ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടര്‍ച്ചയായ രണ്ടാംജയം. 28 റണ്‍സിന് കിങ്സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചു. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 190 റണ്‍സിന് പുറത്തായി. ആന്ദ്രെ റസലിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് നൈറ്റ്റൈഡേഴ്സിന്റെ ജയം അനായാസമാക്കിയത്. കൊല്‍ക്കത്ത ഐപിഎല്ലില്‍ ഈഡന്‍ഗാര്‍ഡന്‍സിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചു.
കളി സ്വന്തം മൈതാനത്താണെന്നു കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ നൈറ്റ് റൈഡേഴ്സ്. തലങ്ങും വിലങ്ങും എതിരാളികളെ തല്ലിച്ചതച്ചു കൊല്‍ക്കത്തക്കാര്‍. 9 പന്തില്‍ 24 റണ്‍സടിച്ച് സുനില്‍ നരെയ്ന്‍ തുടക്കം ഗംഭീരമാക്കി. 34 പന്തില്‍ 7 സിക്സറും 2 ഫോറും സഹിതം 63 റണ്‍സടിച്ച നിതീഷ് റാണ സ്കോറിങ്ങിന് വേഗം കൂട്ടി.
3 റണ്‍സെടുത്ത് നില്‍ക്കെ ഷമി റസലിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തെങ്കിലും അമ്പയര്‍ നോ ബോള്‍ വിധിച്ചതോടെ ആയുസ് വീണ്ടെടുത്ത റസല്‍ പന്ത് നിരന്തരം ആരാധകര്‍ക്കിടയിലേക്ക് പറത്തിവിട്ടു. വെറും പതിനേഴ് പന്തില്‍ 5 സിക്സറും 3 ഫോറും സഹിതം 48 റണ്‍സാണ് വിന്‍ഡീസ് പവര്‍ഹൗസ് അടിച്ചെടുത്തത്. 67 റണ്‍സുമായി കളത്തില്‍ ഉറച്ചുനിന്ന ഉത്തപ്പ കൂട്ടുകാര്‍ക്ക് മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. ഗെയ്‌ല്‍ 20 റണ്‍സെടുത്തു. പുറത്താകാതെ 59 റണ്‍സെടുത്ത മില്ലറും 58 റണ്‍സെടുത്ത മായങ്കും കിണഞ്ഞു ശ്രമിച്ചെങ്കിലും പഞ്ചാബിനെ രക്ഷിക്കാനായില്ല. റസല്‍ 3 ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.
Leave a Reply