ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമ്പോൾ റെയിൽവേയിൽ കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് ലേബർ പാർട്ടി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ റെയിൽവേ സംവിധാനം പൂർണ്ണമായും ദേശസാത്കരിക്കുമെന്നുള്ളതാണ് ഇതിൽ പ്രധാനപ്പെട്ടത്. ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ചിലവുകൾ കുറയുമെന്നതും പ്രഖ്യാപിത നയമാണ്.
സ്വകാര്യ കമ്പനികളുടെ നിലവിലുള്ള കോൺട്രാക്ട് തീരുന്ന മുറയ്ക്ക് എല്ലാ പാസഞ്ചർ റെയിൽവേകളും ഗ്രേറ്റ് ബ്രിട്ടീഷ് റെയിൽവേയും ഉടമസ്ഥതയിൽ കൊണ്ടുവരാനാണ് ലേബർ പാർട്ടിയുടെ പദ്ധതി. റെയിൽവേയുടെ നടത്തിപ്പ് സൂക്ഷ്മമായി പരിശോധിക്കാൻ പാസഞ്ചർ സ്റ്റാൻഡേർഡ് അതോറിറ്റി രൂപവൽക്കരിക്കാനും പദ്ധതിയുണ്ട് . കുറഞ്ഞ ടിക്കറ്റ് നിരക്കിനൊപ്പം ട്രെയിൻ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്താൽ പണം തിരിച്ചു കിട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായ നടപടി ഉണ്ടാകുമെന്ന് പാർട്ടി അറിയിച്ചു.
റെയിൽവേയുടെ നവീകരണത്തിന്റെ ഭാഗമായി ലേബർ പാർട്ടി നടത്തിയ വാഗ്ദാനങ്ങൾ വൻ ജന സ്വീകാര്യത നേടുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ട്രെയിനുകൾ റദ്ദാക്കുകയും ട്രെയിൻ യാത്രയിൽ ഇൻറർനെറ്റിന്റെ അഭാവം മൂലം ജോലി ചെയ്യാൻ സാധിക്കാത്തതിന്റെ പേരിലും ഒട്ടേറെ പേരാണ് നിലവിലെ സംവിധാനത്തിനെതിരെ പരാതികൾ ഉന്നയിക്കുന്നത്. റെയിൽവേ പരിഷ്കരണത്തിന് മുൻഗണന നൽകാനുള്ള ലേബർ പാർട്ടിയുടെ നീക്കത്തിന് യൂണിയനുകളുടെ ഇടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് .
Leave a Reply