ലണ്ടന്‍: എന്‍എച്ച്എസിലേക്ക് നിയമനങ്ങള്‍ നടത്തുന്ന എന്‍എച്ച്എസ് പ്രൊഫഷണല്‍സ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ അന്വേഷണം വേണമെന്ന് ലേബര്‍. നിയമനങ്ങളില്‍ ആശുപത്രികള്‍ക്ക് 70 മില്യന്‍ പൗണ്ട് എങ്കിലും ലാഭമുണ്ടാക്കാന്‍ സഹായിക്കുന്ന സ്ഥാപനമാണ് ഇതെന്നും അതുകൊണ്ടുതന്നെ എന്‍എച്ച്എസ്പി പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും ലേബര്‍ പറഞ്ഞു. ജീവനക്കാരുടെ കുറവ് പരിഹരിച്ചുകൊണ്ട് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വിന്യസിക്കുന്നതാണ് ഈ സ്ഥാപനത്തിന്റെ ചുമതല.

ഇത്രയും ലാഭകരവും ഫലപ്രദവുമായി നടന്നുപോകുന്ന കമ്പനിയെ സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ശ്രമിക്കുന്നതിന്റെ കാരണമെന്താണെന്ന് അന്വേഷിക്കണമെന്ന് ലേബര്‍ നാഷണല്‍ ഓഡിറ്റ് ഓഫീസിനോട് ആവശ്യപ്പെട്ടു. പൊതുമേഖലയില്‍ത്തന്നെ സ്ഥാപനം നില്‍നിര്‍ത്തണമെന്നും അത് എന്‍എച്ച്എസില്‍ നിലവിലുള്ള ജീവനക്കാരുടെ കുറവു മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ അത്യാവശ്യമാണെന്നും ഷാഡോ ഹെല്‍ത്ത് മിനിസ്റ്റര്‍ ജസ്റ്റിന്‍ മാഡേഴ്‌സ് പറഞ്ഞു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സര്‍ ആംയാസ് മോഴ്‌സിന് എഴുതിയ കത്തിലാണ് ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചത്.

വില്‍പ്പന പൂര്‍ത്തിയാകുന്നതിനു മുമ്പ് സിഎജി ഇതില്‍ ഇടപെടണെന്നും അടുത്ത മാസത്തോടെ വില്‍പന നടപടികള്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. പ്രൈവറ്റ് ഏജന്‍സികള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ എന്‍എച്ച്എസ്പി ജീവനക്കാരെ എത്തിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ സംവിധാനത്തെ സ്വകാര്യവല്‍ക്കരിച്ചാല്‍ എന്ത് അധിക സേവനമായിരിക്കും നല്‍കാന്‍ കഴിയുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വിചാരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ലേബര്‍ ആവശ്യപ്പെടുന്നു.