ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ധനകാര്യ മന്ത്രി ക്വാസി ക്വാർട്ടെങിനെ പുറത്താക്കിയതായുള്ള തീരുമാനം അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ലിസ് ട്രെസ്സ്. അതോടൊപ്പം സാമ്പത്തിക രംഗത്തെ ഉദ്ദേജിപ്പിക്കുന്നതിനായി മുൻപ് പ്രഖ്യാപിച്ച ടാക്സുകൾ കുറയ്ക്കുവാനുള്ള തീരുമാനം പിൻവലിക്കുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിലുള്ള സാമ്പത്തിക രംഗത്തെ ഉത്തേജിപ്പി ക്കുന്നതിനായി സെപ്റ്റംബർ 23 നാണ് ധനമന്ത്രിയായിരുന്ന ക്വാർട്ടെങ്ങ് ടാക്സുകൾ കുറയ്ക്കുവാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനത്തോട് വാണിജ്യ സമൂഹവും വിപണിയും ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കൈവരിക്കുന്നതിനു വേണ്ടിയുള്ള തന്റെ ദൗത്യം നിറവേറ്റുവാൻ പ്രധാനമന്ത്രിയായി തുടരുമെന്ന് ലിസ് ട്രെസ്സ് ഉറപ്പിച്ചു പറഞ്ഞു. യുഎസ് ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങിയെത്തിയ പ്രധാനമന്ത്രി ക്വാസി ക്വാർട്ടെങിനെ സ്ഥാനത്തു നിന്നും പുറത്താക്കിയ ശേഷമാണ് എട്ട് മിനിറ്റ് നീണ്ട വാർത്താ സമ്മേളനം നടത്തിയത്. ചില ടോറി എംപിമാർ തന്നെ വാർത്താ സമ്മേളനത്തെത്തുടർന്ന് പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ ആരോഗ്യമന്ത്രിയായിരുന്ന ജെറെമി ഹണ്ടിനെ പുതിയ ധനമന്ത്രിയായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും പുതിയ സാമ്പത്തിക പദ്ധതികൾ ഈ മാസം അവസാനം പുതിയ ചാൻസലർ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു.