ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൽഫോർഡ് സൗത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലേബർ എംപിയായ ജാസ് അത്‌വാളിനെതിരെ ആരോപണം. അറ്റകുറ്റപണികൾ ആവശ്യമായുള്ള ഫ്ലാറ്റുകൾ എംപി വാടകയ്ക്ക് കൊടുക്കുന്നതായാണ് ആരോപണങ്ങളിൽ പറയുന്നത്. ഈ ഫ്ലാറ്റുകളിൽ കറുത്ത പൂപ്പലും ഉറുമ്പ് ശല്യം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടെന്നും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.
പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് ജാസ് അത്‌വാൾ 15 ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകുന്നുണ്ട്. ഇവയിൽ പകുതിയോളം വാടകക്കാരും പൂപ്പൽ തുടങ്ങിയ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഫ്ലാറ്റുകളിൽ പലതിലും ഉറുമ്പുകളുടെ ശല്യം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും ഉറുമ്പുകൾ നശിപ്പിക്കുന്നത് ഇപ്പോൾ നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് ഒരാൾ പ്രതികരിച്ചു. ഫ്ലാറ്റിനെ കുറിച്ചോ ക്ലെയിം ചെയ്ത ആനുകൂല്യങ്ങളെ കുറിച്ചോ പരാതിപ്പെട്ടാൽ താമസ സ്ഥലത്ത് നിന്ന് കുടിയൊഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഒരാൾ പറഞ്ഞൂ. അതേസമയം 60 കാരനായ എംപി തനിക്കെതിരെ വന്ന ആരോപണങ്ങൾ എല്ലാം തന്നെ നിഷേധിച്ചു. തൻെറ ഫ്ലാറ്റുകൾ ഒരു ഏജൻസിയാണ് നോക്കി നടത്തുന്നതെന്നും ജാസ് അത്‌വാൾ പ്രതികരിച്ചു.
റെഡ്ബ്രിഡ്ജ് കൗൺസിൽ വെബ്‌സൈറ്റ് അനുസരിച്ച്, അത്‌വാളിന് ഏഴ് പ്രോപ്പർട്ടികളുള്ള തൻ്റെ ബ്ലോക്ക് വാടകയ്‌ക്കെടുക്കാൻ ഒരു സെലക്ടീവ് പ്രോപ്പർട്ടി ലൈസൻസ് ആവശ്യമാണ്. എന്നാൽ പബ്ലിക് രജിസ്റ്ററിൽ അത്തരമൊരു ലൈസൻസിൻ്റെ തെളിവുകളൊന്നും ബിബിസിക്ക് കണ്ടെത്താൻ ആയിട്ടില്ല. ലേബർ പാർട്ടിയുടെ 2024 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സ്വകാര്യ വാടകക്കാരോടുള്ള ചൂഷണവും വിവേചനവും തടയുമെന്ന് വാഗ്ദാനം ചെയ്‌തിരുന്നു.
Leave a Reply