ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റാഫോർഡ്ഷെയറിലെ കൗമാരക്കാരനായ ജോ ആണ് കാർ ആക്സിഡന്റിനെ തുടർന്ന് കഴിഞ്ഞവർഷം മാർച്ച് ഒന്നിന് ബോധം നഷ്ടപ്പെട്ട് കോമയിൽ ആയത്. അതിനിടയിൽ ഒരു കുഞ്ഞു വൈറസ് ലോകത്തെ ഒട്ടാകെ മാറ്റിമറിച്ച വിവരം അവൻ അറിഞ്ഞിരുന്നില്ല. രണ്ടുപ്രാവശ്യം കൊറോണ ബാധിച്ച ജോ കോമയിൽ ആയിരിക്കെ തന്നെ ചികിത്സയിലായിരുന്നു. നീണ്ട ഉറക്കത്തിന് ശേഷം ഉണർന്നെണീറ്റ ജോ യോട് കൊറോണയെപ്പറ്റി എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന അങ്കലാപ്പിലാണ് കുടുംബം.

അപകടത്തിലാകും മുൻപ് മികച്ച കായികക്ഷമത ഉള്ള പയ്യനായിരുന്നു ജോ. തലച്ചോറിനേറ്റ ആഘാതം മൂലം കോമയിൽ ആയതിനെ തുടർന്ന് കുടുംബം മുഴുവൻ സ്നേഹ പരിചരണങ്ങളുമായി അവന്റെ ചുറ്റിനുമുണ്ടായിരുന്നു. ജോയുടെ ആന്റി പറയുന്നു ” ചെറിയ മാറ്റങ്ങളാണ് അവനിൽ ഉണ്ടായിരിക്കുന്നത്, കഴിഞ്ഞദിവസം കൈ ഉയർത്തി നേഴ്സിന് ഹൈ ഫൈ കൊടുത്തു. ഇതൊക്കെ വലിയ ചുവടുവെപ്പുകൾ ആണ്. ആദ്യ ലോക്ക്ഡൗണിനു മുൻപ് ഉറക്കത്തിൽ പ്രവേശിച്ചതാണ് കുട്ടി, ആശുപത്രികൾ നിറഞ്ഞിരിക്കുന്നതും സൂപ്പർമാർക്കറ്റുകൾ അടച്ചിരിക്കുന്നതും, തെരുവുകൾ വിജനമായതും എന്തുകൊണ്ടെന്ന് അവനു മനസ്സിലാക്കി കൊടുക്കണം.

11 മാസം ഉറങ്ങിയ ഒരു വ്യക്തിയോട് ഇത്രയൊക്കെ പറയുന്നത് ഏത് രീതിയിൽ അവൻ സ്വീകരിക്കും എന്നു പറയാനാവില്ല. ആദ്യമാദ്യം കണ്ണുകൾ തുറന്നെങ്കിലും ഞങ്ങൾ പറയുന്നതിനോട് പ്രതികരിക്കാൻ അവന് ആകുമായിരുന്നില്ല. പിന്നീടാണ് കണ്ണുചിമ്മിയും മുഖം കോടിയും പ്രതികരിച്ചു തുടങ്ങിയത്. ഇപ്പോൾ നിർദേശങ്ങൾക്ക് അനുസരിച്ച് കയ്യും കാലും ചലിപ്പിക്കാൻ ആവുന്നുണ്ട്. അവന് പഴയ സ്ഥിതി വീണ്ടെടുക്കാൻ ആവും. ചുറുചുറുക്കോടെ അവൻ തിരിച്ചുവരും ” അവർ പ്രത്യാശിക്കുന്നു.