ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഹൃദ്രോഗം, ഹൃദയാഘാതം, ആത്മഹത്യ എന്നിവ മൂലമുണ്ടാകുന്ന ജീവഹാനി കുറയ്ക്കാൻ പുതിയ മാതൃകകൾ സൃഷ്ടിക്കാൻ ഒരുങ്ങി എൻ എച്ച് എസ്. ഇത് സംബന്ധിച്ച് കെയർ സ്റ്റാർമർ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ലേബർ ഗവൺമെന്റ് 10 വർഷത്തിനുള്ളിൽ ഹൃദ്രോഗവും പക്ഷാഘാതവും മൂലമുള്ള മരണങ്ങൾ നാലിലൊന്നായി കുറയ്ക്കാനും ആത്മഹത്യാ കണക്കുകൾ അഞ്ചിനുള്ളിൽ കുറയാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത് സമൂലമായി മാറ്റം വരുത്തുക എന്നുള്ള ലക്ഷ്യത്തിന്റെ പുറത്താണ് നടപടി. എന്നാൽ അതേസമയം, ഇതിനെതിരെ ടോറി നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്.

നിലവിലുള്ള നല്ല മാറ്റങ്ങളെ കുറച്ച് കാണിക്കാൻ ലേബർ നേതൃത്വം നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്ന് പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി. ആരോഗ്യ മേഖലയിൽ ആധുനികവത്കരണം, ക്യാൻസർ രോഗത്തിന് മതിയായ ചികിത്സ ലഭ്യമാക്കൽ, വെയ്റ്റിംഗ് ലിസ്റ്റ് പരിഹരിക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളെ മുൻ നിർത്തിയാണ് സ്റ്റാർമർ പ്രസംഗം പൂർത്തിയാക്കിയത്. ടോറി സർക്കാരിന്റെ ഇനിയുള്ള കാലയളവിൽ എൻ എച്ച് എസ് വളരുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം, ലേബർ പാർട്ടിക്ക് അവസരം ജനങ്ങൾ നൽകുമെന്നും വ്യക്തമാക്കി. ജനങ്ങളുടെ ജീവിതത്തോട് യാതൊരുവിധ മമതയും പുലർത്താതെയാണ് നിലവിലെ ഭരണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

മൊത്തത്തിലുള്ള എൻഎച്ച്എസ് ബജറ്റിന്റെ അടിസ്ഥാനത്തിൽ, അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ലേബർ പാർട്ടി അതിന്റെ ഫണ്ടിംഗ് പദ്ധതികൾ തയ്യാറാക്കുമെന്ന് കെയർ സ്റ്റാർമർ പറഞ്ഞു. ഇതിന് മുന്നോടിയായി ഷുഗർ, ജങ്ക് ഭക്ഷണങ്ങൾ തുടങ്ങിയവ നിരോധിക്കാനുമാണ് ലേബർ പാർട്ടി നീക്കം. നമ്മുടെ യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്, കുട്ടികളെ വഴി തെറ്റിക്കുന്ന പരസ്യത്തിന് ശക്തമായ നിരോധനം ഏർപ്പെടുത്തേണ്ടതുണ്ട്. സാമ്പത്തികമായി മാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല എൻ എച്ച് എസ് നേരിടുന്ന പ്രശ്നങ്ങൾ എന്ന് മനസിലാക്കിയ ലേബർ പാർട്ടി, സാമൂഹിക ക്യാമ്പയിനുകളും നടത്താനുള്ള ഒരുക്കത്തിലാണ്.