മലയാളം യുകെ സ്പെഷ്യല്‍ ന്യൂസ്

ആഡംബര കാര്‍ വാങ്ങി വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിനെ വന്‍ തുക നികുതിയിനത്തില്‍ കബളിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രമുഖ സിനിമാതാരവും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വെള്ളിയാഴ്ച താരത്തിന്റെ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും. നികുതി വെട്ടിക്കുന്നതിനായി വ്യാജരേഖയുണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെയുള്ള കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അറസ്റ്റ് ഒഴിവാക്കാനാണ് താരത്തിന്റെ ശ്രമം. സുരേഷ് ഗോപിക്കെതിരെ നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് ലഭ്യമായ വിവരം.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ് സുരേഷ് ഗോപി തന്റെ ഔഡികാര്‍ രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട്ടിലെ ശ്രീ വൈകുണ്ഠത്തുള്ള സ്വന്തം ഫാം ഹൗസിലേയ്ക്ക് യാത്ര ചെയ്യാനുള്ള സൗകര്യാര്‍ത്ഥമാണ് പുതുച്ചേരിയിലെ വീട് വാടകയ്ക്ക് എടുത്തതെന്ന് കഴിഞ്ഞ ദിവസം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പം സുരേഷ് ഗോപി കോടതിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ പുതുച്ചേരിയിലെ വാടക വീട്ടില്‍ നിന്ന് തമിഴ്നാട്ടിലെ ഫാം ഹൗസിലേയ്ക്ക് 500 കിലോമീറ്ററോളം ദൂരമുണ്ട്. ഇതുകൂടാതെ തെളിവായി സമര്‍പ്പിച്ച വാടകച്ചീട്ടിലും പലതരത്തിലുള്ള പൊരുത്തക്കേടുകളുമുണ്ട്.

വെള്ളിത്തിരയില്‍ സൂപ്പര്‍ ഡയലോഗുകള്‍ കൊണ്ടും പോലീസ് വേഷം കൊണ്ടു ആരാധകരെയും പ്രേക്ഷകരെയും കോരിത്തരിപ്പിച്ച താരം യഥാര്‍ത്ഥ ജീവിതത്തില്‍ പോലീസിനെയും ജയിലുമൊക്കെ അഭിമുഖീകരിക്കേണ്ട സാഹചര്യം വന്നപ്പോള്‍ കാണിക്കുന്ന പരിഭ്രാന്തി കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. സുരേഷ് ഗോപിയെ കൂടാതെ നിരവധി പ്രമുഖര്‍ ആഡംബര്‍ കാറുകള്‍ വാങ്ങി നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാണ് അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2000 ആഡംബര കാറുകള്‍ സംസ്ഥാനത്തെ നിരത്തുകളില്‍ സജീവമാണെന്നാണ് ലഭ്യമായ വിവരം.