ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ പാർട്ടിയുടെ നിലപാടിനെ ചൊല്ലി ലേബർ പാർട്ടിയിൽ അമർഷം പുകയുന്നു. ഇസ്രായേൽ നടത്തുന്ന ഗാസ ഉപരോധത്തെ തുടർന്ന് ലേബർ പാർട്ടി നേതാവായ സർ കെയർ സ്റ്റാർമർ നടത്തിയ അഭിപ്രായപ്രകടനമാണ് പാർട്ടിയിൽ പ്രതിസന്ധിക്ക് വഴിവച്ചത്. ഗാസയിലേയ്ക്ക് ആവശ്യ വസ്തുക്കൾ എത്തിക്കുന്നതിന് ഉപരോധം നടത്താൻ ഇസ്രയേലിന് അധികാരമുണ്ടെന്ന സ്റ്റാർമറിന്റെ പ്രസ്താവനയാണ് പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പിന് കാരണമായത്.


പാർട്ടിക്കുള്ളിലെ പ്രതിഷേധത്തെ തുടർന്ന് സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രായേലിനുണ്ട് എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് കെയർ സ്‌റ്റാർമറിന് തന്റെ അഭിപ്രായത്തെ മയപ്പെടുത്തേണ്ടതായി വന്നു. പാർട്ടിയിൽ രൂപപ്പെട്ട പൊട്ടിത്തെറി ഒഴിവാക്കാൻ സാർ കെയർ സ്‌റ്റാർമർ പന്ത്രണ്ടോളം മുസ്ലിം എംപിമാരുമായി ഈ വിഷയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ ഇസ്രയേലിനെ പൂർണമായി പിന്തുണയ്ക്കുന്ന സമീപനമാണ് ഋഷി സുനക് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ വെടിനിർത്തലിനും സമാധാനത്തിനുമുള്ള ആഹ്വാനം യുകെയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന അഭിപ്രായം ഉള്ള ഒട്ടേറെ എംപിമാർ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ട് . പ്രധാനമന്ത്രി വെടി നിർത്തലിന് ആഹ്വാനം ചെയ്യുന്നതിന് മുമ്പ് എത്ര പാലസ്തീനികൾ മരിച്ചു വീഴുമെന്ന് കഴിഞ്ഞ ദിവസം ഷാഡോ ഇക്വാലിറ്റി മിനിസ്റ്റർ ഖുറേഷി ചോദിച്ചിരുന്നു. പാർട്ടിയുടെ നിലപാടിന്റെ പേരിൽ നിരവധി പ്രാദേശിക കൗൺസിലർമാർ രാജിവച്ചത് ലേബർ പാർട്ടി എംപിമാരെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്