സ്‌പോട്‌സ് ഡെസ്‌ക് മലയാളം യുകെ.
ലീഡ്‌സ്. മലയാളി ക്രിക്കറ്റ് താരം അനീഷ് ബാബു യോര്‍ക്ഷയര്‍ ഹോനേര്‍ഡ്‌സ് ബോര്‍ഡിന്റെ ഇരുപത് പേരടങ്ങുന്ന ലിസ്റ്റില്‍ പതിനൊന്നാമതായി ഇടം നേടി. യോർക്ഷയറിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മലയാളി യോർക്ഷയർ ഹോനേർഡ്സ് ബോർഡിൽ ഇടംപിടിക്കുന്നത്.   യോര്‍ക്ഷയര്‍ ഹോനേര്‍ഡ്‌സ് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ആയിരത്തോളം കൗണ്ടി ക്ലബ്ബുകളില്‍ കളിക്കുന്നവരില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുന്നവരാണ് ഈ നേട്ടത്തിന് അര്‍ഹരാകുന്നത്. സ്‌കിപ്പടണ്‍ ചര്‍ച്ച് ഇന്റ്റിറ്റിയൂട്ട് ക്രിക്കറ്റിന് ക്ലബ്ബിന് വേണ്ടി കളിച്ച മത്സരത്തില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 7 വിക്കറ്റെടുത്ത മിന്നും പ്രകടനമാണ് ഈ നേട്ടം കൈവരിക്കാന്‍ അനീഷിനെ സഹായിച്ചത്.

സ്‌കൂള്‍കാലഘട്ടമുതല്‍ ക്രിക്കറ്റ്കളിച്ചുതുടങ്ങിയ അനീഷ് ഹരിയാനയിലെ ഫരീദബാദില്‍ നടന്ന മാനവരചന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നടത്തിയ ടൂര്‍ണ്ണമെന്റ്മുതലാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. അതിനുശേഷം പലക്ലബുകളുടെയും ഭാഗമായി കളിച്ചിരുന്നു. ഇംഗ്ലണ്ടില്‍ വെസ്റ്റ് യോര്‍ക്ഷയറിലെ ലീഡ്‌സ് ഗ്ലാഡിയേറ്ററിന്‌വേണ്ടിയാണ് അനീഷ് ആദ്യമായി കളിച്ചത്. ആദ്യ ഓള്‍ റൗണ്ടര്‍ പ്രകടനത്തില്‍ തന്നെ അനീഷ് സെഞ്ച്വറി നേടിയിരുന്നു. ഇപ്പോള്‍ സ്‌കിപ്ടണ്‍ ചര്‍ച്ച് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നു. ബോര്‍ഡില്‍ ഇടം തേടിയതിന് പിന്നാലെ യുകെ പലനല്ല ക്രൗണ്ടി ക്രിക്കറ്റ് ക്ലബുകളും നല്ല വാഗ്ദാനങ്ങള്‍ നല്കിതുടങ്ങി.

2021 ല്‍ യുകെയിലെത്തിയ അനീഷ് കുടുംബസമേതം യോര്‍ക്ഷയറിലെ കീത്തിലിയിലാണ് താമസം. കേരളത്തില്‍ കൊല്ലം പത്തനാപുരമാണ് ജന്മദേശം.