കുവൈറ്റില്‍ ജനസംഖ്യ സന്തുലിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള കരട് നിയമത്തിന് കുവൈറ്റ് ദേശീയ അസംബ്ലിയുടെ ഏകകണ്ഠമായ അംഗീകാരം. വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന കരട് ബില്‍ സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു.
പ്രവാസി പൗരത്വത്തിനായി മുമ്പ് നിര്‍ദ്ദേശിച്ച ക്വാട്ട സമ്പ്രദായം നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതികള്‍ അവതരിപ്പിച്ച ശേഷമാണ് പുതിയ നിയമനിര്‍മാണം പാര്‍ലമെന്റ് പാസാക്കിയത്. നിര്‍ദിഷ്ട നിയമപ്രകാരം രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തു നിന്നുമുള്ള വിദേശികളുടെ പരമാവധി എണ്ണം എന്നിവ നിര്‍ണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും.
അടുത്ത 12 മാസത്തിനുള്ളില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കണമെന്ന് നിയമം അനുശാസിക്കുന്നുവെന്ന് പ്രാദേശിക ദിനപത്രമായ കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ജനസംഖ്യാ സന്തുലനം നടപ്പിലാക്കേണ്ട നിയമപരമായ ഉത്തരവാദിത്തം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്ന വ്യവസ്ഥയോട് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് നിലവില്‍ തുടരുന്ന ജനസംഖ്യയില്‍ വിദേശി അനുപാതം കുറയക്കാനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകളാണ് കരട് നിയമത്തില്‍ ഉള്‍പ്പെടുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുളില്‍ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലിന്റെ സുപ്രധാന ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിലെ എല്ലാ പ്രവാസി ജോലികളും മാറ്റിസ്ഥാപിക്കാന്‍ കുവൈറ്റ് എംപിമാര്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷനിലെയും (കെപിസി) അനുബന്ധ സ്ഥാപനങ്ങളിലെയും പ്രവാസികളുടെ തൊഴില്‍ 2020-21 വര്‍ഷത്തേക്ക് നിരോധിക്കുമെന്ന് ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ പ്രവാസി ജോലിക്കാരെയും ഉടന്‍ പിരിച്ചുവിട്ട് പകരം കുവൈറ്റികളെ നിയമിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയും മെയ് മാസത്തില്‍ അറിയിച്ചിരുന്നു. അതേസമയം വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നതിനെതിരെ വിവിധ മേഖലകളില്‍ നിന്നും എതിര്‍ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
Leave a Reply