുവരാനുള്ള അപേക്ഷയാണ് കഴിഞ്ഞ ദിവസം മന്ത്രാലയം തള്ളിയത്. ഇത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്.
പങ്കാളികളെയും മക്കളെയും കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസ അപേക്ഷയിൽ വിവാഹ, ജനന, ബിരുദ സർട്ടിഫിക്കറ്റുകൾ അതത് രാജ്യങ്ങളിലെ എംബസിയിൽ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകൾ എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. ബിരുദവും 800 ദിനാർ ശമ്പളവും ബിരുദത്തിന് അനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികൾക്ക് മാത്രം ഫാമിലി വിസ നൽകിയാൽ മതിയെന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
Leave a Reply