ബ്രെക്‌സിറ്റില്‍ സ്വീകരിക്കേണ്ട സമീപനത്തില്‍ നിര്‍ണായക ചുവടുവെയ്പ്പ് നടത്തി ലേബര്‍ കോണ്‍ഫറന്‍സ്. രണ്ടാം ഹിതപരിശോധനയ്ക്കുള്ള സാധ്യതകള്‍ തുറന്നിടണമെന്ന് വാര്‍ഷിക സമ്മേളനത്തില്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതിനായി ഒരു പബ്ലിക് വോട്ടിനു വേണ്ടിയുള്ള ക്യാംപെയിനുള്‍പ്പെടെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ പാര്‍ട്ടി പിന്തുണ നല്‍കണമെന്നാണ് തീരുമാനം. ലിവര്‍പൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഈ വിഷയത്തില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം അംഗങ്ങളും അനുകൂലമായാണ് വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ഏര്‍പ്പെടാന്‍ സാധ്യതയുള്ള ബ്രെക്‌സിറ്റ് ഡീല്‍ പൊതുജനങ്ങളുടെ അംഗീകാരത്തോടെ മാത്രമേ പാസാക്കാവൂ എന്നാണ് ലേബര്‍ പറയുന്നത്.
ഞായറാഴ്ച രാത്രി ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ നിര്‍ദേശത്തിന് പാര്‍ട്ടി അംഗങ്ങള്‍ അംഗീകാരം നല്‍കിയത്. ബ്രസല്‍സുമായി പ്രധാനമന്ത്രി എത്തിച്ചേരുന്ന കരാര്‍ പാര്‍ലമെന്റ് നിരസിക്കുകയോ ധാരണകളില്ലാത്ത ബ്രെക്‌സിറ്റ് നടപ്പാകുകയോ ചെയ്താല്‍ ഒരു പൊതുതെരഞ്ഞെടുപ്പിന് ലേബര്‍ ആവശ്യമുന്നയിക്കും. ഇത്തരമൊരു സാഹചര്യമല്ലെങ്കില്‍ ബ്രെക്‌സിറ്റ് ഡീല്‍ സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പിന് പാര്‍ട്ടി ആവശ്യമുന്നയിക്കുമെന്നുമാണ് പാര്‍ട്ടിയുടെ തീരുമാനം. സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും തൊഴിലാളികള്‍ക്കും അനുകൂലമായ ധാരണയുണ്ടാക്കുമെന്ന ആത്മവിശ്വാസം ഗവണ്‍മെന്റിനുണ്ടെങ്കില്‍ അത് പൊതുജനങ്ങളുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നതില്‍ ആശങ്കയെന്തിനാണെന്നും ലേബര്‍ ചോദിക്കുന്നു.
ഈ വിഷയം അവതരിപ്പിച്ച ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമറിനെ എഴുന്നേറ്റ് നിന്നാണ് സമ്മേളന പ്രതിനിധികള്‍ അനുമോദിച്ചത്. എന്നാല്‍ ഈ നിര്‍ദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹിതപരിശോധന നടത്തുകയാണെങ്കില്‍ അത് ബ്രെക്‌സിറ്റ് ഡീല്‍ സംബന്ധിച്ച് മാത്രമായിരിക്കണമെന്നും 2016ലെ ഹിതപരിശോധനാ ഫലത്തില്‍ നിന്ന് പിന്നോട്ടു പോകാനുള്ളതായിരിക്കരുതെന്നും യുണൈറ്റ് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സ്റ്റീവ് ടേര്‍ണര്‍ പറഞ്ഞു.
Leave a Reply